വിധി വില്ലനായിരുന്നില്ലെങ്കിൽ മമ്മിക്കുട്ടിയെ ഇന്ന് ഒരു പൊലീസ് ഓഫിസറാകുമായിരുന്നു!
Mail This Article
ഷൊർണൂർ ∙ വിധി വില്ലനായിരുന്നില്ലെങ്കിൽ ഇന്ന് ഒരു പൊലീസ് ഓഫിസറായി മമ്മിക്കുട്ടിയെ കാണാമായിരുന്നു. 1976ൽ കേരള ആംഡ് പൊലീസ് ബറ്റാലിയനിലേക്കു തിരഞ്ഞെടുക്കപ്പെട്ട മമ്മിക്കുട്ടിയെ ഒരു കമ്യൂണിസ്റ്റുകാരനായതിന്റെ പേരിൽ മാത്രം യോഗ്യതയുണ്ടായിട്ടും തഴഞ്ഞു. പിന്നീട് പാർട്ടിയായിരുന്നു അദ്ദേഹത്തിന് എല്ലാം.1952ൽ ആനക്കര പാച്ചാത്ത് മുഹമ്മദിന്റെയും ആമിനയുടെയും മകനായി ജനനം. 1979ൽ ആനക്കര പാർട്ടി ലോക്കൽ സെക്രട്ടറി. 1980 മുതൽ സിപിഎം തൃത്താല ഏരിയ സെക്രട്ടറി. പിന്നീടു ജില്ലാ കമ്മിറ്റിയിൽ.
1991ൽ ജില്ലാ സെക്രട്ടേറിയറ്റിലേക്ക്. 1985ൽ ആനക്കര പഞ്ചായത്ത് അംഗമായി. 1991ൽ തൃത്താല ഡിവിഷനിൽ നിന്നു ജില്ലാ കൗൺസിൽ അംഗമായി. 1995ൽ ആനക്കര ഡിവിഷനിൽ നിന്നു ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്തേക്ക്. 2000ൽ അനങ്ങനടി ഡിവിഷനിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ജില്ലാ പഞ്ചായത്ത് ഉപാധ്യക്ഷ സ്ഥാനം. 2013ൽ ഒറ്റപ്പാലം കാർഷിക വികസന ബാങ്ക് പ്രസിഡന്റും 2015ൽ താലൂക്ക് രൂപീകരണത്തിനു ശേഷം നിലവിൽ വന്ന പട്ടാമ്പി കാർഷിക വികസന ബാങ്കിന്റെ അധ്യക്ഷനുമായി. റിട്ട. അധ്യാപികയായ ഫാത്തിമയാണ് ഭാര്യ. അധ്യാപികയായ ഷബ്ന, എൻജിനീയറായ ഷാനിബ എന്നിവരാണു മക്കൾ.