‘പാലക്കാട് വൈവിധ്യമാർന്ന സാധ്യതകളുള്ള ജില്ല’; കലക്ടർ ഡോ.എസ്.ചിത്ര ചുമതലയേറ്റു
Mail This Article
പാലക്കാട് ∙ വൈവിധ്യമാർന്ന മേഖലകളിൽ പ്രവർത്തിക്കാൻ സാധ്യതകളുള്ള ജില്ലയാണു പാലക്കാടെന്നു പുതുതായി ചുമതലയേറ്റ കലക്ടർ ഡോ.എസ്.ചിത്ര. മുൻ കലക്ടർ മൃൺമയി ജോഷി ശശാങ്ക് തുടങ്ങിവച്ച പ്രവൃത്തികൾ പൂർത്തിയാക്കുന്നതിനൊപ്പം ജില്ലയ്ക്കാകെ മെച്ചമാകുന്ന രീതിയിൽ പ്രവർത്തിക്കും. അട്ടപ്പാടി പോലെയുള്ള മേഖലകളിലെ പ്രശ്നപരിഹാരത്തിനു നടപടി സ്വീകരിക്കും. ഡോക്ടർ എന്ന നിലയിൽ അട്ടപ്പാടിയുടെ ആരോഗ്യകാര്യത്തിൽ പ്രത്യേക താൽപര്യമെടുക്കും. യാത്രയെ ഏറെ ഇഷ്ടപ്പെടുന്ന ആളായതിനാൽതന്നെ പാലക്കാടിനെ ഏറെ ഇഷ്ടമാണ്. മനോഹരമാണ് ഈ ജില്ല. സർക്കാരിന്റെ പദ്ധതികൾ കൃത്യമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും അവർ പറഞ്ഞു.
എഡിഎം കെ. മണികണ്ഠൻ കലക്ടറെ സ്വീകരിച്ചു. സ്ഥലംമാറിപ്പോകുന്ന മൃൺമയി ജോഷി ശശാങ്കിനു യാത്രയയപ്പ് നൽകി. എഡിഎം കെ. മണികണ്ഠൻ, ഒറ്റപ്പാലം സബ് കലക്ടർ ഡി. ധർമലശ്രീ, അസിസ്റ്റന്റ് കലക്ടർ ഡി. രഞ്ജിത്, ഹുസൂർ ശിരസ്തദാർ രാജേന്ദ്രൻ പിള്ള എന്നിവർ പ്രസംഗിച്ചു.
2014 ഐഎഎസ് ബാച്ചുകാരിയായ ഡോ. എസ്. ചിത്ര ആലപ്പുഴ സ്വദേശിനിയാണ്. കൊല്ലം അസിസ്റ്റന്റ് കലക്ടർ, സബ് കലക്ടർ, സംസ്ഥാന ഐടി മിഷൻ ഡയറക്ടർ, ലേബർ കമ്മിഷണർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിരുന്നു. ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി, കേരള മെഡിക്കൽ സർവീസ് കോർപറേഷനിൽ എംഡി എന്നീ ചുമതലകൾ വഹിക്കുകയായിരുന്നു ഇതുവരെ.