പുത്തൂർ വേല ഏപ്രിൽ 8ന്
Mail This Article
പാലക്കാട് ∙ പുത്തൂർ തിരുപുരായ്ക്കൽ ഭഗവതി ക്ഷേത്രത്തിലെ കൂത്തഭിഷേകം–താലപ്പൊലി (പുത്തൂർ വേല) ഉത്സവം ഏപ്രിൽ 8ന് ആഘോഷിക്കും. ഉത്സവത്തോടനുബന്ധിച്ച് ഇന്നു രാവിലെ 11നു കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിയുടെ പ്രഭാഷണം ഉണ്ടായിരിക്കും. വൈകിട്ട് 6.45നു കംസ ജനാർദനം കഥകളി അരങ്ങിലെത്തും. ഏപ്രിൽ ഒന്നിന് ഉദയാസ്തമയപൂജയും ദ്രവ്യകലശവും നടക്കും.
11നു സത്സംഗം, വൈകിട്ട് 6.45ന് ഉത്തരാസ്വയംവരം കഥകളി. രണ്ടിനു രാവിലെ 11ന് എ.കെ.ബി.നായരുടെ സത്സംഗം. വൈകിട്ട് 6.45ന് അക്ഷരശ്ലോക സദസ്സ്, രാത്രി 9നു കാളിയമർദനം കഥകളി. 3നു 11നു സത്സംഗം വൈകിട്ട് 5നു മുടിയേറ്റ്, 6.45നു സോപാനസംഗീതം. 4നു 11നു സത്സംഗം, വൈകിട്ട് 6.45നു പുത്തൂർ തിരുപുരായ്ക്കൽ പുരസ്കാര സമർപ്പണം, രാത്രി 9നു കഥകളി: നളചരിതം രണ്ടാം ദിവസം, ദക്ഷയാഗം. 5നു രാവിലെ 11നു സത്സംഗം, വൈകിട്ടു 4നു നിറമാല ചാർത്തൽ, വിളക്കുവയ്പ്, 4.30ന് ആന, പഞ്ചവാദ്യ സഹിതം കാഴ്ചശീവേലി, 7നു തായമ്പക, രാത്രി 9നു വിളക്കാചാരം, മേളം, പഞ്ചവാദ്യ സഹിതം എഴുന്നള്ളത്തു നടക്കും.
6നു വലിയ വിളക്ക് ആഘോഷിക്കും. രാവിലെ 7.30നു നവകം, പഞ്ചഗവ്യം, പന്തീരടിപൂജ, കൊട്ടിപ്പാടി സേവ, 8.30നു കാഴ്ചശീവേലി, പഞ്ചാരിമേളം, 10.30നു കളഭാഭിഷേകം, കൊട്ടിപ്പാടി സേവ, വൈകിട്ട് 4.30നു കാഴ്ചശീവേലി, പഞ്ചവാദ്യം, 7നു ഇരട്ടത്തായമ്പക, രാത്രി 8.30നു എഴുന്നള്ളിപ്പു നടക്കും. 7നു ശോധന വേല ദിനത്തിൽ രാവിലെ 7.30നു നവകം, പഞ്ചഗവ്യം, പന്തീരടിപൂജ, കൊട്ടിപ്പാടിസേവ, 8.30നു കാഴ്ചശീവേലി, പഞ്ചാരിമേളം, 10.30നു കളഭാഭിഷേകം, വൈകിട്ട് 4.30നു കാഴ്ചശീവേലി, രാത്രി 7.30നു ഭഗവതി എഴുന്നള്ളത്ത് ചടങ്ങുകൾ നടക്കും. എട്ടിനാണു പുത്തൂർ വേല. അന്നു രാവിലെ 6.30ന് ഈടുവെടിക്കു ശേഷം 7.30നു 25 കലശാഭിഷേകം, പന്തീരടിപൂജ, കൊട്ടിപ്പാടി സേവ, 9ന് ആന, പഞ്ചവാദ്യ സഹിതം കാഴ്ചശീവേലി, 12.30ന് അവിയിടൽ ചടങ്ങു നടക്കും.
2നു കേളി, കൊമ്പ്, 3ന് സ്പെഷൽ കുഴൽപറ്റ്. വൈകിട്ട് 4.30നു പഞ്ചവാദ്യത്തോടെ പകൽവേല ആരംഭിച്ചു രാത്രി 10.30നു കാവുകയറും. 5.30നു കുടമാറ്റം. രാത്രി 11.45നു തൃത്തായമ്പക. 9നു പുലർച്ചെ 2നു കേളി, കൊമ്പ്, കുഴൽപറ്റ്, 3നു താലപ്പൊലി എഴുന്നള്ളത്തും 5.15നു താലം ചൊരിയൽ ചടങ്ങുകൾ നടക്കും. 5.30നു പഞ്ചാരിമേളം, 8നു ശ്രീരാമപട്ടാഭിഷേകത്തിനു ശേഷം ഈടുവെടിയോടെ ഉത്സവത്തിനു കൊടിയിറങ്ങും.