ബജറ്റിൽ എന്തു തന്നു?; പൊട്ടിത്തെറിച്ച് നെൽകർഷകർ
Mail This Article
പാലക്കാട്∙‘‘ഞങ്ങൾ ഇങ്ങനെ കുറെപേർ ചേറിലും ചെളിയിലും പാടത്തുമൊക്കെ ഇറങ്ങിപ്പണിയെടുക്കുന്നതുകൊണ്ടാണു നിങ്ങളൊക്കെ വയറു നിറയെ കഴിക്കുന്നത്. പട്ടിണി കിടക്കാത്തത്. എന്നിട്ടും നിങ്ങൾ നെൽക്കൃഷിമേഖലയ്ക്കായി എന്തു ചെയ്തു? ബജറ്റിൽ എന്തു തന്നു? കഴിഞ്ഞ നവംബറിൽ നെല്ലളന്നവർക്കു പോലും ഇതുവരെ നെല്ലിന്റെ വില കൊടുത്തിട്ടില്ല’’, ചോദിക്കുന്നത് കേരളത്തെ ഊട്ടുന്ന പാലക്കാട്ടെ കർഷകരാണ്.
നെല്ലു സംഭരണത്തിനു പ്രത്യേക തുക വകയിരുത്തണമെന്ന ദീർഘകാല ആവശ്യം പരിഗണിച്ചില്ലെന്നു മാത്രമല്ല സംഭരണ വിലയിൽ വർധന വരുത്തിയിട്ടുമില്ല. സംഭരിച്ച നെല്ലിന്റെ പണം യഥാസമയം കിട്ടാതെ അടുത്ത സീസണിലും കർഷകർ കഷ്ടപ്പെടുമെന്ന് ഉറപ്പായി. നെല്ലു സംഭരണത്തിനു പ്രതിവർഷം കുറഞ്ഞത് 1300 കോടി രൂപ വേണമെന്നിരിക്കെ ബജറ്റിൽ നെൽക്കൃഷി വികസനത്തിനു നീക്കിവച്ചത് 95.1 കോടി രൂപ മാത്രം. ഇതു നെൽക്കൃഷിയുമായി ബന്ധപ്പെട്ടു നടപ്പാക്കുന്ന വിവിധ പദ്ധതികൾക്കു പോലും തികയില്ല.
സർക്കാരിന്റെ സംഭരണ ഏജൻസിയായ സപ്ലൈകോയ്ക്ക് നെല്ലു നൽകിയ കർഷകർക്ക് ഇനിയും പണം നൽകാനുണ്ട്. പാലക്കാട് ജില്ലയിൽ മാത്രം 92 കോടി രൂപയാണു കുടിശിക. ബാങ്കുകളുടെ കൺസോർഷ്യം വഴിയും കേരള ബാങ്കിൽ നിന്നു പ്രത്യേക വായ്പ വഴിയും പണം സംഘടിപ്പിക്കാനുള്ള ശ്രമം യഥാസമയം നടക്കാത്തതിനാലാണു പണം കൈമാറാൻ വൈകിയത്. സപ്ലൈകോയുടെ കടമെടുപ്പു പരിധി വർധിപ്പിക്കാതെ കൂടുതൽ വായ്പ ലഭിക്കില്ല. കേന്ദ്രസർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും വിഹിതം ഉൾപ്പെടുത്തി കിലോയ്ക്ക് 28.20 രൂപയ്ക്കാണ് നെല്ല് സംഭരിക്കുന്നത്. പക്ഷേ, കഴിഞ്ഞ രണ്ടു തവണ കേന്ദ്രം വിഹിതം വർധിപ്പിച്ചപ്പോൾ അതേ തുക സംസ്ഥാനം തങ്ങളുടെ വിഹിതത്തിൽ നിന്നു കുറയ്ക്കുകയാണു ചെയ്തത്. ഫലത്തിൽ വർധനയുടെ പ്രയോജനം ലഭിച്ചില്ല.
ആറാം ബജറ്റിലും റൈസ് പാർക്ക്; ആ പാർക്കാണോ ഈ പാർക്ക് ?
ഇത്തവണയും പാലക്കാട് ജില്ലയിൽ ബയോ റൈസ് പാർക്ക് ഇടം പിടിച്ചു. പത്തു കോടിയും അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ 6 ബജറ്റുകളിലായി പ്രഖ്യാപിച്ചു നടക്കാതെ പോയ റൈസ് പാർക്കാണോ അതോ കഞ്ചിക്കോട് കേന്ദ്രസർക്കാരിന്റെ മെഗാ ഫുഡ് പാർക്കിൽ ആരംഭിച്ച കേരള റൈസ് ലിമിറ്റഡിനു കീഴിലുള്ള പാർക്ക് ആണോ ഉദ്ദേശിച്ചതെന്നു വ്യക്തമല്ല.2012–13 ബജറ്റിലാണു പാലക്കാടും വയനാട്ടിലും ആലപ്പുഴയിലും ആദ്യം ബയോ റൈസ് പാർക്ക് പ്രഖ്യാപിച്ചത്.
2014–15, 2016–17, 2017–18, 2018–19 ബജറ്റുകളിലും അത് ആവർത്തിച്ചു. 2014–ൽ തൃത്താലയിൽ സ്ഥലം പരിശോധിച്ച്, കാർഷിക സർവകലാശാലയിലെ ഗവേഷകനെ നോഡൽ ഒാഫിസറായി നിയമിച്ചു. പ്രാഥമിക റിപ്പോർട്ട് നൽകിയെങ്കിലും തുടർനടപടിയുണ്ടായില്ല. പാർക്കിന് 15 കോടി രൂപയാണു ചെലവ്.