കുബേര ക്ഷേത്രം സമർപ്പണം നാളെ; എന്താണ് കുബേര ടെംപിൾ ഓഫ് ഇക്കണോമിക്സ് ?
Mail This Article
വ്യക്തിഗത സാമ്പത്തിക അച്ചടക്കം പ്രോത്സാഹിപ്പിക്കാനും അതിലൂടെ സമൃദ്ധി നിറഞ്ഞ ഒരു സമൂഹത്തെ കെട്ടിപ്പടുക്കുന്നതിനുമായി ചളവറ പാലാട്ട് പാലസിനോടനുബന്ധിച്ചുള്ള കുബേര ടെംപിൾ ഓഫ് ഇക്കണോമിക്സ് (KUTECON) എന്ന കുബേര ക്ഷേത്രം നവംബർ 1ന് ഇടനീർ മഠം മഠാധിപതി സ്വാമി സച്ചിദാനന്ദ ഭാരതി പൊതുജനങ്ങൾക്കും ഭക്തജനങ്ങൾക്കുമായി സമർപ്പിക്കും.ഡോ.ടി.പി.ജയകൃഷ്ണനും പാലാട്ട് പാലസിലെ മറ്റു കുടുംബാംഗങ്ങളും ചേർന്ന് വൈകിട്ട് 4ന് പൂർണകുംഭ ബഹുമതിയോടെ സച്ചിദാനന്ദ ഭാരതി സ്വാമികളെ കുബേര ക്ഷേത്രത്തിലേക്ക് വരവേൽക്കും.
സമൃദ്ധിയും ഐശ്വര്യവും നിറഞ്ഞ ജീവിതവും സമൂഹവും എല്ലാവരുടെയും സ്വപ്നമാണ്. ധനം വ്യക്തിയുടെയും സമൂഹത്തിന്റെയും നന്മയ്ക്കും പുരോഗതിക്കും ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു വസ്തുവാണെന്ന തിരിച്ചറിവുണ്ടാക്കുകയാണ് ഈ ക്ഷേത്രത്തിലൂടെ തങ്ങൾ ലക്ഷ്യമിടുന്നതെന്നു പാലാട്ട് പാലസ് കുടുംബാംഗം ജിതിൻ ജയകൃഷ്ണൻ പറഞ്ഞു.ആധ്യാത്മികമായ മാർഗത്തിലൂടെ തന്റെയും തന്റെ സമൂഹത്തിന്റെയും ഭൗതികമായ ആവശ്യങ്ങളെ കുറിച്ചു കൃത്യമായ അവബോധം സൃഷ്ടിക്കൽ, ധർമത്തിലൂന്നിയ സമൃദ്ധി ഇവയാണ് കുബേര ടെംപിൾ ഓഫ് ഇക്കണോമിക്സിന്റെ മൂലമന്ത്രവും തത്വവും എന്ന് ജിതിൻ ജയകൃഷ്ണൻ പറഞ്ഞു.