ADVERTISEMENT

പാലക്കാട് ∙ നെല്ലറയിൽ ഒന്നാംവിള കൊയ്ത്തു തുടങ്ങി. നെല്ലെടുപ്പിനും ആരംഭമായി. ഇനി വേണ്ടത് തടസ്സമില്ലാത്ത സംഭരണം. ഒപ്പം സമയബന്ധിത വില വിതരണവും. ഇത്തവണ ഇതുവരെ കാര്യങ്ങളെല്ലാം സമയബന്ധിതമായി പൂർത്തീകരിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ആരംഭിച്ച നെല്ലു സംഭരണ റജിസ്ട്രേഷൻ തുടരുന്നു. മന്ത്രി ജി.ആർ. അനിലിന്റെ അധ്യക്ഷതയിൽ പാലക്കാട്ടു നടന്ന യോഗ തീരുമാന പ്രകാരം സെപ്റ്റംബർ ഒന്നിനു ജില്ലയിൽ നെല്ലെടുപ്പു തുടങ്ങി. ആദ്യം കൊയ്ത്തു കഴിഞ്ഞ പാടങ്ങളിലാണു നെല്ലെടുപ്പ്. 9 മില്ലുകളാണ് നിലവിൽ സംഭരണ രംഗത്തുള്ളത്. ഈ മില്ലുകളുടെ നെല്ലെടുപ്പു കരാർ കാലാവധി ഈ മാസം 30ന് അവസാനിക്കും. അതുവരെ സംഭരണം തടസ്സമില്ലാതെ മുന്നോട്ടുപോകും.

കൂടുതൽ മില്ലുകളുമായി ഉടൻ കരാർ 

ജില്ലയിൽ ഈ മാസം അവസാനം, ഒക്ടോബർ ആദ്യത്തോടെ കൊയ്ത്തു പൂർണതോതിലാകും. സപ്ലൈകോ സംഭരിക്കുന്നതിന്റെ 60–70% നെല്ലും പാലക്കാട്ടു നിന്നാണ്.  ഒന്നാം വിളയിൽ 60,000 കൃഷിക്കാരിൽ നിന്നായി ഒന്നരലക്ഷം മെട്രിക് ടൺ നെല്ലു സംഭരിക്കാനാകുമെന്നാണു വിലയിരുത്തൽ.

∙ ഇതിനായി കൂടുതൽ അരിമില്ലുകാരുമായി സപ്ലൈകോ കരാറിലേർപ്പെടേണ്ടതുണ്ട്. കരാർ ഒപ്പിട്ട് മില്ലുകൾക്കു പാടശേഖരങ്ങൾ അനുവദിച്ചാൽ മാത്രമേ സംഭരണം തടസ്സമില്ലാതെ മുന്നോട്ടുപോകൂ. മന്ത്രിയുമായി നടത്തിയ ചർച്ചയിലെ ധാരണകൾ രേഖാമൂലമാക്കിയാൽ നെല്ലു സംഭരണ കരാർ ഒപ്പിടുമെന്നു സ്വകാര്യ മില്ലുകാർ അറിയിച്ചിരുന്നു. ഇതനുസരിച്ചു കരാർ വ്യവസ്ഥകളായിട്ടുണ്ട്. ഇതു പരിശോധിച്ച് ധാരണകൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഉടൻ കരാർ ഒപ്പിട്ടു തുടങ്ങുമെന്ന് മില്ലുകാർ അറിയിച്ചു.  അൻപതിലധികം മില്ലുകാരാണു നെല്ലെടുപ്പിനു താൽപര്യം അറിയിച്ചിട്ടുള്ളത്.

നടപടി ഉടൻ

സ്വകാര്യ മില്ലുകാരുമായി നടത്തിയ ചർച്ചകളിലെ ധാരണകൾ സംബന്ധിച്ചു നിയമോപദേശം തേടിയതായും ഉടൻ നടപടിയെന്നും സപ്ലൈകോ അറിയിച്ചു.

∙ തീപിടിത്തം, വെള്ളപ്പൊക്കം തുടങ്ങി പ്രകൃതി ദുരന്തങ്ങൾ മൂലം നെല്ലിനുണ്ടാകുന്ന നഷ്ടം കരാറുകാരനും സപ്ലൈകോയും തുല്യമായി വഹിക്കണമെന്ന പുതിയ വ്യവസ്ഥ കരാറിലുൾപ്പെടുത്താൻ ധാരണയായിട്ടുണ്ട്.  2018 ലെ പ്രളയത്തിൽ ഗോഡൗണുകളിലെ നെല്ലു നശിച്ചതുമായി ബന്ധപ്പെട്ട തർക്കം ഇപ്പോഴും കെട്ടിടങ്ങിയിട്ടില്ല.

∙ 2 തവണ ഗുണനിലവാര പരിശോധന കഴി‍ഞ്ഞു മില്ലിൽ നിന്നു വിട്ടു നൽകുന്ന അരിയുടെ ഗുണനിലവാരം സംബന്ധിച്ച് മില്ലുകാർക്ക് ഉത്തരവാദിത്തം ഉണ്ടാകില്ലെന്നും പുതിയ ധാരണയിലുണ്ട്.

