ADVERTISEMENT

പാലക്കാട് ∙ പി.ടി. ഏഴാമൻ കൊമ്പനെ പിടികൂടാനുള്ള ദൗത്യ സംഘത്തിൽ വയനാട് മുത്തങ്ങയിൽ നിന്നുള്ള കുങ്കിയാന സുരേന്ദ്രൻ. ശനി രാവിലെയോടെ ആനയെ മയക്കുവെടി വയ്ക്കാനുള്ള ശ്രമം തുടങ്ങാനാണു നീക്കം. വ്യാഴാഴ്ച രാത്രി ഏഴോടെയാണ് ആനയെ കൊണ്ടുവരാനുള്ള അനുമതി ചീഫ് വൈൽഡ് ലൈഫ് വാർഡനിൽ നിന്നു ലഭിച്ചത്. ഒരു കുങ്കിയെ കൂടി വേണമെന്നു ദൗത്യ സംഘം ആവശ്യപ്പെട്ടിരുന്നു. വയനാട്ടിലെ പിഎം–2 കാട്ടാനയെ പിടികൂടാനുള്ള സംഘത്തിലെ പ്രധാനിയായിരുന്നു സുരേന്ദ്രൻ.

വനംവകുപ്പ് ചീഫ് വെറ്ററിനറി ഓഫിസർ ഡോ.അരുൺ സഖറിയയും ഇന്നലെ പാലക്കാട്ടെത്തി. വയനാട്ടിൽ നിന്നുള്ള കൂടുതൽ പേർ എത്തും. വെടിവയ്ക്കാൻ യോജ്യമായ സ്ഥലവും സമയവും കണ്ടെത്തണം. അതിനുള്ള പരിശോധന നടത്തും. ഏഴാമൻ മറ്റ് ആനകളോടൊപ്പം ആണെങ്കിൽ അതിനെ കൂട്ടത്തിൽ നിന്നു മാറ്റാനുള്ള ശ്രമങ്ങളും നടത്തണം. ആനയെ ഉൾക്കാട്ടിൽ നിന്നു പുറത്തെത്തിച്ചു മയക്കുവെടി വയ്ക്കാനാണു നീക്കം. 

അതേസമയം കൊമ്പനെ പിടികൂടാനുള്ള നടപടികൾ വൈകുന്നതിൽ നാട്ടുകാർക്ക് ആശങ്കയുണ്ട്. കൂട് പൂർത്തിയായ ഉടനെ ആനയെ പിടികൂടാനുള്ള നടപടി തുടങ്ങുമെന്നായിരുന്നു വനംവകുപ്പ് അറിയിച്ചിരുന്നത്. ‌എന്നാൽ കൂട് പൂർത്തിയാക്കി ഒരാഴ്ച കഴിഞ്ഞിട്ടും നടപടി വൈകുന്നതിൽ നാട്ടുകാർക്ക് പ്രതിഷേധമുണ്ട്. 

കൃഷിനാശം തുടരുന്നു

കൊമ്പനെ പിടികൂടാനുള്ള ശ്രമങ്ങൾ തകൃതിയായി നടക്കുമ്പോഴും പി.ടി. ഏഴാമൻ നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്നതു പതിവാകുന്നു. മറ്റു രണ്ടു കാട്ടാനകൾക്കൊപ്പമാണ് ഏഴാമൻ എത്തുന്നത്. കഴിഞ്ഞ ദിവസം പുതുപ്പരിയാരം പഞ്ചായത്തിലെ കയ്യറ, അരുപറ, ഞാറക്കോട് എന്നിവിടങ്ങളിലെത്തി നെൽക്കൃഷി നശിപ്പിച്ചു. വി.വി.സതീഷ്, എൻ.കെ.കൃഷ്ണൻകുട്ടി, കെ.ദേവദാസ് എന്നീ കർഷകരുടെ കൊയ്യാറായ രണ്ടേക്കറോളം പാടമാണു നശിപ്പിച്ചത്. 

