നിയമനത്തിൽ അഴിമതി ആരോപണം ; യുഡിഎഫ് ഭരണസമിതിക്ക് എതിരെ കോൺഗ്രസ് പ്രതിഷേധം
Mail This Article
മണ്ണാർക്കാട്∙ യുഡിഎഫ് ഭരിക്കുന്ന പൊറ്റശ്ശേരി സർവീസ് സഹകരണ ബാങ്കിൽ നിയമനത്തിന്റെ മറവിൽ അഴിമതി ആരോപിച്ച് ഒരു വിഭാഗം കോൺഗ്രസ് ഡയറക്ടർമാരുടെ സമരം. പ്രവേശന പരീക്ഷ പ്രതിഷേധക്കാർ തടഞ്ഞു. തുർന്നു പരീക്ഷ മാറ്റിവച്ചു. യുഡിഎഫ് ഭരണസമിതിക്കെതിരെ കോൺഗ്രസ്സുകാരായ 4 ഡയറക്ടർമാരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇവർക്കു പിന്തുണയുമായി ഒരു വിഭാഗം ബാങ്ക് അംഗങ്ങളും ഉദ്യോഗാർഥികളുടെ രക്ഷിതാക്കളും രംഗത്തെത്തിയതോടെ പൊലീസും സ്ഥലത്തെത്തി.
നിലവിലുള്ള 3 ഒഴിവ് നാലാക്കി നിയമനം നടത്താൻ ഭരണസമിതി തീരുമാനിച്ചിരുന്നുവെന്നും എന്നാൽ, 4 എന്നത് അഞ്ചാക്കി മിനിറ്റ്സിൽ രേഖപ്പെടുത്തിയാണ് അഴിമതിക്കു കളം ഒരുക്കിയതെന്നും ബാങ്ക് ഡയറക്ടറും മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമായ ജോയ് ജോസഫ് ആരോപിച്ചു. കോൺഗ്രസോ മുന്നണിയോ അറിയാതെയാണ് ഈ നീക്കം. ഇത് അനുവദിക്കില്ല. അഴിമതിക്കു കളമൊരുക്കാനാണു കോൺഗ്രസുകാരനായ പ്രസിഡന്റ് ജയപ്രകാശ് നെടുങ്ങാടിയെ നിർബന്ധിപ്പിച്ചു രാജി വയ്പിച്ചു പകരം മുസ്‌ലിം ലീഗിന്റെ സി.ടി.അലിയെ പ്രസിഡന്റാക്കിയതെന്നു പ്രതിഷേധിച്ച കോൺഗ്രസ് അംഗങ്ങൾ ആരോപിച്ചു.
ഇത്തരത്തിൽ നിയമനം നടത്തുന്നതിനെതിരെ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ അനുകൂല ഉത്തരവ് ലഭിച്ചുവെന്നും ജോയ് പറഞ്ഞു. വ്യാഴാഴ്ച പ്രവേശന പരീക്ഷ നടക്കുമെന്ന് ഉദ്യോഗാർഥികളെ റജിസ്ട്രേഡ് തപാൽ വഴി അറിയിച്ചിരുന്നു. എന്നാൽ, ബുധനാഴ്ച രാത്രി പരീക്ഷ മാറ്റിവച്ചെന്ന് ഉദ്യോഗാർഥികളെ ഫോണിൽ അറിയിച്ചെന്നും രാവിലെ വീണ്ടും വിളിച്ചു പരീക്ഷയുണ്ടെന്ന് അറിയിച്ചെന്നുമാണ് ഉദ്യോഗാർഥികൾ പറയുന്നത്. ഇതുകാരണം പലർക്കും പരീക്ഷയ്ക്ക് എത്താൻ കഴിഞ്ഞില്ലെന്നും ഉദ്യോഗാർഥികളും പ്രതിഷേധക്കാരും പറഞ്ഞു. പരീക്ഷ മാറ്റിവയ്ക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ഈ ആവശ്യം ഉന്നയിച്ചു കോൺഗ്രസ് ഡയറക്ടർമാരായ ജോയ് ജോസഫ്, പി.ബാലൻ, സണ്ണി മൂഴിയിൽ, പി.രാമകൃഷ്ണൻ എന്നിവർ പരീക്ഷ നടക്കുന്ന ഹാളിലേക്കുള്ള കോണിപ്പടിയിൽ കുത്തിയിരിപ്പു നടത്തി. അഴിമതിക്കാരനായ പ്രസിഡന്റ് രാജി വയ്ക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഇതിനിടെ ബാങ്ക് പ്രസിഡന്റ് സി.ടി.അലിയുടെ നേതൃത്വത്തിൽ ഭരണസമിതി അംഗങ്ങളും സഹകരണ വകുപ്പ് പ്രതിനിധികളും പൊലീസും ചേർന്നു നടത്തിയ ചർച്ചയിൽ പരീക്ഷ മറ്റൊരു ദിവസത്തേക്കു മാറ്റിവയ്ക്കാൻ തീരുമാനിച്ചു. പുതിയ തീയതി ഉദ്യോഗാർഥികളെ അറിയിക്കുമെന്നും ഭരണസമിതി അറിയിച്ചു.
ബാങ്ക് പ്രസിഡന്റ് സി.ടി.അലി
ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. പറഞ്ഞു. നിലവിൽ 3 ഒഴിവിലേക്കാണു നിയമനം നടത്തുന്നത്. ഒഴിവു വരുന്ന മുറയ്ക്കു രണ്ടു നിയമനം കൂടി നടത്തുമെന്നാണു ഭരണസമിതി തീരുമാനിച്ചിട്ടുള്ളത്. പ്രതിഷേധിക്കുന്ന ഡയറക്ടർമാർ ഉൾപ്പെടെയുള്ളവർ എടുത്ത തീരുമാനമാണിത്. മുന്നണി ധാരണ പ്രകാരമാണു മുൻ പ്രസിഡന്റ് രാജി വച്ചത്. നിർബന്ധിപ്പിച്ചു രാജി വയ്പ്പിച്ചെന്നതു ശരിയല്ല. ഹൈക്കോടതി ഉത്തരവ് വന്നപ്പോഴുണ്ടായ ആശയക്കുഴപ്പമാണു പരീക്ഷ മാറ്റിയെന്ന് ഉദ്യോഗാർഥികളെ അറിയിക്കാനിടയാക്കിയത്. മറിച്ചുള്ള ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണ്.