നെന്മാറ–നെല്ലിയാമ്പതി ചുരം പാത: ചുവപ്പുനാടയിൽ 30.47 കിലോമീറ്റർ
Mail This Article
നെന്മാറ ∙ നെന്മാറ-നെല്ലിയാമ്പതി ചുരം പാതയുടെ നിർമാണം വീണ്ടും അനിശ്ചിതത്വത്തിൽ. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി നെന്മാറ മുതൽ നെല്ലിയാമ്പതി പാടഗിരി വരെ 30.47 കിലോമീറ്റർ പാതയുടെ നിർമാണത്തിന് കെഎസ്ടിപി (കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രൊജക്ട്) 2021 ജനുവരിയിൽ 90.96 കോടി രൂപയുടെ കരാർ നടത്തിയെങ്കിലും നടപടികൾ കോടതി കയറിയതോടെ പ്രവൃത്തി തടസ്സപ്പെട്ടു. മൂന്നുമാസം മുൻപു നിയമസഭയിൽ വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞതനുസരിച്ചു ഫയൽ നീങ്ങിയില്ല. കെ.ബാബു എംഎൽഎയുടെ സബ്മിഷനുള്ള മറുപടിയിൽ, തടസ്സം നീക്കാൻ ഉടൻ ഇടപെടുമെന്നു പറഞ്ഞെങ്കിലും കേസ് അതേപടി തുടരുകയാണ്.
5 കമ്പനികൾ പങ്കെടുത്ത ടെൻഡറിൽ റേഡിയൻസ് റിയാലിറ്റി ഡവലപ്പേഴ്സ് എന്ന കമ്പനിക്കു കരാർ ലഭിച്ച പ്രവൃത്തി ഏറ്റെടുക്കാൻ കഴിയില്ലെന്നു കമ്പനി പിന്നീട് അറിയിക്കുകയായിരുന്നു. തുടർന്നു ഹൈക്കോടതി ഉത്തരവു പ്രകാരം തൊട്ടടുത്ത കുറഞ്ഞ ലേലത്തുക നിർദേശിച്ച കമ്പനിക്കു കരാർ നൽകുന്നതിനു നടപടി സ്വീകരിച്ചു വരുന്നതിനിടെ, റേഡിയൻസ് കമ്പനി ഹൈക്കോടതിയെ സമീപിച്ചു. 9.56 കോടി രൂപയുടെ അഡീഷനൽ പെർഫോമൻസ് ഗാരന്റി ഒഴിവാക്കി റേഡിയൻസിനു തന്നെ 28 ദിവസത്തിനകം കരാർ നൽകണമെന്നു ഹൈക്കോടതി ഉത്തരവിറക്കി.
ഇതിനെതിരെ കെഎസ്ടിപി നിയമ പോരാട്ടം തുടരുകയാണെന്നു തിരുവനന്തപുരത്തെ അസി.എക്സി.എൻജിനീയർ പറഞ്ഞു. കോടതിയിൽ നിന്ന് അനുകൂല ഉത്തരവു ലഭിച്ചാലും പഴയ നിരക്കിൽ കരാർ ഏറ്റെടുക്കാൻ ആരും മുന്നോട്ടു വരാനിടയില്ല. അതിനാൽ, പുതിയ നിരക്കു പ്രകാരം റീടെൻഡർ ചെയ്യാനുള്ള സാധ്യത പരിശോധിക്കുമെന്നും അധികൃതർ പറഞ്ഞു.
അതേസമയം, റോഡ് വികസനം നടപ്പാക്കണമെങ്കിൽ പൊതുമരാമത്തു വകുപ്പിന്റെ കൈവശമുള്ള ഭൂമിക്കു പുറമേ വനഭൂമി കൂടി വിട്ടുകിട്ടേണ്ടതുണ്ട്. സൗജന്യമായി നൽകുന്നതിനു വനംവകുപ്പ് തടസ്സവാദം ഉന്നയിച്ചതോടെ റവന്യു വകുപ്പിന്റെ മണ്ണാർക്കാട്ടുള്ള 133 ഏക്കർ ഉടൻ തന്നെ വനംവകുപ്പിനു കൈമാറാനുള്ള ഫയലുകൾ തയാറായതായി കുറ്റിപ്പുറം കെഎസ്ടിപി അസി.എൻജിനീയർ കെ.എം.മനോജ് പറഞ്ഞു.
2018 മുതൽ മൂന്നു വർഷം തുടർച്ചയായി ഉണ്ടായ ഉരുൾപൊട്ടലും മണ്ണിടിച്ചിലും കൊണ്ടു തകർന്ന റോഡിന്റെ പല ഭാഗവും നന്നാക്കാനുള്ള നടപടി നീണ്ടുപോകുന്നതു വലിയ അപകടങ്ങൾ വിളിച്ചുവരുത്തും. അടുത്ത കാലവർഷത്തിനു മുൻപ് തകർന്നു കിടക്കുന്ന പാതയുടെ സംരക്ഷണ ഭിത്തിയെങ്കിലും നിർമിച്ചില്ലെങ്കിൽ നെല്ലിയാമ്പതിയിലേക്കുള്ള ഗതാഗതം സ്തംഭിക്കും. ചില സ്ഥലത്തു പാതയുടെ പകുതി ഭാഗം കൊക്കയിൽ വീണുകിടക്കുകയാണ്. വാഹനങ്ങൾ കൊക്കയിൽ വീഴാതിരിക്കാനും മുന്നറിയിപ്പിനുമായി സ്ഥാപിച്ച താൽക്കാലിക കൈവരികൾ തുരുമ്പെടുത്തു നശിച്ചിട്ടുമുണ്ട്.