ADVERTISEMENT

ലോകത്തെ ഭൂഗർഭ അണക്കെട്ടുകളുടെ ചരിത്രം തിരഞ്ഞാൽ വിക്കിപീഡിയ വഴികാട്ടുന്നതു ജപ്പാനിലേക്കായിരിക്കും. മിയാകൊജിമയിലെ ഫുകുസാറ്റോ: 1974ൽ വിഭാവനം ചെയ്ത്, 1996ൽ പൂർത്തിയാക്കിയ ഭൂഗർഭ അണക്കെട്ട്. പക്ഷേ, കേരളത്തിലെ (ഒരുപക്ഷേ, ഇന്ത്യയിലെയും) ആദ്യത്തെ ഭൂഗർഭ അണക്കെട്ടിനു ഫുകുസാറ്റോയേക്കാൾ പഴക്കമുണ്ട്. ഒറ്റപ്പാലത്തുകാരൻ ഇ.പി. മാധവൻ നായർ 1962ൽ വിഭാവനം ചെയ്തു 1964ൽ പൂർത്തിയാക്കിയ ഡാം. 

പാലപ്പുറത്ത് ഇപി വ്യവസായ–കാർഷിക എസ്റ്റേറ്റിൽ സർക്കാരിന്റെയോ സാങ്കേതിക വിദഗ്ധരുടെയോ സഹായമില്ലാതെയാണു മാധവൻനായർ അണക്കെട്ട് നിർമിച്ചത്. എസ്റ്റേറ്റിൽ മൂന്നു പൂവൽ നെൽക്കൃഷി സാധ്യമാക്കലായിരുന്നു ലക്ഷ്യം. അക്കാലത്തു രാജസ്ഥാനിൽനിന്നും സ്വീഡനിൽനിന്നുമൊക്കെ വിദഗ്ധ സംഘങ്ങൾ ഈ ഡാമിനെക്കുറിച്ചു കേട്ടറിഞ്ഞ് ഒറ്റപ്പാലത്തെത്തിയിരുന്നു. ഹരിത വിപ്ലവത്തിന്റെ പിതാവെന്നു വിശേഷിപ്പിക്കപ്പെ‌ടുന്ന എം.എസ്. സ്വാമിനാഥൻ 3 തവണ  മാധവൻ നായരുടെ എസ്റ്റേറ്റ് സന്ദർശിച്ചു. 

എ‌ട്ടാം ക്ലാസിൽ തോറ്റ കുട്ടി

എരാണ്ടത്തു പുത്തൻവീട്ടിൽ മാധവൻനായർ എ‌ട്ടാം ക്ലാസിൽ തോറ്റ കുട്ടിയായിരുന്നു. പഠിപ്പുനിർത്തി തീപ്പെ‌ട്ടിക്കമ്പനിയിൽ പണിക്കാരനായി. പിൽക്കാലത്തു പ്രശസ്ത വ്യവസായിയായി വളർന്ന ജീവിതത്തിൽ ഒരു ശാസ്ത്രജ്ഞന്റെ മനസ്സോടെ ന‌‌‌ടത്തിയ പരീക്ഷണങ്ങളിലൊക്കെയും നൂറിൽ 100 മാർക്ക് നേടി ജയിച്ചു. കാർഷികരംഗത്തു നടത്തിയ പരീക്ഷണങ്ങളിൽ 20 ഇനം നെൽവിത്തുകൾ  വികസിപ്പിച്ചെടുത്തു. ഒറ്റപ്പാലം എന്ന സ്ഥലനാമത്തിന്റെ ചുരുക്കപ്പേരായ ‘ഒടിപി’ എന്ന പേരിലായിരുന്നു വിത്തുകൾ. ‘ഒടിപി 9’ ആയിരുന്നു വിത്തുൽപാദന പരീക്ഷണങ്ങളിൽ ഒന്നാം സ്ഥാനത്ത്. അദ്ദേഹം തുടങ്ങിവച്ച ടയർ കമ്പനിയും പ്ലൈവുഡ് കമ്പനിയുമൊക്കെ അക്കാലത്തു നാടിനു പുതുമയായിരുന്നു. 

