ശ്രീനിവാസൻ വധക്കേസ്: യഹിയ കോയ തങ്ങൾ പൊലീസ് കസ്റ്റഡിയിൽ
Mail This Article
പാലക്കാട് ∙ ആർഎസ്എസ് നേതാവ് എ.ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് മുൻ സംസ്ഥാന സമിതി അംഗം യഹിയ കോയ തങ്ങളെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. കേസിൽ 45–ാം പ്രതിയായ യഹിയയെ ഗൂഢാലോചന, പ്രേരണ കുറ്റങ്ങൾക്കാണ് അറസ്റ്റ് ചെയ്തത്.
പോപ്പുലർ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്ത യഹിയ കോയ തങ്ങൾ വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ റിമാൻഡിലായിരുന്നു. ശ്രീനിവാസൻ വധക്കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം ഈ മാസം 8നു ജയിലിലെത്തിയാണ് കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് അന്വേഷണ സംഘത്തിന്റെ അപേക്ഷ പ്രകാരമാണു കോടതി 4 ദിവസത്തെ പൊലീസ് കസ്റ്റഡി അനുവദിച്ചത്. ഡിവൈഎസ്പി എം.അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം യഹിയയെ ചോദ്യം ചെയ്തു വരികയാണ്. ശ്രീനിവാസൻ വധക്കേസിൽ ഇതുവരെ 37 പേർ അറസ്റ്റിലായി.