മുത്തശ്ശിയെക്കുറിച്ചുള്ള വരികൾ സാരിയിൽ തുന്നി കൊച്ചുമകൾ; കണ്ണുകൾ നിറഞ്ഞു ശ്രീദേവി അന്തർജനം
Mail This Article
പാലക്കാട്∙ മഹാകവി ഒളപ്പമണ്ണയുടെ അര ഡസൻ കവിതകൾ ഭാര്യ ശ്രീദേവി അന്തർജനത്തെക്കുറിച്ചു തന്നെയായിരുന്നു. കുടുംബ വൃത്തത്തിനുള്ളിൽ നിന്നു കവിതയെഴുതിയ മഹാകവിയുടെ വരികൾ സാരിയിൽ തുന്നി ചേർത്താണ് പേരക്കുട്ടി ശ്രീദേവി ഒളപ്പമണ്ണ ഇന്നലെ ഒളപ്പമണ്ണ ജന്മശതാബ്ദി സാഹിത്യോത്സവത്തിൽ എത്തിയത്. ‘ചന്ദനം’ എന്ന കവിതയിലെ സ്ത്രീപക്ഷ വരികൾ തന്നെയാണ് ചെറുമകളുടെ സാരിയിൽ തുന്നിയതും.
‘നിന്റെ കയ്യെത്താത്തേടം,
നിന്റെ കണ്ണെത്താത്തേടം,
നീയാകെയെത്താത്തേട-
മില്ലയിക്കുംടുംബത്തിൽ’
ശ്രീദേവിയുടെ കരുതലിനെക്കുറിച്ച് കവി എഴുതിയ വരികൾ ഉടുത്ത ചെറുമകളെ കണ്ടപ്പോൾ ശ്രീദേവി അന്തർജനത്തിന്റെ കണ്ണുകൾ നിറഞ്ഞു. ശ്രീദേവി അന്തർജനം ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്നു മെലിഞ്ഞപ്പോഴാണു കവി ‘ചന്ദനം’ എന്ന കവിതയെഴുതുന്നത്. രാവിലെയീറൻ കെട്ടുന്നതു മുതൽ കുടുംബത്തിനു വേണ്ടി ചന്ദനത്തെപ്പോലെ സുഗന്ധം പരത്തി അരഞ്ഞു തീരുകയാണ് ശ്രീദേവി എന്ന് ഓർമിപ്പിക്കുന്നതാണ് കവിത. കുടുംബത്തിനുള്ളിലെ സ്ത്രീകളുടെ അവസ്ഥ തുറന്നുകാട്ടുന്നതാണ് ഈ വരികൾ. വിവാഹ ജീവിതത്തിലേക്ക് വധുവായി കൈപിടിച്ച് എത്തിയപ്പോൾ കവി എഴുതിയ ‘ഏഹി സൂനരി’ (വരൂ സുന്ദരി) എന്ന കവിതയുടെ വരികളും ശ്രീദേവി അന്തർജനം ഓർത്തെടുത്തു.
വെറുമൊരു നാരിൽ കോർത്ത ബന്ധത്തിന് ജീവിതാന്ത്യം വരെ അറ്റുപോകാത്തത്ര ദൃഢതയുണ്ടെന്ന് അദ്ദേഹം കവിതയിലൂടെ ശ്രീദേവിയോട് പറഞ്ഞിരുന്നു. ‘ശ്രീദേവീ നമുക്കുള്ള ജീവിതം തീത്തൈലം പോൽ ചൂടുള്ളതല്ലോ, സ്വാദുവല്ലയോ മധുപോലെ’ എന്ന് എഴുതിയ വരികൾ വായിച്ചായിരുന്നു 16–ാം വയസ്സിൽ ശ്രീദേവി അന്തർജനം കവിയുമൊത്തുളള ജീവിതം ആരംഭിക്കുന്നത്. പേരക്കുട്ടിയുടെ സാരിയിലെ വരികൾ വായിച്ച ശ്രീദേവി അദ്ദേഹത്തിന്റെ ഒപ്പമുള്ള സ്നേഹപൂർണമായ ജീവിതത്തെക്കുറിച്ചുള്ള ഓർമകളും കുടുംബാംഗങ്ങളോടു പങ്കുവച്ചു.