ശ്രീനിവാസൻ വധക്കേസ്: വിളയൂരിലെ വീട്ടിൽ തെളിവെടുപ്പ്; താൻ നിരപരാധിയെന്ന് അമീറലി
Mail This Article
കൊപ്പം ∙ പാലക്കാട് ശ്രീനിവാസൻ വധ കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ എസ്ഡിപിഐ സംസ്ഥാന സമിതി അംഗം എസ്.പി.അമീറലിയെ വിളയൂരിലെ വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. വിളയൂർ കുപ്പൂത്തുള്ള വീട്ടിലായിരുന്നു പരിശോധന. കേസ് അന്വേഷണ തലവന്‍ അനിൽ കുമാറിന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ഇന്നലെ ഉച്ചയോടെ തെളിവെടുപ്പിന് എത്തിച്ചത്. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് കൂടുതല്‍ പൊലീസുകാരെ എത്തിച്ചിരുന്നു.
വീടിനകത്തെ മുറികളിൽ സംഘം പരിശോധന നടത്തി. പരിശോധനയിൽ ചില രേഖകൾ കണ്ടെടുത്തിട്ടുണ്ട്. ഇവ കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അന്വേഷണ സംഘ തലവൻ ഡിവൈഎസ്പി അനിൽ കുമാർ പറഞ്ഞു. അതേ സമയം താൻ പ്രതിയല്ല എന്നും അങ്ങനെ കാണേണ്ടതില്ലെന്നും ഇതെല്ലാം പ്രഹസനമാണെന്നും തെളിവെടുപ്പിനിടെ അമീറലി പറഞ്ഞു.
ഉച്ച മുതൽ ആരംഭിച്ച തെളിവെടുപ്പ് 10 മിനിറ്റോളം നീണ്ടു നിന്നു. കൊപ്പം എസ്ഐ എം.ബി.രാജേഷ്, പട്ടാമ്പി എസ്ഐ അനീഷ്, പുതുനഗരം സിഐ ദീപകുമാർ എന്നിവരും അന്വേഷണ ഉദ്യോഗസ്ഥരോടൊപ്പം ഉണ്ടായിരുന്നു.