 ഉദ്യോഗസ്ഥർ എത്തിത്തുടങ്ങി

നെല്ലു സംഭരണത്തിൽ പാഡി മാ‍ർക്കറ്റിങ് ഓഫിസർമാരെ സഹായിക്കാൻ കൃഷി വകുപ്പിൽ നിന്ന് ആദ്യ ഘട്ടത്തിൽ 9 ഉദ്യോഗസ്ഥരെ നിയമിക്കുമെന്ന് ഉറപ്പ് പാലിച്ചു. ഉദ്യോഗസ്ഥർ എത്തിത്തുടങ്ങി.  നെല്ലെടുപ്പു വേഗത്തിലാക്കാൻ കരാർ അടിസ്ഥാനത്തിൽ 20 ഉദ്യോഗസ്ഥരെക്കൂടി നിയമിക്കാൻ സപ്ലൈകോ നടപടി തുടങ്ങി.   

∙ ഒക്ടോബർ ഒന്നോടെ നെല്ലു സംഭരണത്തിനു കൂടുതൽ ഉദ്യോഗസ്ഥരെത്തും.  നെൽക്കൃഷി കൂടുതലുള്ള മേഖലകളിൽ ഒരു പഞ്ചായത്തിന് ഒരു ഉദ്യോഗസ്ഥൻ തോതിൽ സംവിധാനമൊരുക്കും.  ചിറ്റൂർ, ആലത്തൂർ താലൂക്കുകളുടെ നെല്ലുസംഭരണ ചുമതലയുള്ള പാഡി മാർക്കറ്റിങ് ഓഫിസർക്ക് തൃശൂർ ജില്ലയുടെ അധികച്ചുമതല ഒഴിവാക്കി നൽകി.

∙ പാലക്കാട് താലൂക്ക് പാഡി മാർക്കറ്റിങ് ഓഫിസർക്കാണ് ഇതര മേഖലകളുടെ ചുമതല.  ജില്ലയിലേക്ക് ഒരു പാഡി മാർക്കറ്റിങ് ഓഫിസറെക്കൂടി നിയമിക്കും.

 ഉടൻ നെല്ലെടുപ്പ് ഉറപ്പാക്കണം: കൃഷിക്കാർ

കൊയ്തെടുത്ത നെല്ല് ഉടൻ സംഭരിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നാണു കൃഷിക്കാരുടെ പ്രധാന ആവശ്യം. ആവശ്യമാണിത്.

∙ ഇപ്പോഴത്തെ മഴയിൽ തന്നെ വൻ കൃഷി നാശം സംഭവിച്ചു.  ഒന്നാം വിള കൊയ്ത്തു സമയത്ത് മഴ പതിവാണ്.

∙ കൊയ്തെടുത്ത നെല്ല് ഉണക്കി സൂക്ഷിക്കാനുള്ള സൗകര്യം പരിമിതം.

∙ ഈ സാഹചര്യത്തിൽ കൊയ്ത്തു കഴിഞ്ഞ് ഒന്നോ, രണ്ടോ ദിവസത്തിനകം നെല്ലെടുപ്പ് ഉറപ്പാക്കണം.  പരമാവധി വേഗത്തിൽ സംഭരണ വിലയും ലഭ്യമാക്കണം.  കൃഷി ഓഫിസറുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ അധിക നെല്ലും സംഭരിക്കണം. ഇതെല്ലാം ഒറ്റൊറ്റ പിആർഎസിൽ രേഖപ്പെടുത്തണം. നിലവിൽ 2 പിആർഎസ് ആയാണു നൽകുന്നത്. ഇത് കാലതാമസത്തിന് ഇടയാക്കുന്നു.

 ഹാളുകൾ അനുവദിക്കണം

∙ കൊയ്ത്തു സമയത്ത് മഴയെങ്കിൽ നെല്ല് ഉണക്കി സൂക്ഷിക്കാൻ പ്രദേശത്തെ പഞ്ചായത്ത് ഹാളുകളോ, മണ്ഡപങ്ങളോ സൗജന്യമായി അനുവദിക്കണമെന്നു കൃഷിക്കാർ ∙ സ്കൂൾ തുറക്കാത്ത സാഹചര്യത്തിൽ അനിവാര്യമെങ്കിൽ സ്കൂൾ ഹാളുകളടക്കം ഇതിനായി സജ്ജമാക്കണമെന്നും ആവശ്യം.