 ധോണി മായാപുരം, വരക്കുളം എന്നീ ഭാഗത്തും നെൽപാടങ്ങളും വാഴത്തോട്ടം നശിപ്പിച്ചിരുന്നു. മയക്കുവെടി വയ്ക്കും വരെ കാട്ടിൽ തന്നെ ഒതുക്കി നിർത്താമെന്നു വനംവകുപ്പ് കരുതിയ ഏഴാമനാണു ജനവാസ മേഖലയിൽ എത്തുന്നത്.നിലവിൽ ഏഴു കാട്ടാനകൾ ധോണി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ എത്തുന്നുണ്ട്. നെൽപാടത്തിനു സമീപം രാത്രി മുതൽ പുലർച്ചെ വരെ തീ കൂട്ടി നാട്ടുകാർ കാവൽ ഇരിക്കുന്നുണ്ട്.  പടക്കം എറിഞ്ഞാൽ തിരിഞ്ഞ് ആക്രമിക്കാൻ വരുന്ന കാട്ടാനക്കൂട്ടം എപ്പോൾ വേണമെങ്കിലും അക്രമാസക്തമാകാമെന്നതു ഭീതിപരത്തുന്നു. ഏഴാമനെ കൂടാതെ മറ്റ് ആനകളും ശല്യക്കാരായി മാറിയത് നാടിനെ കൂടുതൽ ഭീതിയിലാക്കി.

ഏഴാമനെ പിടികൂടാനുള്ള അന്തിമ ഒരുക്കങ്ങൾ ഇങ്ങനെ

∙ കാട്ടാനയെ പിടികൂടിയാൽ കൊണ്ടുവരാനുള്ള ലോറി തയാറായി. ലോറിയുടെ പിൻഭാഗത്തു മരത്തടികൾ കൊണ്ടു കവചം ഒരുക്കിയിട്ടുണ്ട്
∙ ലോറിക്കു പോകാനായി മണ്ണു മാന്തി യന്ത്രം ഉപയോഗിച്ചു വഴി ഒരുക്കി. വെടിവയ്ക്കാൻ യോജ്യമായ സ്ഥലം കണ്ടെത്തിയാൽ അവിടേക്കു      വഴി ഒരുക്കും.
∙ ആനയുടെ കൂട്ടിൽ ചൂടു കുറയ്ക്കാൻ മണ്ണു ദിവസവും നനച്ചു കൊടുക്കുന്നുണ്ട്
∙ ഏഴാമനെ പിടികൂടിയാൽ നൽകാനുള്ള പ്രത്യേക ഭക്ഷണവും മരുന്നും തയാറായി

 വെല്ലുവിളികൾ:

∙ ഏഴാമനൊപ്പം മറ്റു കാട്ടാനകൾ ഉള്ളത് വെല്ലുവിളിയാണ്. ഏഴാമനെ ഈ കൂട്ടത്തിൽ നിന്നകറ്റിയാൽ എങ്ങനെ പ്രതികരിക്കുമെന്നതു           വനംവകുപ്പ് ആശങ്കയോടെ കാണുന്നു.
∙ ഉൾകാട്ടിൽ വച്ചു മയക്കുവെടി വച്ചാൽ അതിനെ അത്രയും ദൂരത്തു നിന്നു കൂട്ടിൽ എത്തിക്കുന്നതു പ്രയാസമാകും. ഉൾക്കാട്ടിലും ജനവാസ മേഖലയിലും അല്ലാത്ത സ്ഥലത്ത് ആനയെ എത്തിച്ചു വേണം വെടിവയ്ക്കാൻ.
∙ ധോണിയിൽ വനമേഖലയിൽ തുറസ്സായ സ്ഥലമില്ലാത്തതു ചെറിയ പ്രതിസന്ധിയാണ്. സുൽത്താൻബത്തേരിയിലെ കാട്ടിൽ തുറസ്സായ സ്ഥലം കൂടുതൽ ഉണ്ടായതു പി.എം.രണ്ടാമനെ പിടിക്കാനുള്ള ശ്രമങ്ങൾക്കു സഹായമായി.
∙ വെടിവച്ചാലും മയങ്ങാൻ കുറഞ്ഞത് അര മണിക്കൂർ വേണ്ടി വരും. ഈ സമയത്തിനുള്ളിൽ ആന എങ്ങോട്ട്, എവിടെ വരെ പോകുമെന്നതും ആശങ്ക ഉയർത്തുന്നു.

കയ്യറ അരുപറയിൽ കാട്ടാനകൾ നശിപ്പിച്ച നെൽപാടത്തിനു സമീപം കർഷകരായ കെ.ദേവദാസ്,  വി.വി.സതീഷ്, എൻ.കെ.കൃഷ്‌ണൻകുട്ടി.    ചിത്രം: മനോരമ
കയ്യറ അരുപറയിൽ കാട്ടാനകൾ നശിപ്പിച്ച നെൽപാടത്തിനു സമീപം കർഷകരായ കെ.ദേവദാസ്, വി.വി.സതീഷ്, എൻ.കെ.കൃഷ്‌ണൻകുട്ടി.ചിത്രം:മനോമ

