ADVERTISEMENT

പാലക്കാട് ∙ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി വാനോളം പുകഴ്ത്തിയും പിന്തുണ പ്രഖ്യാപിച്ചും കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ എ.വി.ഗോപിനാഥ്. സഹകരണത്തിനു നന്ദിയെന്നും ആവശ്യമെങ്കിൽ അതു ശക്തിപ്പെടുത്താൻ തയാറാണെന്നും മുഖ്യമന്ത്രി മറുപടിയും നൽകി. കുറെ കാലമായി കോൺഗ്രസുമായി അകന്നുനിൽക്കുന്ന എ.വി.ഗോപിനാഥ്, പരുത്തിപ്പുള്ളിയിൽ മഹാകവി ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട് സ്മാരകമന്ദിരത്തിന്റെ ഉദ്ഘാടനവേദിയിലാണ് തന്റെ നിലപാട് പ്രഖ്യാപിച്ചത്.

വികസനത്തെ അംഗീകരിക്കുന്ന ഗോപിനാഥിന്റെ നിലപാട് മാതൃകയാണെന്നു തുടർന്ന് പങ്കെടുത്ത കെഎസ്കെടിയു സംസ്ഥാന സമ്മേളനത്തിന്റെ റാലിയിലും മുഖ്യമന്ത്രി പ്രസംഗിച്ചു. നാടിന്റെ വികസനകാര്യത്തിൽ പെരുങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് രാഷ്ട്രീയം നോക്കാതെ മുഖ്യമന്ത്രിക്കൊപ്പം നിൽക്കുമെന്നു പറഞ്ഞാണ് എ.വി.ഗോപിനാഥ് സ്വാഗതപ്രസംഗം തുടങ്ങിയത്. രാവിലെ മഴക്കാറുണ്ടായിരുന്ന പരുത്തിപ്പുള്ളിയിൽ മുഖ്യമന്ത്രിയുടെ വരവറിഞ്ഞതോടെ മഴപോലും മാറി നിന്നെന്ന് അദ്ദേഹം പറഞ്ഞു.

സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുൻമന്ത്രിയുമായ എ.കെ.ബാലൻ, സ്ഥലം എംഎൽഎ പി.പി.സുമോദ് എന്നിവരെയും ഗോപിനാഥ് പുകഴ്ത്തി. കെ.വി.തോമസിനെപ്പോലെ താനും വികസനത്തിൽ ഇടതുപക്ഷത്തിനൊപ്പമാണ്. കോൺഗ്രസാണ് ഭരിച്ചിരുന്നതെങ്കിലും പെരുങ്ങോട്ടുകുറിശ്ശിക്ക് വാരിക്കോരി വികസനം നൽകാൻ പിണറായി വിജയൻ സർക്കാർ തയാറായി. സഹായിക്കുന്നവരെ എന്നും നന്ദിയോടെ ഓർക്കുമെന്നും ഗോപിനാഥ്  പറഞ്ഞു.

ദീർഘകാലം പെരുങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് പ്രസിഡന്റായിരുന്ന എ.വി.ഗോപിനാഥ് നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപാണു കോൺഗ്രസുമായി അകന്നത്. കെ.സുധാകരൻ, ഉമ്മൻചാണ്ടി എന്നിവരെല്ലാം വീട്ടിലെത്തി ചർച്ച നടത്തിയെങ്കിലും പ്രശ്നപരിഹാരമായിരുന്നില്ല. ഇതിനു മുൻപും വാർത്താസമ്മേളനങ്ങളിൽ പിണറായി വിജയനെ പിന്തുണച്ചു സംസാരിച്ചിരുന്ന ഗോപിനാഥ് താനിപ്പോഴും കോൺഗ്രസുകാരനാണെന്നും പ്രഖ്യാപിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com