 കൊയ്ത്ത് യന്ത്രങ്ങൾ

∙ ഒന്നാം വിള കൊയ്ത്തിനായി ഇതര സംസ്ഥാനങ്ങളിൽനിന്ന് കൊയ്ത്ത് യന്ത്രങ്ങൾ എത്തിത്തുടങ്ങി ∙ മണിക്കൂറിനു ശരാശരി 2300 രൂപയെന്നാണു ധാരണയെന്ന് ഏജന്റുമാർ പറഞ്ഞു ∙ കോവിഡ് സാഹചര്യമെങ്കിലും കൊയ്ത്തു യന്ത്ര വരവിനു വേണ്ട സൗകര്യം ഒരുക്കുന്നുണ്ട് ∙ പാലക്കാട്ടാണ് ആദ്യം കൊയ്ത്ത് ആരംഭിക്കുന്നത് എന്നതിനാ‍ൽ യന്ത്ര ലഭ്യതയ്ക്കു തടസ്സമില്ല.

വിലവിതരണം: ധാരണ

നെല്ലുവില വിതരണത്തിന് സപ്ലൈകോയും ബാങ്കുകളുമായി ധാരണയിലെത്തിത്തുടങ്ങി. പ്രധാന ബാങ്കുകളെല്ലാം വില വിതരണത്തിന് സന്നദ്ധത അറിയിച്ചിട്ടുണ്ട്. ജില്ലയിൽ കേരള ബാങ്കും വില വിതരണവുമായി കൃഷിക്കാരെ സഹായിക്കുന്നുണ്ട്.  മുൻ വർഷത്തെക്കാൾ വേഗത്തിലാണ് ഇത്തവണ നടപടി. ഇതുവരെ ശേഖരിച്ച നെല്ലിന്റെ സംഭരണ രസീത് (പിആർഎസ്) നൽകാൻ ആരംഭിച്ചു. ഇതിനനുസരിച്ചു വില വിതരണവും താമസിയാതെ ആരംഭിക്കും.

നെല്ലു സംഭരണ അപേക്ഷകളിൽ വസ്തുതാപരിശോധന നടന്നുവരുന്നു. ജില്ലയിൽ നെല്ലുസംഭരണ നടപടികൾ പുരോഗതിയിലാണ്. യോഗതീരുമാനങ്ങൾ യഥാസമയം നടപ്പാക്കും. കൊയ്ത്ത് യന്ത്ര ലഭ്യത ഉറപ്പാക്കും. നെല്ലെടുപ്പുമായി ബന്ധപ്പെട്ട് സ്വകാര്യ മില്ലുകാരുമായി സപ്ലൈകോ ഉടൻ കരാറിലൊപ്പിട്ടു തുടങ്ങും. നടപടികൾ വേഗത്തിലാക്കാൻ മന്ത്രിയുമായി ചർച്ച നടത്തും. കാലതാമസമില്ലാതെയുള്ള നെല്ലു സംഭരണം ഉറപ്പാക്കും. കെ.ഡി. പ്രസേനൻ, എംഎൽഎ ‌

കൊയ്ത്തു കഴിഞ്ഞ ഉടനെ നെല്ലെടുപ്പെന്ന രീതി ഉറപ്പാക്കണം. ഒന്നാം വിളയ്ക്കെങ്കിലും പാടത്തു നിന്നു തന്നെ നെല്ലെടുക്കുന്ന സംവിധാനം ജില്ലയിലും നടപ്പാക്കണം. മഴയത്തു നെല്ല് ഉണക്കി സൂക്ഷിക്കാനുള്ള സൗകര്യങ്ങൾ പരിമിതമാണ്. രണ്ടാം വിള കൊയ്ത്തിൽ മഴ ഉണ്ടാകില്ല. അപ്പോൾ നെല്ല് ഉണക്കി സൂക്ഷിക്കാൻ ബുദ്ധിമുട്ടില്ല. ∙ കൊയ്ത്ത് യന്ത്രങ്ങൾക്ക് ഡീസൽ സബ്സിഡി അനുവദിച്ചാ‍ൽ ജില്ലയിൽ തന്നെ ഇത്തരം സൗകര്യം വർധിപ്പിക്കാം. ∙ കൃഷിക്കാരന്റെയും കർഷകത്തൊഴിലാളികളുടെയും മക്കൾക്ക് വിദ്യാഭ്യാസ, ജോലി മേഖലകളിൽ സംവരണം ഉറപ്പാക്കണം. ∙ കൃഷിക്കാർക്ക് പലിശ രഹിത വായ്പ ലഭ്യമാക്കണം. ∙ നെല്ല് ഉണക്കി സൂക്ഷിക്കാൻ പ്രായോഗിക മാ‍ർഗങ്ങൾ നടപ്പാക്കണം. ഇല്ലെങ്കിൽ പാടത്തു നിന്നു തന്നെ നെല്ലെടുക്കണം. ഉദയകുമാർ, കർഷകൻ

നെല്ലെടുപ്പുമായി ബന്ധപ്പെട്ട കരാർ വ്യവസ്ഥകളായെന്നാണ് അറിയിപ്പ്. ഇതു ഇന്നു പരിശോധിച്ചു ധാരണ പ്രകാരമുള്ള വ്യവസ്ഥകൾ കരാറിലുണ്ടെങ്കിൽ ഉടൻ ഒപ്പിട്ടു തുടങ്ങും.  എ.സുരേന്ദ്രൻ കേരള റൈസ് മില്ലേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com