സർക്കാരിന്റെ ലക്ഷ്യം വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങൾ: മന്ത്രി
Mail This Article
പട്ടാമ്പി ∙ വിദ്യാഭ്യാസരംഗത്ത് വലിയ മാറ്റങ്ങളാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി ഡോ. ആർ. ബിന്ദു. മാറ്റങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായി നൂതനമായ ആശയങ്ങൾ കൊണ്ടുവരും. കുട്ടികളുടെ അഭിരുചികളെ വളർത്തിയെടുക്കാനുള്ള ഇൻക്യുബേഷൻ സെന്ററുകളും, സൈദ്ധാന്തികമായ അന്വേഷണങ്ങളെ പ്രായോഗിക തലത്തിലേക്ക് പരാവർത്തനം ചെയ്യുന്ന ട്രാൻസ്‌ലേഷനൽ റിസർച് സെന്ററുകളും കലാലയങ്ങളിൽ തുടങ്ങുമെന്നു മന്ത്രി പറഞ്ഞു. പട്ടാമ്പി ഗവ. സംസ്കൃത കോളജിലെ പുതിയ കവാടത്തിന്റെ ഉദ്ഘാനവും നാക് എപ്ലസ് ഔദ്യോഗിക പ്രഖ്യാപനവും നിർവഹിക്കുകയായിരുന്നു അവർ. മുഹമ്മദ് മുഹസിൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
കോളജ് വിദ്യാഭ്യാസരംഗത്തെ അടിമുടി മാറ്റുന്നതിനായുള്ള പുതിയ കരിക്കുലം തയാറാക്കൽ പുരോഗമിക്കുകയാണെന്ന് മന്ത്രി അറിയിച്ചു.
വിദ്യാർഥികൾ സംരംഭകത്വ ശീലം കൂടി പഠനകാലത്ത് വളർത്തിയെടുക്കും. ഇതിനായി കലാലയങ്ങളിൽ സ്റ്റാർട്ടപ്പുകൾ തുടങ്ങും. വിദ്യാർഥികൾ ഗവേഷണത്തിലൂടെ കണ്ടെത്തുന്ന ഉൽപന്നങ്ങൾ വ്യാവസായികമായി തന്നെ ഉൽപാദിപ്പിക്കാൻ ഇത് സഹായകരമാകും സാമ്പ്രദായിക കോഴ്‌സുകൾ പഠിച്ച് തൊഴിലവസരങ്ങൾ കുറയുന്ന സാഹചര്യം മറികടക്കുക കൂടി സർക്കാർ ലക്ഷ്യമാണെന്നും മന്ത്രി പറഞ്ഞു. പ്രിൻസിപ്പൽ ഡോ.സുനിൽ ജോൺ, നഗരസഭ അധ്യക്ഷ ഒ. ലക്ഷ്മിക്കുട്ടി, ഉപാധ്യക്ഷൻ ടി.പി. ഷാജി, പിടിഎ വൈസ് പ്രസിഡന്റ് ഡി. രഘുനാഥ്, വൈസ് പ്രിൻസിപ്പൽ, പി. കെ പ്രസന്ന, സൂപ്രണ്ട് അഗസ്റ്റിൻ, ഡോ.എ. വാസു, ഡോ. എച്ച്. കെ. സന്തോഷ്, സി.എസ്. വിഷ്ണു, ഡോ. പി.പി. പ്രകാശൻ എന്നിവർ പ്രസംഗിച്ചു.