ശ്രീനിവാസൻ വധക്കേസ്: സി.എ. റൗഫിന്റെ അറസ്റ്റ് രേഖപ്പെടുത്തി
Mail This Article
പാലക്കാട് ∙ ആർഎസ്എസ് നേതാവ് എ.ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പോപ്പുലർ ഫ്രണ്ട് മുൻ സംസ്ഥാന സെക്രട്ടറി സി.എ.റൗഫിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു റിമാൻഡിലായിരുന്ന റൗഫിനെ വിയ്യൂർ ഹൈ സെക്യൂരിറ്റി ജയിലിലെത്തിയാണു ശ്രീനിവാസൻ വധക്കേസിലെ അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ 41ാം പ്രതിയായ റൗഫിനെതിരെ ഗൂഢാലോചന, പ്രേരണ കുറ്റങ്ങൾക്കാണു കേസ്.
കൊലപ്പെടുത്തേണ്ട എതിരാളികളുടെ പട്ടിക തയാറാക്കിയതിലും ഇയാൾക്കുള്ള പങ്ക് അന്വേഷണത്തിലാണ്. പോപ്പുലർ ഫ്രണ്ട് നിരോധനത്തിനു ശേഷം കഴിഞ്ഞ മാസം പട്ടാമ്പിയിൽ നിന്നാണ് എൻഐഎ റൗഫിനെ അറസ്റ്റ് ചെയ്തത്. ശ്രീനിവാസൻ വധക്കേസുമായി ബന്ധപ്പെട്ടു കോടതിയിൽ ഹാജരാക്കിയ റൗഫിനെ 8 ദിവസത്തേക്കു പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഡിവൈഎസ്പി എം.അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇയാളെ ചോദ്യം ചെയ്തു വരികയാണ്. അടുത്ത ദിവസങ്ങളിൽ തെളിവെടുപ്പും ഉണ്ടാകും. ശ്രീനിവാസൻ വധക്കേസിൽ ഇതുവരെ 40 പ്രതികൾ അറസ്റ്റിലായി.