ദേശീയപാതയ്ക്ക് പുതുമോടി; പുത്തൻ ചെടികൾ ഒരുങ്ങുന്നു
Mail This Article
പാലക്കാട് ∙ ദേശീയപാതയിൽ വാളയാർ മുതൽ വടക്കഞ്ചേരി വരെയുള്ള ഭാഗത്തു ചെടികൾ മാറ്റിനട്ടു തുടങ്ങി. മുൻപുണ്ടായിരുന്ന ചെടികളിൽ ചിലത് ഉണങ്ങിയ സാഹചര്യത്തിലാണു പുതിയ ചെടികൾ നടുന്ന പ്രവൃത്തി ആരംഭിച്ചത്. ഒരാഴ്ചയിലേറെയായി നടന്നു വരുന്ന പ്രവൃത്തി ഈ മാസം തന്നെ പൂർത്തിയാക്കാനാണു ശ്രമം. ഉണങ്ങിപ്പോയ ചെടികൾക്കു പകരമായാണു പുതിയ ചെടികൾ നടുന്നത്. മറ്റു ചെടികൾക്കു തടമെടുക്കലും നടന്നുവരികയാണ്.
കത്തുന്ന വെയിലിലും പത്തോളം ജോലിക്കാരാണു ചെടി നടുന്നത്. ഇതിനോടകം 1500ലധികം ചെടികൾ മാറ്റിനട്ടു കഴിഞ്ഞു. കോയമ്പത്തൂരിൽ നിന്ന് 3500 ചെടികളാണു മാറ്റി നടാനായി എത്തിക്കുന്നത്. ദേശീയപാതയിൽ 10,000 ചെടികളാണ് ആകെ നടുന്നത്. ടെക്കോമ ചെടികളാണ് വച്ചു പിടിപ്പിക്കുന്നത്. വടക്കഞ്ചേരി മുതൽ ആലത്തൂർ വരെയും ചെടി നടീൽ പൂർത്തിയായി. ദേശീയ പാത അതോറിറ്റി കരാർ പ്രകാരം ക്യൂബ് ഹൈവേയ്സ് എന്ന കമ്പനിയാണു ചെടികൾ പരിപാലിക്കുന്നത്.