പ്ലൈവുഡ്  നിർമാണം

അമ്മാവൻ ഇ.പി. രാമൻ നായരുടെ തീപ്പെട്ടിക്കമ്പനിയിൽ 15 രൂപ ശമ്പളക്കാരനായിരിക്കെയാണ് മാധവൻനായർ 50 രൂപ വായ്പ മൂലധനമാക്കി പ്ലൈവുഡ് നിർമാണം തുടങ്ങുന്നത്. അക്കാലത്തു തെക്കേ ഇന്ത്യയിൽ പ്ലൈവുഡ് നിർമിച്ചിരുന്നതു കല്ലായി സ്റ്റാൻഡേർഡ് ഫർണിച്ചർ കമ്പനി മാത്രമായിരുന്നു. പകൽ തീപ്പെട്ടിക്കമ്പനിയിൽ തൊഴിലാളിയും രാത്രി പ്ലൈവുഡ് ഉപയോഗിച്ചു ചായപ്പെട്ടികളുടെ നിർമാണവും. രാജ്യത്തെ പ്രമുഖ തേയിലക്കമ്പനികൾ ഉൽപന്നങ്ങളുടെ കയറ്റുമതിക്കു മാധവൻ നായരുടെ പ്ലൈവുഡ് പെട്ടികൾക്കായി കാത്തുനിന്നിരുന്ന കാലം അദ്ദേഹത്തിന്റെ ഓർമക്കുറിപ്പിലുണ്ട്. 

‘ഇ.പി. സഹോദരൻമാർ’ എന്നറിയപ്പെട്ടിരുന്ന മാധവൻ നായരും അച്യുതൻ നായരും അമ്മയുടെ പേരിൽ സ്ഥാപിച്ചതാണ് ഒറ്റപ്പാലത്തെ ആദ്യ സിനിമാ തിയറ്റർ. ഒറ്റപ്പാലത്തെ ആദ്യ കോൺക്രീറ്റ് കെട്ടിടവും 1954ൽ നിർമിച്ച ലക്ഷ്മി പിക്ചർ പാലസിന്റേതാണ്. ഉൽസവപ്പറമ്പുകളിൽ ഗുരുവായൂരപ്പന്റെ പ്രതിരൂപമായി ആദരമേറ്റുവാങ്ങിയ പ്രശസ്തനായ ഗുരുവായൂർ പത്മനാഭനെ നടയ്ക്കിരുത്തിയത് ഇപി സഹോദരന്മാരാണ്. 

‘സിംഹം’ 

1961ൽ പാലപ്പുറത്ത് സ്ഥലം വാങ്ങി വ്യവസായ–കാർഷിക എസ്റ്റേറ്റ് സ്ഥാപിച്ച മാധവൻനായർ ‘സിംഹം’ എന്ന ലേബലിൽ തീപ്പെട്ടി  ഉൽപാദനം തുടങ്ങി. അമ്മയുടെ പേരിൽ സ്ഥാപിച്ച ചാരിറ്റബിൾ ട്രസ്റ്റിനു ‘സിംഹം’ ലേബലിന്റെ ഉടമസ്ഥാവകാശം നൽകി. ‘സിംഹം തീപ്പെട്ടി’യു‌ടെ പ്രചാരത്തിനൊപ്പം ലേബലിനു ലഭിച്ച ലാഭവിഹിതം ട്രസ്റ്റിന്റെ ആസ്തിയായി വളർന്നു.  ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ടിബി വാർഡും പീഡിയാട്രിക് വാർഡും പോസ്റ്റ് ഓപ്പറേറ്റീവ് വാർഡും ഉൾപ്പെടെയുള്ള  സൗകര്യങ്ങൾ ട്രസ്റ്റ് നൽകി. പട്ടാമ്പിയിലെ പഴയ തീപ്പെട്ടി കമ്പനി പൊളിച്ച് ആശുപത്രി പണിതു സർക്കാരിനു കൈമാറി. ലക്കിടി പ്രാഥമികാരോഗ്യ കേന്ദ്രവും ട്രസ്റ്റിന്റെ സംഭാവനയാണ്. ജോലി കിട്ടിയശേഷം പലിശയില്ലാതെ തിരിച്ചടച്ചാൽ മതിയെന്ന ഉപാധിയോടെ വിദ്യാഭ്യാസ വായ്പയും നൽകിയിരുന്നു. 

1983 ഡിസംബർ 23നു 64ാം വയസ്സിലായിരുന്നു മാധവൻ നായരുടെ വിയോഗം. ഇതിനു ശേഷം ലക്ഷ്മി ചാരിറ്റബിൾ ട്രസ്റ്റ് അദ്ദേഹത്തിന്റെ സ്മരണാർഥം തുടങ്ങിയ ചികിത്സാ സഹായധനം ആയിരക്കണക്കിനു മനുഷ്യർക്ക് ആശ്വാസം പകരുന്നു. കോവിഡ് കാലത്തു തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും  ഓക്സിജൻ സൗകര്യം വികസിപ്പിക്കാൻ അനുവദിച്ചതു 70 ലക്ഷം രൂപ. മാധവൻനായർ 6 പതിറ്റാണ്ടു മുൻപ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി കൊളുത്തിവച്ച കെടാവിളക്ക് ഒരു നാടിനു വെളിച്ചമാകുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com