ഭീഷണിയിൽ ഭയക്കാതെ റവന്യു വകുപ്പ്: മണ്ണാർക്കാട്ട് 11 അനധികൃത ചെങ്കൽ ക്വാറികൾ കണ്ടെത്തി
Mail This Article
മണ്ണാർക്കാട് ∙ തഹസിൽദാരുടെ കാലുവെട്ടുമെന്ന ടിപ്പർ അസോസിയേഷൻ നേതാവിന്റെ ഭീഷണിക്കു പിന്നാലെ പരിശോധന ശക്തമാക്കി റവന്യു വകുപ്പ്. മണ്ണാർക്കാട് താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ റവന്യു വകുപ്പ് നടത്തിയ പരിശോധനകളിൽ 11 അനധികൃത ചെങ്കൽ ക്വാറികൾ കണ്ടെത്തി. ഒറ്റപ്പാലം സബ് കലക്ടർ ഡി.ധർമലശ്രീയുടെ നിദേശപ്രകാരമാണ് ഇന്നലെ രാവിലെ മുതൽ ഡപ്യൂട്ടി തഹസിൽദാർമാരുടെയും വില്ലേജ് ഓഫിസർമാരുടെയും നേതൃത്വത്തിൽ പരിശോധന നടത്തിയത്.
നിയമാനുസൃതം സർക്കാരിലേക്ക് റോയൽറ്റി അടയ്ക്കാതെയും ജിയോളജി വകുപ്പിന്റെ പെർമിറ്റ് ഇല്ലാതെയും അനധികൃതമായി ഖനന പ്രവൃത്തികൾ നടക്കുന്നതായി പരിശോധനയിൽ കണ്ടെത്തി. ക്വാറികളുടെ പ്രവർത്തനം നിർത്തിവയ്ക്കുന്നതിനു സ്ഥലം ഉടമകൾക്ക് സ്റ്റോപ്പ് മെമ്മോ നൽകുന്നതിനും പിഴ ഈടാക്കുന്നതിനു റിപ്പോർട്ട് നൽകാനും തഹസിൽദാർമാർക്കും വില്ലേജ് ഓഫിസർമാർക്കും നിർദേശം നൽകിയതായി സബ് കലക്ടർ ഡി.ധർമലശ്രീ അറിയിച്ചു.
കൂടാതെ മണ്ണാർക്കാട് താലൂക്കിൽ കുമരംപുത്തൂർ വില്ലേജിൽ അനധികൃതമായി നിലം നികത്തിയതായി കണ്ടെത്തിയ 2 സ്ഥലം ഉടമകൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും സബ് കലക്ടർ അറിയിച്ചു. പ്രകൃതി ചൂഷണങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. പരിശോധനകൾക്ക് ഡപ്യൂട്ടി തഹസിൽദാർമാരായ ഹഫ്‌സത്ത് കൊന്നാലത്ത്, ഒ.ജയകൃഷ്ണൻ, കെ.രാമൻകുട്ടി, കെ.ബാലകൃഷ്ണൻ, എം.ജി.മജു, എം.ഗിരീഷ്കുമാർ, വില്ലേജ് ഓഫിസർമാരായ എം.ആർ.രാജേഷ്കുമാർ, കെ.വി.സുമേഷ്, ഉദ്യോഗസ്ഥരായ ആർ.മനോജ്, കെ.പി.രാജീവ്, കെ.രാകേഷ്, കെ.അനൂപ്, കെ.ഉസ്മാൻ എന്നിവർ നേതൃത്വം നൽകി.