നവരാത്രി പുണ്യം തേടി ഭക്തജനപ്രവാഹം; അനുഗ്രഹനിറവിൽ പുതുക്കോട്
Mail This Article
നവരാത്രിയുടെ പുണ്യവും തേടി പുതുക്കോട് അന്നപൂർണേശ്വരി ക്ഷേത്രത്തിലെത്തുന്നവരുടെ എണ്ണം ഓരോ വർഷവും വർധിക്കുന്നു. ബൊമ്മക്കൊലുവും സംഗീതവും പലഹാരങ്ങളും കലാപരിപാടികളും പുഷ്പ– ദീപാലങ്കാരങ്ങളും ചേർന്ന് അഗ്രഹാരത്തിലെ നവരാത്രി ദിനരാത്രങ്ങൾ ആഘോഷനിറവിലാണ്.നാല് അഗ്രഹാരങ്ങളും പതിനെട്ട് തെരുവുകളുമുള്ള പുതുക്കോട് അറിയപ്പെടുന്നത് സാമവേദികളും യജുർവേദികളുമായ പണ്ഡിത ശ്രേഷ്ഠരുടെ നാടെന്നായിരുന്നു. അവരുടെ പിൻതലമുറക്കാർ ആ വിജ്ഞാനദീപം കെടാതെ കാത്തുപോരുന്നു.
വേദമന്ത്രോച്ചാരണങ്ങളും സംഗീതത്തിന്റെ ശീലുകളും നൃത്തത്തിന്റെ നൂപുരധ്വനികളും പള്ളികളിൽ നിന്നുള്ള ബാങ്ക് വിളികളും ദേവാലയത്തിൽ നിന്നുള്ള മണിനാദവും കൂടിക്കലർന്ന ഇടം കൂടിയാണീ നാട്. നവരാത്രിയും ചന്ദനക്കുടം നേർച്ചയും ദേവാലയ തിരുനാളും ഉത്സവങ്ങളും സാഹോദര്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും മുഖം പുതുക്കോടിനു നൽകുന്നു. തമിഴ്– മലയാളം സംസ്കാരമാണു പുതുക്കോട് ഗ്രാമത്തിനുള്ളത്. തമിഴും മലയാളവും കലർന്ന സംസാരഭാഷയാണ് ഇന്നും ഇവിടെ. തമിഴ്നാട്ടിൽ നിന്ന് 5 നൂറ്റാണ്ടു മുൻപേ കുടിയേറിയവരാണ് പുതുക്കോട്ടെ ബ്രാഹ്മണ സമൂഹം. കിഴക്ക്, പടിഞ്ഞാറ്, തെക്ക്, വടക്ക് എന്നിങ്ങനെ നാല് അഗ്രഹാരങ്ങൾ സ്ഥാപിച്ച് അവർ ഇവിടെ താമസമാക്കി. തുണിനെയ്ത്തിനും മറ്റുമായാണ് തമിഴ്നാട്ടിൽ നിന്ന് മുസ്‌ലിം സമുദായമെത്തിയത്.
ഇവർ ഇവിടെ 18 തെരുവുകൾ സ്ഥാപിച്ചു. ഗ്രാമങ്ങളും തെരുവുകളും ചേർന്ന സംസ്കാരങ്ങള്‍ ഇഴചേര്‍ന്ന നാടാണ് പുതുക്കോട്. തച്ചനടി ക്രിസ്തുരാജ ദേവാലയവും ഇവിടെയുണ്ട്. ഇതെല്ലാം നാടിന്റെ മതനിരപേക്ഷ സംസ്കാരം ഊട്ടിയുറപ്പിക്കുന്നു. അഞ്ചുമുറിയിലും തച്ചനടിയിലും കച്ചവട സ്ഥാപനങ്ങൾ ഉയർന്നതോടെ ഇവിടം വ്യാപാര മേഖല കൂടിയായി. മുംബൈ, കൊൽക്കത്ത, ന്യൂഡൽഹി, ബെംഗളൂരു എന്നിവിടങ്ങളിലേക്ക് ബ്രാഹ്മണരുടെ ഇളംതലമുറ ജോലിതേടിപ്പോയി. ഇവർ നവരാത്രി ഉത്സവകാലത്ത് കഴിവതും ഇവിടെയെത്തുന്നു. ദേവീകടാക്ഷം ഏറ്റുവാങ്ങി സംതൃപ്തിയോടെ മടങ്ങുന്നു.