വക്കാവിലെ മാലിന്യപ്രശ്നം രൂക്ഷം: പുതിയ വഴികൾ തേടി പഞ്ചായത്ത്
Mail This Article
നെന്മാറ∙ വക്കാവ് നിവാസികൾ വർഷങ്ങളായി നേരിടുന്ന മാലിന്യപ്രശ്നത്തിന് ഇതുവരെ ശാശ്വത പരിഹാരമായില്ല. മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയില്ലാതെ പ്രവർത്തിച്ചുവരുന്ന സംസ്കരണ യൂണിറ്റിന്റെ പ്രവർത്തനം അവതാളത്തിലായിരിക്കുകയാണ്. നെന്മാറ-വല്ലങ്ങി ടൗൺ മേഖലയിലെ സകലമാന മാലിന്യവും ഉപേക്ഷിക്കപ്പെടുന്ന വക്കാവിൽ പ്രവർത്തനം ആരംഭിച്ച സംസ്കരണ യൂണിറ്റിലെ കാഴ്ച അതിദയനീയമാണ്.
ദുർഗന്ധം വമിക്കുന്ന യൂണിറ്റിൽ പ്ലാസ്റ്റിക് മാലിന്യം വേർതിരിക്കപ്പെടാതെ കിടക്കുകയാണ്. ശുദ്ധവായുവും ശുദ്ധജലവും നിഷേധിക്കപ്പെട്ട നാട്ടുകാർ നടത്തുന്ന പ്രതിഷേധ പരിപാടികളൊന്നും ഫലം കാണുന്നില്ല. എന്തു ചെയ്യണമെന്നറിയാതെ നിസ്സഹായാവസ്ഥയിലാണ് വക്കാവ് സ്വദേശികൾ. നിറവ് പദ്ധതിയിൽ മാലിന്യം വേർതിരിച്ചു കോഴിക്കോട്ടേക്ക് കടത്തിയിരുന്ന സംവിധാനം നിലച്ചതും ഇരുട്ടടിയായി. കരാർ കാലാവധി കഴിഞ്ഞതാണ് കാരണം.മാലിന്യം കെട്ടിക്കിടന്നാൽ പ്ലാസ്റ്റിക് ഉൾപ്പെടെ കത്തിച്ചു കളയുകയും യന്ത്രം ഉപയോഗിച്ചു കുഴിയെടുത്തു ഭൂമിക്കടിയിലേക്കു തള്ളുകയാണു പതിവെന്നു നാട്ടുകാർ പരാതിപ്പെട്ടു.
തെരുവുനായ്ക്കളും പക്ഷികളും മറ്റും പതിവായി എത്തുന്നതിനാൽ മാംസാവശിഷ്ടങ്ങൾ പരിസരത്തു കൊണ്ടിടുന്നത് ശുദ്ധജല സ്രോതസ്സുകളെ ബാധിക്കുന്നുണ്ട്. ഒട്ടേറെ ആരോഗ്യപ്രശ്നങ്ങൾ കാരണം പ്രദേശവാസികൾ ദുരിതത്തിലാണെന്ന ആക്ഷേപവും നാട്ടുകാർ ഉന്നയിക്കുന്നുണ്ട്. മാലിന്യ സംസ്കരണ യൂണിറ്റും വാതക ശ്മശാനവും സ്ഥാപിച്ച പഞ്ചായത്തിന്റെ ഭൂമി കോട്ടാംകുന്ന് റിസർവ് വനഭൂമിയിലാണെന്നാണ് വനംവകുപ്പിന്റെ വാദം. വ്യക്തത വരുത്താൻ റവന്യു-വനം വകുപ്പ് സംയുക്തമായി സർവേ നടത്തേണ്ടതുണ്ട്.
പഞ്ചായത്തിനു പുതിയ പദ്ധതി
നെന്മാറ വക്കാവിലെ മാലിന്യപ്രശ്നത്തിനു ശാശ്വതപരിഹാരം കാണാൻ ശ്രമിക്കുന്ന പഞ്ചായത്ത് പുതിയ പദ്ധതി നടപ്പാക്കാൻ ഒരുങ്ങുകയാണ്. കഞ്ചിക്കോട്ടുള്ള ജൈവമാലിന്യസംസ്കരണ കമ്പനിയുമായി കൈകോർത്ത് പഞ്ചായത്തിലെ മുഴുവൻ മാലിന്യവും ഇവിടെ നിന്നു കടത്തുമെന്ന് അധികൃതർ പറഞ്ഞു. കമ്പനി അധികൃതർ രണ്ടു തവണ നെന്മാറയിലെത്തി പരിശോധനയും നടത്തി. മാലിന്യം ശേഖരിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയും കഴിഞ്ഞ ദിവസം കൈമാറിയിട്ടുണ്ട്. ദിവസേന രണ്ട് നേരവും എത്തുന്ന കമ്പനിയുടെ വാഹനം മാലിന്യം കടത്തിക്കൊണ്ടുപോകും. കൂടാതെ മാലിന്യ നിർമാർജനത്തിനു വകയിരുത്തിയ 30 ലക്ഷം രൂപയുടെ പുതിയ കരാർ നടപടികൾ ഉടൻ ആരംഭിക്കും. ഇതോടെ വക്കാവിലെ മാലിന്യപ്രശ്നത്തിനു താൽക്കാലിക പരിഹാരമാകും.