കാറിന്റെ ഡോർ അശ്രദ്ധമായി തുറന്ന് അപകടം, ജോലിയിൽനിന്നു വിരമിക്കേണ്ടി വന്നു: 1.41 കോടി രൂപ നഷ്ടപരിഹാരം
Mail This Article
പാലക്കാട്∙ കാറിന്റെ ഡോർ അശ്രദ്ധമായി തുറന്നതിനാൽ അപകടം സംഭവിച്ച ഇരുചക്രവാഹന യാത്രക്കാരനായ റെയിൽവേ ലോക്കോ പൈലറ്റിന് 1.41 കോടി രൂപ നഷ്ടപരിഹാരം നൽകാൻ പാലക്കാട് അഡീഷനൽ മോട്ടർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ വിധിച്ചു. 2017 ലുണ്ടായ അപകടത്തിൽ പരുക്കേറ്റ എം.വി.സുരേഷിനാണു നഷ്ടപരിഹാരം ലഭിക്കുക.
മുന്നിൽ പോയ കാർ പെട്ടെന്നു നിർത്തി ഡ്രൈവർ ഡോർ തുറന്നപ്പോഴായിരുന്നു അപകടം. ഗുരുതരമായ പരുക്കേറ്റ സുരേഷിനു റെയിൽവേയിൽ നിന്നു സ്വയം വിരമിക്കേണ്ടി വന്നു. പരുക്കിന്റെ തീവ്രത, ആശുപത്രിച്ചെലവ്, വരുമാനനഷ്ടം, ഭാവിയിലുണ്ടായേക്കാവുന്ന വരുമാനനഷ്ടം തുടങ്ങിയവ കണക്കാക്കിയാണു ജഡ്ജി കെ.പി.തങ്കച്ചന്റെ വിധി. നഷ്ടപരിഹാരത്തുക കാറിന്റെ ഇൻഷുറൻസ് കമ്പനിയുടെ പാലക്കാട് ശാഖ ഒരു മാസത്തിനുള്ളിൽ കോടതിയിൽ കെട്ടിവയ്ക്കണം. ഒലവക്കോട് മലബാർ ആശുപത്രിക്കു മുന്നിലായിരുന്നു അപകടം. ഹർജിക്കാർക്കു വേണ്ടി അഡ്വ. അഭിലാഷ് തേങ്കുറിശ്ശിയും അഡ്വ. റോഷ്നി സുരേഷും ഹാജരായി.