ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധം: കാറും മൊബൈൽ ഫോണും കണ്ടെത്തി
Mail This Article
പാലക്കാട് ∙ ആർഎസ്എസ് നേതാവ് മൂത്താന്തറ ആരപ്പത്ത് ശ്രീനിവാസൻ വധക്കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതികളുമായി നടത്തിയ തെളിവെടുപ്പിൽ മുഖ്യപ്രതിയെ രക്ഷപ്പെടുത്താൻ ഉപയോഗിച്ചതെന്നു കരുതുന്ന വാഹനവും ഗൂഢാലോചനയ്ക്ക് ഉപയോഗിച്ചതെന്നു സംശയിക്കുന്ന മൊബൈൽ ഫോണുകളും സിമ്മും കണ്ടെടുത്തു. പട്ടാമ്പി മരുതൂർ സ്വദേശി അഷ്റഫ് മൗലവി (48), പട്ടാമ്പി ഒമിക്കുന്ന് കുന്നത്ത് കെ.അലി (55) എന്നിവരുമായി നടത്തിയ തെളിവെടുപ്പിലാണു കൂടുതൽ തെളിവുകൾ ഉൾപ്പെടെ കണ്ടെടുത്തത്. കേസിലെ മുഖ്യപ്രതികളിലൊരാളെ രക്ഷപ്പെടുത്താൻ ഉപയോഗിച്ചതെന്നു കരുതുന്ന കാറാണു തെളിവെടുപ്പിനിടെ കണ്ടെത്തിയത്.
പട്ടാമ്പി മേഖലയിലും പരിസരത്തുമായിരുന്നു തെളിവെടുപ്പ്. അഷ്റഫ് മൗലവിയുടെ യുനാനി മരുന്നു നിർമാണ യൂണിറ്റിലുൾപ്പെടെ പരിശോധന നടത്തി. ശ്രീനിവാസൻ വധക്കേസിൽ ഇരുവർക്കുമെതിരെ ഗൂഢാലോചനയ്ക്കാണ് കേസെടുത്തിട്ടുള്ളത്. അറസ്റ്റിലായ അഷ്റഫ് മൗലവിക്ക് പോപ്പുലർ ഫ്രണ്ട് ഉന്നത നേതൃത്വവുമായി അടുത്ത ബന്ധമുണ്ട്. കേസിൽ ഇതുവരെ 25 പ്രതികളാണ് അറസ്റ്റിലായിട്ടുള്ളത്. മുഖ്യ ആസൂത്രകനെ പിടികൂടാനുണ്ട്. ഇതിനായി പരിശോധന തുടരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം ജില്ലാ പൊലീസ് ഓഫിസിനു മുന്നിൽ നടന്ന സംഭവങ്ങളും പൊലീസ് ഗൗരവത്തിലെടുത്തിട്ടുണ്ട്. ഗൂഢാലോചന സംബന്ധിച്ചും വിശദമായി അന്വേഷിക്കുന്നുണ്ട്.