ADVERTISEMENT

പാലക്കാട് ∙ ട്രെയിനിൽ കടത്താൻ ശ്രമിച്ച 1.7 കിലോഗ്രാം ചരസ് എക്സൈസും ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും ചേർന്നു നടത്തിയ പരിശോധനയിൽ പിടികൂടി. പരിശോധന മുൻകൂട്ടി അറിഞ്ഞ പ്രതി ചരസ് അടങ്ങിയ ബാഗ് ഉപേക്ഷിച്ചു കടന്നുകളഞ്ഞു. ഇന്നലെ ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണു ഷാലിമാർ – തിരുവനന്തപുരം എക്സ്പ്രസ് ട്രെയിനിന്റെ ജനറൽ കംപാർട്മെന്റിലെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ ചരസ് കണ്ടെത്തിയത്. വിശാഖപട്ടണം തുനിയിൽ നിന്നാണ് ഇവ എത്തിച്ചതെന്നും കൊച്ചിയിലെത്തിച്ചു വിമാന മാർഗം സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിലേക്കു കടത്താനായിരുന്നു ശ്രമമെന്നും എക്സൈസിനു വിവരം ലഭിച്ചിട്ടുണ്ട്. സിസിടിവി പരിശോധനയിലൂടെ പ്രതികളെക്കുറിച്ചു സൂചന ലഭിച്ചിട്ടുണ്ട്.

പിടികൂടിയ ചരസിനു രാജ്യാന്തര വിപണിയിൽ 1.70 കോടി രൂപ വിലമതിക്കുമെന്നും സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയേറെ അളവിൽ ചരസ് പിടികൂടുന്നതെന്നും എക്സൈസ് പറഞ്ഞു.രാജ്യാന്തര ലഹരിക്കടത്തു സംഘവുമായുള്ള ബന്ധം ഉൾപ്പെടെ അന്വേഷിക്കുന്നുണ്ടെന്നു പരിശോധനയ്ക്കു നേതൃത്വം നൽകിയ എക്സൈസ് സിഐ പി.കെ.സതീഷ് അറിയിച്ചു. കഞ്ചാവിന്റെ മൂപ്പു കുറഞ്ഞ ഭാഗം സംസ്കരിച്ചു നിർമിക്കുന്ന ചരസിന്റെ ഉപയോഗം കേരളത്തിൽ കുറവാണെന്നും കൂടിയ അളവിൽ കഞ്ചാവു കടത്തുമ്പോൾ പിടിക്കപ്പെടുന്നതോടെയാവാം കഞ്ചാവു സംസ്കരിച്ച് ചരസാക്കി മാറ്റി കടത്താനുള്ള ശ്രമമെന്നും എക്സൈസ് പറയുന്നു.

റെയിൽവേ ആർപിഎഫ് ഐജി ജി.എം.ഈശ്വരറാവുവിന്റെ നിർദേശപ്രകാരം പാലക്കാട്‌ ആർപിഎഫ് ഡിവിഷനൽ സെക്യൂരിറ്റി കമ്മിഷണർ അനിൽകുമാർ നായരുടെ മേൽനോട്ടത്തിലായിരുന്നു പരിശോധന.ആർപിഎഫ് സി.ഐ എൻ.കേശവദാസ്, എക്സൈസ് സിഐ പി.കെ.സതീഷ്, ആർപിഎഫ് എസ്ഐമാരായ എ.പി.ദീപക്, എ.പി.അജിത് അശോക്, എഎസ്ഐ കെ.സജു, ഹെഡ് കോൺസ്റ്റബിൾമാരായ എൻ.അശോക്, ഒ.കെ.അജീഷ്, കോൺസ്റ്റബിൾ പി.പി.അബ്ദുൽ സത്താ൪, എക്സൈസ് പ്രിവന്റീവ് ഓഫിസർമാരായ കെ.പ്രസാദ്, എം.സുരേഷ്‌കുമാർ, സിഇഒമാരായ എ.സാദത്ത്‌, എ.അനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com