80 കോടിയുടെ പ്രഖ്യാപനം പാഴാകുമോ? കിഫ്ബി റോഡ് വൈകുന്നു; അട്ടപ്പാടി നിരാശയിൽ
Mail This Article
അഗളി ∙ പ്രതീക്ഷ അസ്തമിച്ചു തുടങ്ങി. കിഫ്ബിയിൽ പ്രഖ്യാപിച്ച അട്ടപ്പാടി റോഡ് നവീകരണത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് 6 വർഷം പിന്നിടുന്നു. 80 കോടി രൂപ ചെലവിൽ സംസ്ഥാനപാതയുടെ നിലവാരത്തിൽ മണ്ണാർക്കാട് നിന്ന് ആനക്കട്ടി വരെയുള്ള 53 കിലോമീറ്റർ റോഡ് നവീകരിക്കുമെന്നായിരുന്നു പ്രഖ്യാപനം. സർക്കാരിന്റെ വാക്ക് വിശ്വസിച്ചിരുന്ന അട്ടപ്പാടിക്കാർ നിരാശരാണ്. 3 ഘട്ടമായി നടത്തുമെന്നാണ് ഒടുവിൽ അധികൃതർ പറഞ്ഞത്.
ഭരണാനുമതിയും 29.53 കോടി രൂപയുടെ ധനകാര്യ അനുമതിയും ലഭിച്ച ആദ്യഘട്ടം നെല്ലിപ്പുഴ മുതൽ ആനമൂളി വരെയുള്ള 8 കിലോമീറ്റർ റോഡിന് ഇതുവരെ സാങ്കേതികാനുമതിയായിട്ടില്ല. കടലാസു പണികൾ പൂർത്തിയാക്കി ഫയൽ ഈയാഴ്ച സാങ്കേതികാനുമതിക്കു സമർപ്പിക്കുമെന്നാണ് അധികൃതർ പറയുന്നത്. ഒന്നര വർഷം മുൻപു ഭരണാനുമതി ലഭിച്ച പ്രവൃത്തിയാണ് ഒന്നാം ഘട്ടത്തിലേത്. രണ്ടാം ഘട്ടം അട്ടപ്പാടി ചുരം പാതയാണ്. വനം വകുപ്പ് തടസ്സപ്പെടുത്തുവെന്നായിരുന്നു കാലതാമസത്തിന്റെ കാരണം പറഞ്ഞിരുന്നത്.
നിലവിലെ റോഡിന്റെ സ്ഥലം പൂർണമായി ഉപയോഗപ്പെടുത്താൻ തടസ്സമില്ലെന്നു വനം അധികൃതർ അറിയിച്ചിട്ടുണ്ട്.ഈ ഭാഗത്തിന്റെ ഡിപിആർ (വിശദ പദ്ധതി രേഖ) ഉടൻ സമർപ്പിക്കുമെന്നാണു ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നത്. മുക്കാലി മുതൽ ആനക്കട്ടി വരെയുള്ള മൂന്നാം ഘട്ടത്തിന്റെ ഡിപിആർ സമർപ്പിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.നിലവിലെ വേഗത്തിലാണു കാര്യങ്ങളെങ്കിൽ നല്ല റോഡിലൂടെ യാത്ര ചെയ്യാൻ അട്ടപ്പാടിക്കാർ വർഷങ്ങൾ കാത്തിരിക്കേണ്ടി വരും.
ചുരം റോഡിന്റെ അറ്റകുറ്റപ്പണി പൂർത്തിയാക്കി
അഗളി ∙ കിഫ്ബിയിലെ പണികൾ വൈകുന്ന സാഹചര്യത്തിൽ, താറുമാറായ ചുരം റോഡ് 50 ലക്ഷം രൂപ ചെലവിട്ടു മരാമത്ത് വകുപ്പ് അറ്റകുറ്റപ്പണി പൂർത്തിയാക്കി. നേരത്തെ അനുവദിച്ച രണ്ടരക്കോടി രൂപയുടെ പാർശ്വഭിത്തി സംരക്ഷണം അവസാനഘട്ടത്തിലാണ്. ആനക്കട്ടി വരെയുള്ള ഭാഗം അറ്റകുറ്റപ്പണി നടത്താൻ 180 ലക്ഷം രൂപയുടെ പ്രവൃത്തി ടെൻഡർ നടപടികൾ പൂർത്തിയായതായി കെആർഎഫ്ബി അധികൃതർ അറിയിച്ചു.