പാലക്കാട് ജില്ലയിൽ ഇന്ന് (22-12-2022); അറിയാൻ, ഓർക്കാൻ
Mail This Article
അട്ടപ്പാടി ചുരത്തിൽ 26 മുതൽ ഗതാഗത നിരോധനം
അഗളി ∙ അട്ടപ്പാടി ചുരം വഴിയുള്ള ഗതാഗതം 26നു രാവിലെ 6 മുതൽ 31നു വൈകിട്ട് 6 വരെ പൂർണമായി നിരോധിച്ചതായി ഒറ്റപ്പാലം സബ് കലക്ടർ അറിയിച്ചു. മണ്ണാർക്കാട് - ചിന്നത്തടാകം റോഡ് നവീകരണത്തിന്റെ ഭാഗമായി അട്ടപ്പാടി ചുരം 9ാം വളവിൽ ഇന്റർലോക്കിങ് പ്രവൃത്തി നടക്കുന്നതിനാലാണു ഗതാഗത നിരോധനം ഏർപ്പെടുത്തിയത്.
ഈ ദിവസങ്ങളിൽ ആംബുലൻസും പൊലീസിന്റെയും അഗ്നിരക്ഷാസേനയുടെയും വാഹനങ്ങളും മാത്രമേ ഇതുവഴി അനുവദിക്കൂ. പൊതുഗതാഗതത്തിന്റെ ഭാഗമായി കെഎസ്ആർടിസി മണ്ണാർക്കാട് മുതൽ ഒൻപതാം വളവിനു സമീപം വരെയും, ഒൻപതാം വളവിനു ശേഷം പത്താം വളവു മുതൽ ആനക്കട്ടി വരെ സ്വകാര്യ ബസുകളും ഓരോ മണിക്കൂർ ഇടവേളയിൽ സർവീസ് നടത്തും.
ഫുട്ബോൾ: ബോർഡ് മാറ്റണം
കടമ്പഴിപ്പുറം∙ പഞ്ചായത്ത് പരിധിയിൽ ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ച് സ്ഥാപിച്ചിട്ടുള്ള എല്ലാ ഫ്ലെക്സ് ബോർഡുകളും ഹൈക്കോടതി വിധി പ്രകാരം അടിയന്തരമായി എടുത്തു മാറ്റണമെന്നു പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഒരു കാരണവശാലും ഫ്ലെക്സുകൾ കത്തിക്കാൻ പാടില്ല. അഞ്ചു ദിവസത്തിനകം എടുത്തു മാറ്റിയിട്ടില്ലെങ്കിൽ ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതെന്ന് സെക്രട്ടറി അറിയിച്ചു.