കലക്കത്തു ഭവനത്തിൽ കലയുടെ കെടാവിളക്ക്
Mail This Article
ലക്കിടി ∙ ലളിതമായ പദപ്രയോഗത്തിലൂടേയും ഹാസ്യാത്മകമായ അവതരണത്തിലൂടെയും മലയാളികളുടെ മനസ്സിൽ ഇടംനേടിയ മഹാപ്രതിഭയാണ് കലക്കത്ത് കുഞ്ചൻ നമ്പ്യാർ. മഹാകവിക്ക് ജന്മം നൽകിയ കിള്ളിക്കുറുശ്ശിമംഗലത്തെ കലക്കത്ത് ഭവനം ഇന്ന് കലാ-സാംസ്കാരിക പ്രവർത്തകരുടെയും ഭാഷാ സ്നേഹികളുടേയും പുണ്യഭൂമിയാണ്. കലക്കത്ത് ഭവനം സന്ദർശിക്കുന്നവരെ ഏറെ ആകർഷിക്കുന്നത് രണ്ടു പ്രത്യേകതകളാണ്.
മൂന്നു പതിറ്റാണ്ടുകൾക്കു മുൻപ് നിർമിച്ച ഭവനത്തിലെ മച്ചിനകത്തെ കെടാവിളക്കും മഹാകവി ജനിച്ച അറയുമാണിത്. കുഞ്ചൻ നമ്പ്യാരുടെ പിൻതലമുറക്കാർ തന്നെയാണ് ഇന്നും പരദൈവങ്ങൾക്ക് വിളക്കു തെളിയിക്കുന്നതെന്നതു ശ്രദ്ധേയമാണ്. ഉപാസനയോടെ 45 വർഷമായി തെളിയുന്ന കെടാവിളക്ക് കലക്കത്ത് ഭവനത്തിന്റെ പ്രത്യേകതയാണ്. 1976 സെപ്റ്റംബർ 1നാണ് കലക്കത്ത് ഭവനം സംസ്ഥാന സർക്കാർ ഏറ്റെടുത്തത്.
കാലപ്പഴക്കത്തെ തുടർന്നു കലക്കത്ത് ഭവനത്തിലെ രണ്ടു നില പടിപ്പുര തകർന്നുവീണതു ശ്രദ്ധയിൽപ്പെട്ട അന്നത്തെ മുഖ്യമന്ത്രി സി.അച്യുതമേനോൻ സ്മാരകം ഏറ്റെടുക്കാൻ തയാറാവുകയായിരുന്നു. കലക്കത്ത് ഭവനവും പത്തായപ്പുര, സർപ്പക്കാവ്, പടിപ്പുര എന്നിവ അടക്കമുള്ള 56 സെന്റ് സ്ഥലവുമാണ് കുടുംബാംഗങ്ങൾ സർക്കാരിനു കൈമാറിയത്. കലക്കത്ത് ഭവനത്തിന്റെ രൂപഭാവങ്ങൾക്കും തനിമയ്ക്കും മാറ്ം വരുത്തരുതെന്ന സി.അച്യുതമേനോന്റെ നിഷ്കർഷയാണു സ്മാരകം ഇന്നു കാണുന്ന രീതിയിൽ നിലനിർത്താൻ കാരണമായത്.
ഭവനം സർക്കാരിനു കൈമാറുന്ന സമയത്ത് മുഖ്യമന്ത്രിയോടു കുടുംബാംഗമായ കുഞ്ചിക്കുട്ടി നങ്ങ്യാരമ്മയുടെ അഭ്യർഥനയായിരുന്നു മച്ചിൽ വിളക്ക് തെളിയിക്കാൻ അവസരം നൽകണമെന്നത്. പൂർവികർ ആരാധിച്ചിരുന്ന പരദൈവങ്ങൾക്ക് വിളക്ക് തെളിയിക്കാനുള്ള അനുവാദം മുഖ്യമന്ത്രി ഉറപ്പുനൽകി. മഹാകവിയുടെ കുടുംബാംഗങ്ങൾക്ക് ആരാധനയ്ക്കും മച്ചിൽ വിളക്ക് തെളിയിക്കുന്നതിനും അവസരം ലഭിച്ചതും ഇങ്ങനെയാണ്. അന്നു മുതൽ കലക്കത്ത് ഭവനത്തിന്റെ കെടാവിളക്ക് അണയാതെ കാത്തു സംരക്ഷിക്കുന്നത് കുടുംബാംഗങ്ങളാണ്.
