ADVERTISEMENT

പാലക്കാട് ∙ മതിലുകൾ എന്ന സിനിമയിൽ ശബ്ദമായി മാത്രം സാന്നിധ്യമായ കെപിഎസി ലളിത അതേ കഥാപാത്രമായി ആദ്യമായി അരങ്ങിലെത്തിയതു പാലക്കാട്ടു വച്ചാണ്. 2008ൽ സ്വരലയ സംഘടിപ്പിച്ച നാടകോത്സവത്തിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ മതിലുകൾ എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കിയ നാടകത്തി‍ലാണു കെപിഎസി ലളിത നാരായണിയായി അരങ്ങിലെത്തിയത്. സിനിമ, നാടക നടൻമാർ ഉൾപ്പെടെ ഒട്ടേറെപ്പേർ ‘നാരായണിയെ’ നേരിൽ കാണാൻ അന്ന് രാപ്പാടി ഓഡിറ്റോറിയത്തിലെത്തി.

നാടകത്തിൽ രണ്ടു കാലഘട്ടങ്ങളിലായി എത്തുന്ന വൈക്കം മുഹമ്മദ് ബഷീറിനെ അവതരിപ്പിച്ചതു നടൻ എം.ആർ.ഗോപകുമാറും ഇബ്രാഹിം വേങ്ങരയും ചേർന്നാണ്. പ്രമോദ് പയ്യന്നൂരായിരുന്നു നാടക രചനയും സംവിധാനവും. കെ.എ. നന്ദജൻ സഹ സംവിധാനം നിർവഹിച്ചു. രമേശ് നാരായണനാണു സംഗീതമൊരുക്കിയത്. ഈ നാടകം രാജ്യത്തെ വിവിധയിടങ്ങളിലായി അൻപതോളം വേദികളിൽ അവതരിപ്പിച്ചു. 6 വേദികളിൽ കെപിഎസി ലളിത അഭിനയിച്ചു.

തിരക്കുകളും ആരോഗ്യപ്രശ്നങ്ങളും കാരണം പിന്നീടുള്ള വേദികളിൽ അഭിനയിക്കാനായില്ല. നടി സജിത മഠത്തിലായിരുന്നു പകരം അഭിനയിച്ചത്. പാലക്കാട് നടത്തിയ സാംസ്കാരിക പരിപാടികളും കലാസന്ധ്യകളും ഉൾപ്പെടെ ഒട്ടേറെ പരിപാടികൾ കെപിഎസി ലളിത ഉദ്ഘാടനം ചെയ്യാനെത്തിയിരുന്നതായി സ്വരലയ സെക്രട്ടറി ടി.ആർ.അജയൻ ഓർക്കുന്നു.

മതിലുകൾ എന്ന നാടകത്തിനുവേണ്ടി 15 ദിവസത്തോളം അവർ പാലക്കാട് താമസിച്ചു റിഹേഴ്സൽ നടത്തി. കെപിഎസി ലളിതയ്ക്കൊപ്പം നാടകത്തിൽ അഭിനയിച്ചത് കോങ്ങാട് നാടക സംഘത്തിനും തിളക്കമാർന്ന അനുഭവമായിരുന്നു. കോങ്ങാട്ട് മതിലുകളുടെ അവതരണവും ഉണ്ടായി. കോങ്ങാട്ടെ സി.എൻ.ശിവദാസൻ, കെ.ആർ.ഹരിദാസ്, സി.കെ.ഹരിദാസ്, പി.സജിത് കുമാർ എ.അശോകൻ, സി.പ്രനൂപ് എന്നിവർ അഭിനയ രംഗത്തുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com