പ്രശ്നങ്ങൾ മനസ്സിലാക്കാതെ വനം വകുപ്പിലെ ഉന്നതർ

പാലക്കാട് ∙ ധേ‍ാണിപ്രദേശത്ത് ഭീതിവിതച്ചുകെ‍ാണ്ടിരിക്കുന്ന പിടി–7 നെ പിടികൂടാൻ മൂന്നാമത്തെ കുങ്കിക്കുളള അനുമതി വൈകാൻ കാരണം മേഖലയിലെ പ്രശ്നങ്ങളുടെ ഗൗരവം മനസ്സിലാക്കാൻ തയാറാകാതെയുളള വകുപ്പ് ഉന്നതരുടെ പിടിവാശി.വയനാട്ടിലെ ഒ‍ാപ്പറേഷനിടയിൽ, കാലിന് പരുക്കേറ്റ ടീം ലീഡർ ചീഫ് ഫേ‍ാറസ്റ്റ് വെറ്ററിനറി ഒ‍ാഫിസർ ഡേ‍ാ.അരുൺ സഖറിയ ചികിത്സയിലായതേ‍ാടെയാണ് ധേ‍‍ാണിയിലെ നടപടി നീണ്ടത്.

പിന്നീട് വിദഗ്ധ സംഘത്തിലെ ഒരു വിഭാഗം 18 ന് ധേ‍ാണിയിലെത്തി. വയനാട്ടിലെ സംഭവത്തിന്റെ പശ്ചാത്തലത്തിൽ, നടപടി ഏളുപ്പത്തിലും കൂടുതൽ സുരക്ഷിതവുമാക്കാൻ മുത്തങ്ങയിലെ സുരേന്ദ്രൻ കുങ്കിയെക്കൂടി വേണമെന്ന് അധികൃതർ നാലു ദിവസം മുൻപ് വകുപ്പിനേ‍ാട് ആവശ്യപ്പെട്ടതായാണ് വിവരം. തമിഴ്നാട്ടിൽ നിന്നു കുങ്കികളെ എടുക്കാനായിരുന്നു ഉന്നതരുടെ നിർദേശം. സുരേന്ദ്രനെ പാലക്കാട്ട് എത്തിച്ചാൽ വയനാട്ടിൽ എന്തെങ്കിലും സംഭവിച്ചാൽ എന്തുചെയ്യുമെന്ന ചേ‍ാദ്യവുമുണ്ടായി.

എന്നാൽ, നടപടികൾക്കായി നേരത്തേ, പാലക്കാട് എത്തിച്ച വിക്രം, ഭരതൻ എന്നീ കുങ്കികൾക്ക് പരിചയമില്ലാത്ത മറ്റെ‍ാരു കുങ്കിയെത്തിയാൽ ഒ‍‍ാപ്പറേഷനിടയിൽ അവ പരസ്പരം കലഹിച്ച് ഏറ്റുമുട്ടാനുള്ള സാധ്യത മേഖലാതല ഉദ്യേ‍ാഗസ്ഥർ ചൂണ്ടിക്കാട്ടി. തമിഴ്നാട്ടിൽ നിന്ന് കുങ്കിയെ ലഭിക്കാനുളള കാലതാമസവും മറ്റെ‍ാരു പ്രശ്നമാണ്. എത്രയും പെട്ടെന്ന് പിടി 7–നെ പിടികൂടാനുള്ള നീക്കമാണ് വേണ്ടതെന്ന് താഴേക്കിടയിലുള്ള ഉദ്യേ‍ാഗസ്ഥരും വ്യക്തമാക്കിയതായാണ് സൂചന. കണ്ടാൽ ഒ‍ാടിയടുക്കുന്ന സ്വഭാവം പിടി–7 നുള്ളതിനാൽ കൂടുതൽ കരുതൽ ആവശ്യമാണ്.

സംസ്ഥാനത്ത് നേരത്തെയുണ്ടായിരുന്ന മികച്ച കുങ്കികളെ ഇടക്കാലത്ത് ആനപിടുത്തം നിരേ‍ാധിച്ചതേ‍ാടെ ഒഴിവാക്കിയിരുന്നു. പിന്നീട് കാട്ടാനകൾ ജനവാസമേഖലയിലുണ്ടാക്കുന്ന ഗുരുതര പ്രശ്നങ്ങൾ നേരിടാൻ കുങ്കികളില്ലാത്തത് വനംഉദ്യേ‍ാഗസ്ഥരെ വലച്ചു. തുടർന്ന് 2016 മുതൽ ഡേ‍ാ.അരുൺ സഖറിയയുടെ നേതൃത്വത്തിൽ നടത്തിയ നീക്കത്തിന്റെ ഫലമായാണ് സംസ്ഥാനത്ത് 7 കുങ്കിയാനകളെ വളർത്തിയെടുത്തത്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com