പരദൈവങ്ങൾ
കലക്കത്ത് ഭവനത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നത് മുളഞ്ഞൂർ ഭഗവതിയേയും അമ്മന്നൂർ അയ്യപ്പനെയുമാണ്. കോഴിക്കോട് സാമൂതിരിയുടെ ഭരണകാലവുമായി ബന്ധപ്പെട്ട വളരെ പണ്ടു നടന്ന ഐതിഹ്യമാണ് അയ്യപ്പന്റെ പ്രതിഷ്ഠയിലുള്ളത്. അന്നത്തെ സാമൂതിരിയുടെ അപ്രീതിക്ക് കാരണമായ മാന്തോൽ ഇല്ലത്തെ നമ്പൂതിരിയെ ആരുമറിയാതെ രാജാവ് ചുട്ടു കൊന്നിരുന്നത്രേ, നാട്ടുകാർക്കിടയിൽ നമ്പൂതിരിയുടെ മരണം സംശയങ്ങൾക്കും ഇടനൽകി. ഒരിക്കൽ പാത്രചരിതം ചാക്യാർക്കൂത്ത് അവതരിപ്പിക്കുന്നതിനിടയിൽ ചാക്യാർ കഥ വർണിക്കുമ്പോൾ അടുക്കളയിൽ കരിഞ്ഞ മണത്തെക്കുറിച്ചു വാചാലനായി.
മാന്തോൽ കരിഞ്ഞതു പോലെ എന്നു പറഞ്ഞതോടെ കാഴ്ചക്കാരും ചിരി തുടങ്ങി. ആരുമറിയാത്ത രഹസ്യം ചാക്യാർ പുറത്തറിയിച്ചതായി തെറ്റിദ്ധരിച്ച സാമൂതിരി, ചാക്യാരെ കാണാൻ താത്പര്യം അറിയിച്ചു. പേടിച്ച ചാക്ക്യാരും സഹായിയായ നമ്പ്യാരും കുടുംബസമേതം നാടുവിട്ടു വള്ളുവനാട്ടിലെത്തി. അമ്മന്നൂർ കുടുംബാംഗമായ ചാക്യാർ ആരാധിച്ചിരുന്ന അയ്യപ്പന്റെ വിഗ്രഹം നമ്പ്യാർ മഠത്തിൽ പ്രതിഷ്ഠച്ചെന്നുമാണു ഐതിഹ്യം. കുട്ടിക്കാലം മുതൽ വിളക്ക് തെളിയിച്ച കുഞ്ചിക്കുട്ടു നങ്ങ്യാരമ്മയാണു 1976 മുതൽ 2003 വരെ വിളക്ക് തെളിയിച്ചതും.
ഇപ്പോൾ വിളക്ക് തെളിയിക്കുന്നത് കുഞ്ചിക്കുട്ടി നങ്ങ്യാരമ്മയുടെ മക്കളായ കലക്കത്ത് രാധാകൃഷ്ണനും ദേവിപ്രസാദുമാണ്. രാവിലെയും വൈകിട്ടും പതിവായി പരദൈവങ്ങളെ വിളക്കുവച്ച് ആരാധിക്കുന്നത് ഇന്നും നിയോഗമായി കണ്ടു തുടർന്നു വരുന്നു. എൻജിനീയറിങ് കോളജിൽ നിന്നു വിരമിച്ച രാധാകൃഷ്ണൻ കുഞ്ചൻ നമ്പ്യാർ സ്മാരക ഭരണസമിതിയിലെ സ്ഥിരാംഗവുമാണ്. കലക്കത്ത് ഭവനത്തിനു സമീപത്തായി താമസിക്കുന്ന കുഞ്ചിക്കുട്ടി നങ്ങ്യാരമ്മയുടെ ഭർത്താവ് പരേതനായ കൂട്ടാല മേലേടത്ത് ഗോവിന്ദൻ നമ്പ്യാരും കലക്കത്ത് ഭവനത്തിൽ സംസ്കൃതം അധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്നു.