ഇടതുവശത്തു സ്ഥലമുണ്ടായിരുന്നിട്ടും ബൈക്കിനു നേരെ കെഎസ്ആർടിസി ബസ് വെട്ടിച്ചു; ദൃക്സാക്ഷി
Mail This Article
ബൈക്കും കെഎസ്ആർടിസി ബസും തമ്മിൽ മത്സരയോട്ടത്തിൽ ആയിരുന്നോ എന്നറിയില്ലെന്നും ബസ് എന്തിനാണ് ഇടതുവശത്തു സ്ഥലമുണ്ടായിരുന്നിട്ടും ബൈക്കിനു നേരെ വെട്ടിച്ചതെന്നു മനസ്സിലാകുന്നില്ലെന്നും ദൃക്സാക്ഷി. ഇദ്ദേഹം സഞ്ചരിച്ച കാറിലെ ഡാഷ് ക്യാമറയിലാണ് അപകടത്തിന്റെ ദൃശ്യം പതിഞ്ഞത്.
‘‘ഞങ്ങളുടെ മുന്നിൽ രണ്ടു ലോറികളും ഒരു പിക്കപ് വാനും കെഎസ്ആർടിസി ബസും ഉണ്ടായിരുന്നു. ആദ്യം ഞങ്ങൾ ബൈക്ക് കണ്ടില്ല. ലോറികൾ സമാന്തരമായി നീങ്ങിയതിനാൽ പിന്നിലുള്ള വാഹനങ്ങൾക്കു കടന്നുപോകാൻ സാധിച്ചിരുന്നില്ല. ഇടതുവശത്തുള്ള ലോറി വേഗം കുറച്ചപ്പോഴാണു ബൈക്ക് ഓവർടേക്ക് ചെയ്തു കയറിയത്. തൊട്ടു പിന്നാലെ ബസും ലോറിയെ ഓവർടേക്ക് ചെയ്തു. ബസിന് ഇടതുവശത്തു ധാരാളം സ്ഥലം ഉണ്ടായിരുന്നു. പക്ഷേ, ബസ് പെട്ടെന്നു വലതുവശത്തേക്ക്, ബൈക്കിനടുത്തേക്കു വെട്ടിക്കുന്നതു കണ്ടു. ബസ് വരുന്നതു കണ്ടാകാം ബൈക്കും വലതുവശത്തേക്കു വെട്ടിച്ചു. അതോടെ ലോറിയിൽ ഇടിച്ചു. വാഹനം നിർത്തി നോക്കിയപ്പോൾ ബൈക്ക് യാത്രക്കാർ ഇരുവരും ലോറിക്കടിയിൽപെട്ട നിലയിലായിരുന്നു.’’
അപകടത്തിന്റെ ദൃശ്യങ്ങൾ സൂക്ഷിച്ചിട്ടുണ്ടെന്നും ആവശ്യപ്പെട്ടാൽ പൊലീസിനു കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. പേരു വെളിപ്പെടുത്തരുതെന്നും അദ്ദേഹം അഭ്യർഥിച്ചു.
ഡ്രൈവിങ് വലതുവശം ചേർന്ന്
പാലക്കാട് ∙ വലതുവശം ചേർന്നു സഞ്ചരിച്ച ലോറിയെ മറികടക്കുന്നതിനിടെയാണു കെഎസ്ആർടിസി ബസും ബൈക്കും അപകടത്തിൽപെട്ടത്. റോഡിൽ ഇടതുവശം ചേർന്നു മാത്രമേ വാഹനങ്ങൾ സഞ്ചരിക്കാവൂ എന്നു നിയമമുണ്ടായിരിക്കെ, ചരക്കുലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ വലതുവശത്തെ ഡിവൈഡറിനോട് ചേർന്ന് പോകുന്നത് പതിവാണ്. ഇടതുവശം ചേർന്നുപോകുമ്പോൾ വഴിയരികിലെ മരച്ചില്ലകൾ തട്ടുന്നത് ഒഴിവാക്കാനും മറ്റുമാണ് പലപ്പോഴും വലിയ വാഹനങ്ങൾ ഇങ്ങനെ ചെയ്യുന്നത്. എന്തെങ്കിലും അത്യാഹിതം സംഭവിക്കുമ്പോൾ മാത്രമാണ് ഇത്തരം വാഹനങ്ങൾ പിടികൂടാൻ പൊലീസും മോട്ടർ വാഹന വകുപ്പും പരിശോധന നടത്തുന്നത്. വാളയാർ മുതൽ ദേശീയപാതയിൽ വലതു വശം ചേർന്നുള്ള വാഹന ഡ്രൈവിങ് പതിവു കാഴ്ചയാണ്.