ADVERTISEMENT

ഒറ്റപ്പാലം ∙ കേരള നിയമസഭയുടെ സ്പീക്കർ പദവിയിൽ‍ ഇതുപോലൊരു ‘തുടർഭരണം’ ഇതാദ്യം. ഒറ്റപ്പാലം എൻഎസ്എസ് കോളജിലെ പഠനകാലം മുതൽ രാഷ്ട്രീയരംഗത്തു മുൻഗാമിയും പിൻഗാമിയുമായി ഉയരങ്ങളിലേക്കു  കയറിയവരാണു പി. ശ്രീരാമകൃഷ്ണനും എം.ബി. രാജേഷും. കഴിഞ്ഞ നിയമസഭയിൽ സ്പീക്കറായിരുന്ന ശ്രീരാമകൃഷ്ണൻ, ബിരുദ വിദ്യാർഥിയായിരുന്ന കാലത്താണ് അതേ കോളജിൽ എം.ബി. രാജേഷ് പ്രീഡിഗ്രിക്കു ചേർന്നത്. രാഷ്ട്രീയജീവിതത്തിൽ രാജേഷ് ആദ്യമായി ശ്രീരാമകൃഷ്ണന്റെ പിൻഗാമിയായത് എൻഎസ്എസ് കോളജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി പദവിയിൽ.

ശ്രീരാമകൃഷ്ണൻ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റായിരുന്ന കാലത്ത് രാജേഷ് ജില്ലാ സെക്രട്ടറിയായിരുന്നു. ഇതിനുശേഷം ശ്രീരാമകൃഷ്ണൻ ഡിവൈഎഫ്എ സംസ്ഥാന സെക്രട്ടറിയായപ്പോൾ രാജേഷ് സംസ്ഥാന പ്രസിഡന്റായി.  ശ്രീരാമകൃഷ്ണൻ ഡിവൈഎഫ്ഐ ദേശീയാധ്യക്ഷ സ്ഥാനം ഒഴിഞ്ഞപ്പോൾ അതേ പദവിയിൽ പിൻഗാമിയായതും രാജേഷ്. ഇപ്പോൾ ഇരുവരും സിപിഎം സംസ്ഥാന കമ്മിറ്റി അംഗങ്ങൾ. ഏറ്റവുമൊടുവില്‍, നിയമസഭാ സ്പീക്കറുടെ പദവിയിലും തനിയാവർത്തനം. പി. ശ്രീരാമകൃഷ്ണന്റെ പിൻഗാമിയായി, എം.ബി. രാജേഷ്. ഇരുവർക്കും, വള്ളുവനാടൻ ഗ്രാമമായ ചളവറയുമായി പൈതൃക ബന്ധവുമുണ്ട്‍. ചളവറ മുണ്ടക്കോട്ടുകുർശിയിലായിരുന്നു ശ്രീരാമകൃഷ്ണന്റെ അച്ഛന്റെ തറവാടായ പുറയത്തുവീട്.

ഇവിടെനിന്നു താവഴി പിരിഞ്ഞു പെരിന്തൽമണ്ണയിലെത്തുകയായിരുന്നു കുടുംബം. രാജേഷിന്റെ ജന്മനാടും ചളവറ തന്നെ. കൗതുകം തീരുന്നില്ല. ഇരുവരുടെയും പെൺമക്കൾക്ക് ഒരേ പേരാണ്: നിരഞ്ജന. രാജേഷ് ഇളയ മകൾക്കു പ്രിയദത്തയെന്നും ശ്രീരാമകൃഷ്ണൻ മകനു പ്രിയരഞ്ജൻ എന്നും പേരിട്ടു. ഇതൊന്നും പറഞ്ഞുറപ്പിച്ചതല്ല, തികച്ചും യാദൃച്ഛികം. കേരളത്തിൽ ത്രിതല പഞ്ചായത്ത് സംവിധാനം പ്രാബല്യത്തിലായ 1995ല്‍ ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്തിലേക്കായിരുന്നു എം.ബി. രാജേഷ് ആദ്യമായി ജനവിധി തേടിയ തിരഞ്ഞെടുപ്പും വിജയവും. നിയമബിരുദം നേടിയ ശേഷം അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങിയതും ഒറ്റപ്പാലത്ത്.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com