കൂട്ടിൽ കയറാതെ തത്തേങ്ങലത്തെ പുലി; വളർത്തു മൃഗങ്ങൾക്കു നേരെയുള്ള ആക്രമണം തുടരുന്നു
Mail This Article
മണ്ണാർക്കാട്∙ തത്തേങ്ങലം ചേറുംകുളം മേഖലയിലെ പുലിയെ പിടിക്കാൻ സ്ഥാപിച്ച ‘കൂട്ടിൽ’ കയറാതെ പുലി. കൂട് സ്ഥാപിച്ചതിന്റെ സമീപ പ്രദേശങ്ങളിൽ വളർത്തു മൃഗങ്ങൾക്കു നേരെയുള്ള ആക്രമണം തുടരുന്നു. ആഴ്ചകൾക്കു മുൻപാണ് തത്തേങ്ങലത്ത് കൂട് സ്ഥാപിച്ചത്. നാട്ടുകാരുടെ ആവശ്യപ്രകാരം കൂട് സ്ഥാപിച്ചെങ്കിലും പുലിയെ പിടികൂടാൻ കഴിയാത്തതിനാൽ നാട്ടുകാർ ആശങ്കയിലാണ്.
പ്രദേശവാസികളിൽ നല്ലൊരു വിഭാഗത്തിന്റെ വരുമാനം ആടുവളർത്തലാണ്. ആടുകളെ മേയ്ക്കാൻ വിടാൻ ഭയക്കുകയാണ് നാട്ടുകാർ. ജനവാസ കേന്ദ്രങ്ങളിൽ പോലും ഇറങ്ങി വളർത്തു മൃഗങ്ങളെ പുലി കൊന്ന സംഭവങ്ങളാണ് നാട്ടുകാരെ ഭയപ്പെടുത്തുന്നത്. പുലർച്ചെ റബർ ടാപ്പിങ്ങിനു പോകുന്നവരും പാൽ, പത്രം എന്നിവ വിതരണത്തിനു പോകുന്നവരും ആശങ്കയിലാണ്.
വിദ്യാർഥികളെ മദ്രസയിലേക്കും ട്യൂഷനും വിടാനും ഭയമാണ്. സന്ധ്യയായാൽ പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയുണ്ട്. വനംവകുപ്പ് രാത്രി പട്രോളിങ് നടത്തുന്നുണ്ടെങ്കിലും നാട്ടുകാരുടെ ഭീതിയൊഴിയുന്നില്ല. കഴിഞ്ഞ ദിവസവും തത്തേങ്ങലം ഭാഗത്ത് വളർത്തുനായയെ പുലി പിടിച്ചു. ഒരു തവണ കൂട്ടിൽപെട്ട പുലിയായിരിക്കും തത്തേങ്ങലം പ്രദേശത്തുള്ളതെന്നും അതുകൊണ്ടാണ് കൂട്ടിൽ കയറാത്തതെന്നും നാട്ടുകാർ പറഞ്ഞു.