കെഎസ്ആർടിസി ബസ് സ്റ്റാൻഡ്; കൗണ്ട്ഡൗൺ തുടങ്ങുന്നു, ഇനി 30 ദിവസം
Mail This Article
പാലക്കാട് ∙ ‘ഒരു മാസത്തിനുള്ളിൽ പാലക്കാട് ബസ് സ്റ്റാൻഡിന്റെ നിർമാണം പൂർത്തിയാക്കും’, ഇതാണു കെഎസ്ആർടിസിയുടെയും കരാറുകാരുടെ ഉറപ്പ്. ഈ വാക്കുകൾക്ക് ഉറപ്പുണ്ടെങ്കിൽ, വിശ്വസിക്കാമെങ്കിൽ ജില്ലയ്ക്കുള്ള ഓണസമ്മാനമായി പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡ് യാത്രക്കാർക്കായി തുറന്നുകൊടുക്കാം. നമുക്കു കാവലിരിക്കാം, കൗണ്ട്ഡൗൺ തുടങ്ങാം...! ഏഴര വർഷത്തെ കാത്തിരിപ്പിനു ശേഷം, ഇനി വാക്കുമാറ്റി പറയാതിരിക്കേണ്ടതു ബന്ധപ്പെട്ടവരുടെ ഉത്തരവാദിത്തമാണ്.
നിർമാണം പൂർത്തിയാക്കി ഓഗസ്റ്റ് 15ന് പാലക്കാട് കെഎസ്ആർടിസി സ്റ്റാൻഡ് തുറന്നു കൊടുക്കുമെന്നായിരുന്നു കോർപറേഷനും ബന്ധപ്പെട്ടവരും നേരത്തെ നൽകിയിരുന്ന ഉറപ്പ്. താമസിയാതെ ഇതു തിരുത്തി. ഇതോടെ എംഎൽഎ ഇടപെട്ടു. ‘‘പദ്ധതിക്കായി 8 കോടി രൂപ അനുവദിച്ചിട്ടും കഴിഞ്ഞ ഏഴര വർഷമായി യാത്രക്കാരുടെ സങ്കടം കേട്ടുകൊണ്ടിരിക്കുകയാണ്. ദുരിതം കണ്ടുകൊണ്ടിരിക്കുകയാണ്. ഇതെല്ലാം കേൾക്കേണ്ടി വരുന്നതു ജനപ്രതിനിധികളാണ്.
ഇനി നിങ്ങൾ തന്നെ പറയൂ എന്നു പണി തീർക്കും.’’ ഷാഫി പറമ്പിൽ എംഎൽഎയുടെ വാക്കുകൾക്കു പിന്നാലെ അധികൃതർ ഉറപ്പു നൽകി 45 ദിവസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കും. 2 ആഴ്ച മുൻപായിരുന്നു ഈ ഉറപ്പ്. ഇതനുസരിച്ചു ഓണത്തിനു മുൻപു നിർമാണം പൂർത്തിയാക്കണം. പദ്ധതി നിർവഹണ ഉദ്യോഗസ്ഥനായ ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എൻജിനീയർ കെ.സി.സുബ്രഹ്മണ്യൻ കഴിഞ്ഞ ദിവസം പ്രവൃത്തി പരിശോധിക്കാൻ എത്തിയപ്പോഴും നിർമാണം ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് ഉറപ്പു നൽകി. ബാക്കി പ്രവൃത്തികൾ വേഗത്തിലാക്കിയിട്ടുണ്ട്.
ഇനി ചെയ്യാനുള്ളത്
.കെഎസ്ആർടിസി സ്റ്റാൻഡ് നിർമാണത്തിന്റെ ഇപ്പോഴത്തെ സ്ഥിതിയും ഇനിയുള്ള ജോലികളും:
∙ കെട്ടിടം പണി പൂർത്തിയായി
∙ യാർഡ് നിർമാണം അവസാന ഘട്ടത്തിലാണ്. മണ്ണിട്ടു നികത്തൽ പൂർത്തിയാകാറായി. ഇനി കോൺക്രീറ്റ് ബ്ലോക്കുകൾ പതിക്കണം
∙ സംസ്ഥാനാന്തര ടെർമിനൽ പരിസരത്തു പുതിയ വഴിയുടെ നിർമാണവും പുരോഗതിയിലാണ്.
∙ ഒരേസമയം 9 ബസുകൾ ട്രാക്കിൽ നിർത്തിയിടാൻ പാകത്തിലാണ് സ്റ്റാൻഡ് കെട്ടിടം പൂർത്തീകരിച്ചിട്ടുള്ളത്