ഇ.കെ.നായനാരുടെ പ്രചാരണച്ചുമതല, വിഎസിന്റെ വലംകൈയായി മലമ്പുഴയിൽ; ഇനി ഔദ്യോഗിക എംഎൽഎ
Mail This Article
മലമ്പുഴ∙ വിഐപി മണ്ഡലമായ മലമ്പുഴയിൽ നിന്നു ജയിച്ചുപോയവർ മുഖ്യമന്ത്രിയും മന്ത്രിയും പ്രതിപക്ഷ നേതാവുമായി മാറിയപ്പോൾ ജനങ്ങൾക്കൊപ്പം നിന്നു പ്രവർത്തിച്ച, മണ്ഡലത്തിലെ അനൗദ്യോഗിക എംഎൽഎ ആയിരുന്നു എ. പ്രഭാകരൻ.1969ൽ വി.കൃഷ്ണദാസിന്റെയും 1977ൽ പി.വി.കുഞ്ഞിരാമന്റെയും 1980ൽ ഇ.കെ.നായനാരുടെയും 1987ലും 1996ലും ടി. ശിവദാസമേനോന്റെയും പ്രചാരണച്ചുമതല എ. പ്രഭാകരനായിരുന്നു. 2001, 2006, 2011 തിരഞ്ഞെടുപ്പിൽ വിഎസിന്റെ വലംകൈയായി മണ്ഡലത്തിൽ പ്രവർത്തിച്ചു.മരുതറോഡ്, പുത്തൻവീട്ടിൽ അപ്പുക്കുട്ടന്റെയും കാളുക്കുട്ടിയുടെയും മകനായി 1952 മേയ് 15ന് ജനനം. വിക്ടോറിയ കോളജിൽ നിന്നു ബിഎ.
സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം, സിപിഎം ജില്ലാ കമ്മിറ്റിയംഗം, കേരള ബാങ്ക് ഡയറക്ടർ, ടോഡി വെൽഫെയർ ബോർഡ് അംഗം എന്നീ ചുമതലകൾ വഹിക്കുന്നു. ഡിവൈഎഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറി, മരുതറോഡ് പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. മൂന്നുതവണ സിഐടിയു ജില്ലാ സെക്രട്ടറിയും രണ്ടു തവണ പ്രസിഡന്റുമായിരുന്നു. മരുതറോഡ് ക്ഷീരസഹകരണ സംഘം പ്രസിഡന്റ്, മരുതറോഡ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. ഭാമയാണ് ഭാര്യ.