കനത്ത മഴ ദുരിതപ്പെയ്ത്തായി; പാറകളും മണ്ണും ഇടിഞ്ഞ് ചുരത്തിൽ ഗതാഗതം മുടങ്ങിയത് 10 മണിക്കൂർ
Mail This Article
മണ്ണാർക്കാട്∙ കനത്ത മഴ മണ്ണാർക്കാട് മേഖലയിൽ ദുരിതപ്പെയ്ത്തായി. അട്ടപ്പാടി ചുരത്തിൽ പാറകളും മണ്ണും ഇടിഞ്ഞ് 10 മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. കോൽപ്പാടം, ചങ്ങലീരി കോസ്‌വേകളിൽ വെള്ളം കയറി ഗതാഗതം മുടങ്ങി. കുമരംപുത്തൂർ പയ്യനെടം, തരിശ്, തെങ്കര കോൽപ്പാടം, മെഴുകുംപാറ, ചിറപ്പാടം, ആനമൂളി, കാഞ്ഞിരപ്പുഴയിലെ അമ്പംകടവ്, മണ്ണാർക്കാട് നഗരസഭയിലെ മുക്കണ്ണം ഭാഗങ്ങളിൽ വീടുകളിൽ വെള്ളം കയറി.
ഉരുൾപൊട്ടൽ ഭീഷണിയുള്ള കാഞ്ഞിരപ്പുഴ പാമ്പൻതോട് ആദിവാസി കോളനികളിലുള്ളരെ മാറ്റിപ്പാർപ്പിക്കാനുള്ള ശ്രമം തുടങ്ങി. ഇന്നലെ പുലർച്ചെ മൂന്നരയോടെയാണ് അട്ടപ്പാടി ചുരത്തിൽ 4, 7, 9 വളവുകളിൽ മണ്ണിടിച്ചിലുണ്ടായത്. ഒൻപതാം വളവിൽ വലിയ പാറകളാണ് 300 മീറ്റർ ഉയരത്തിൽനിന്നു താഴെ പതിച്ചത്. ഇതോടെ ചുരം വഴിയുള്ള ഗതാഗതം പൂർണമായും മുടങ്ങി. ഇരുചക്ര വാഹനങ്ങൾ പോലും പോകാൻ കഴിയാത്ത വിധം റോഡിൽ പാറകളും മണ്ണും നികന്നു.
പുലർച്ചെ അഞ്ചര മുതൽ അഗ്നിരക്ഷാസേന അംഗങ്ങൾക്കൊപ്പം സിവിൽ ഡിഫൻസ്, വൈറ്റ് ഗാർഡ്, പൊലീസ്, റവന്യു, പൊതുമരാമത്ത് അധികൃതർ ചേർന്നു 2 മാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് മണിക്കൂറുകൾ നീണ്ട ശ്രമഫലമായി റോഡിൽ വീണ പാറകൾ വശത്തേക്ക് മാറ്റി. ഒരു മണിയോടെ ഗതാഗതം പൂർണമായും പുനഃസ്ഥാപിച്ചു. ചുരത്തിൽ മഴ തുടരുകയാണ്.
മഴ ശക്തമായാൽ ഉരുൾപൊട്ടാനുള്ള സാധ്യത കൂടുതലാണെന്ന് അട്ടപ്പാടി തഹസിൽദാർ ആർ. വിനുരാജ് പറഞ്ഞു. മണ്ണാർക്കാട് ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫിസർ എസ്.ആർ. നന്ദകൃഷ്ണനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചുരത്തിലെ തടസ്സം നീക്കാൻ നേതൃത്വം നൽകിയത്.
അട്ടപ്പാടി ചുരത്തിന് താഴെ ദുരിത മഴ
അട്ടപ്പാടിക്കു താഴെ മഴക്കെടുതി രൂക്ഷമാണ്. കാഞ്ഞിരപ്പുഴയെയും തെങ്കരയെയും ബന്ധിപ്പിക്കുന്ന കോൽപ്പാടം കോസ്‌വേ വെള്ളത്തിലായി. ഇതുവഴിയുള്ള ഗതാഗതം നിർത്തി വച്ചു. ചങ്ങലീരി– പൊമ്പ്ര റോഡിൽ ചങ്ങലീരി കോസ്‌വേയും വെള്ളത്തിനടിയിലാണ്. ഇവിടെയും ഗതാഗതം ഇന്നലെ പുലർച്ചെ മുതൽ തടസ്സപ്പെട്ടു.
നെല്ലിപ്പുഴയിൽ ജല നിരപ്പ് ഉയർന്നതിനെ തുടർന്ന് മണ്ണാർക്കാട് നഗരസഭയിലെ കുന്തിപ്പുഴ, മുക്കണ്ണം, തെങ്കര, അമ്പംകടവ്, മെഴുകുംപാറ, കുമരംപുത്തൂർ പഞ്ചായത്തിലെ തരിശ്, വള്ളപ്പാടം, കാരാപ്പാടം, ഭാഗങ്ങളിലെ വീടുകളിൽ വെള്ളം കയറി. തെങ്കര, മെഴുകുംപാറ, കോൽപ്പാടം, അമ്പംകടവ് ഭാഗങ്ങളിലെ കൃഷികൾ വെള്ളത്തിലായി. ആനമൂളിയിലെ കെഎസ്ഇബി ജീവനക്കാരി ദിവ്യശ്രീയുടെ വീടിന്റെ മതിൽ തകർന്നു.
കുന്തിപ്പുഴ അറവക്കാട് രാധാകൃഷ്ണന്റെ വീടിന്റെയും പയ്യനെടത്തെ ദീപ സന്തോഷ് തുടങ്ങിയവരുടെ വീടുകളുടെ മതിൽ തകർന്നു. മുക്കണ്ണത്ത് നഗരസഭയുടെ തുടർ വിദ്യാ കേന്ദ്രവും സ്വകാര്യ വ്യക്തിയുടെ ഇന്റർലോക് നിർമാണ കേന്ദ്രവും വെള്ളത്തിലായി. പയ്യനെടം വെള്ളാഞ്ചീരി അസീസ്, സൽമ, അശോകൻ എന്നിവരുടെ വീടുകൾക്ക് ചുറ്റും വെള്ളക്കെട്ടായി. തെങ്കര മെഴുകുംപാറ പൊട്ടിയിലെ വെള്ളം ഗതി മാറി ഒഴുകി മെഴുകുംപാറ റോജിൻ ജോർജിന്റെ വീടിനു കേടുപാട് സംഭവിച്ചു.