ആവേശത്തിമിർപ്പിൽ തൃത്താല ദേശോത്സവം
Mail This Article
തൃത്താല ∙ ദൃശ്യവിരുന്നൊരുക്കി തൃത്താല ദേശോത്സവം ആഘോഷിച്ചു. നെറ്റിപ്പട്ടം കെട്ടിയ ആനകൾ അണിനിരന്ന ഘോഷയാത്രയും ഗജസംഗമവും ബാൻഡ് മേളവും വാദ്യ മേളങ്ങളും ഉത്സവത്തിന്റെ ആവേശക്കാഴ്ചയായി. കേന്ദ്ര ജനകീയ ആഘോഷ കമ്മിറ്റിയുടെ കീഴിൽ ഇരുപതോളം ഉപ ആഘോഷ കമ്മിറ്റികളാണ് ഉത്സവം ഒരുക്കിയത്. രാവിലെ നാട്ടു പ്രദക്ഷിണ ഘോഷ യാത്രയോടെ ആഘോഷം തുടങ്ങി.
വൈകിട്ട് അഞ്ചരയോടെ മേഴത്തൂർ സെന്ററിൽ നിന്നു കാഴ്ചയുടെ വസന്തം സൃഷ്ടിച്ച് ആയിരങ്ങൾ പങ്കെടുത്ത മത സൗസൗഹാർദ ഘോഷയാത്ര ആരംഭിച്ചു. തൃത്താല ചുറ്റിയെത്തിയ ഘോഷയാത്രയ്ക്ക് ഇരുപതോളം ഗജവീരൻമാരും ബാൻഡ്മേളം, വാദ്യമേളങ്ങൾ തുടങ്ങിയവ അകമ്പടിയായി. രാത്രി എട്ടരയോടെ ഘോഷയാത്ര കുമ്പിടിത്തിരിവിൽ സമാപിച്ചു. തുടർന്ന് ചൈനീസ് വെടിക്കെട്ട്, കലാപരിപാടികൾ എന്നിവയുമുണ്ടായി. ദേശോത്സവത്തിന് ആശംസകൾ അർപ്പിക്കാൻ സ്പീക്കർ എം.ബി.രാജേഷും എത്തിയിരുന്നു.
കോവിഡ് മാനദണ്ഡങ്ങളിൽ ഇളവുകൾ അനുവദിച്ചതോടെ ഒരാഴ്ച കൊണ്ടാണ് ഇത്തവണ കേന്ദ്ര ജനകീയ ആഘോഷ കമ്മിറ്റി ഉത്സവമൊരുക്കിയത്. ആഘോഷ പരിപാടികൾക്ക് ഫെസ്റ്റ് കമ്മിറ്റി പ്രസിഡന്റ് യു.ടി.താഹിർ, സെക്രട്ടറി മുഹമ്മദ് കൊപ്പത്ത്, എം.വി.അസ്ഹർ, എം.എൻ.ഷബീർ എന്നിവർ നേതൃത്വം നൽകി.