പറമ്പിൽ കെട്ടിയ കറവപ്പശുവിനെ കാട്ടാനക്കൂട്ടം കുത്തിക്കൊന്നു
Mail This Article
പാലക്കാട് ∙ വീടിനോടു ചേർന്ന പറമ്പിൽ കെട്ടിയിട്ട കറവപ്പശുവിനെ മൂന്നു കാട്ടാനകൾ ചേർന്നു ദാരുണമായി കുത്തിക്കൊന്നു. ധോണി കരുമെത്താൻപൊറ്റ കുറ്റിയിൽ വീട്ടിൽ കുഞ്ഞമ്മ തോമസിന്റെ, പ്രതിദിനം 18 ലീറ്റർ പാൽ നൽകിയിരുന്ന പശുവിനെയാണ് ശനിയാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെ കാട്ടാനക്കൂട്ടം കുത്തിക്കൊന്നത്.പശുവിന്റെ മൃതദേഹവുമായി നാട്ടുകാർ ധോണി– പാലക്കാട് റോഡ് ഉപരോധിക്കാൻ ഒരുങ്ങിയെങ്കിലും മതിയായ നഷ്ടപരിഹാരം നൽകാമെന്നും വന്യജീവി ശല്യം പരിഹരിക്കാമെന്നുമുള്ള വനംവകുപ്പിന്റെ ഉറപ്പിൽ സമരം അവസാനിപ്പിച്ചു.
പശുവിന്റെ വിലയായി മൃഗസംരക്ഷണവകുപ്പ് കണക്കാക്കിയ 65,000 രൂപയിൽ 60,000 രൂപ ഇന്നലെ കൈമാറി. ബാക്കി 5000 രൂപ പിന്നീടു കൈമാറുമെന്ന് അധികൃതർ അറിയിച്ചു. നേരത്തെ പ്രദേശത്തിനാകെ ശല്യമായ പിടി–7 കൊമ്പനെ കൂട്ടിലടച്ചതോടെ നാട്ടുകാർ ആശ്വസിച്ചെങ്കിലും ഇപ്പോഴും പ്രദേശത്തു കാട്ടാന ഭീഷണിയുണ്ട്.30 വർഷമായി പശുക്കളാണ് കുഞ്ഞമ്മയുടെ ഉപജീവനമാർഗം. 12 പശുക്കളാണ് കുഞ്ഞമ്മയ്ക്കു ഉള്ളത്. കൂട്ടത്തിൽ ഒന്ന് പ്രസവിച്ചതോടെ തൊഴുത്തിൽ സ്ഥലമില്ലാത്തതിനാൽ പുറത്തെ പറമ്പിൽ കെട്ടിയിട്ടിരിക്കുകയായിരുന്നു.
ഒരു കൊമ്പനും പിടിയും കുട്ടിയാനയുമാണു പറമ്പിൽ എത്തിയത്. കുഞ്ഞമ്മയും മകൻ ജിജോ തോമസും ശബ്ദമുണ്ടാക്കി ആനകളെ തുരത്തിയെങ്കിലും ഇവ തിരിച്ചു വന്നു പശുവിനെ ആക്രമിക്കുകയായിരുന്നു. പശുവിന്റെ ശരീരത്തിൽ പലയിടത്തും കുത്തുകൊണ്ട പാടുകളുണ്ട്. കുഞ്ഞമ്മയുടെ ബന്ധുവായ രാജൻ ജോർജിന്റെ പറമ്പിൽ കയറിയ കാട്ടാനക്കൂട്ടം തെങ്ങ്, പ്ലാവ്, വാഴ, കൈതച്ചക്ക എന്നിവ നശിപ്പിച്ചാണു തിരിച്ചു പോയത്. വെള്ളിയാഴ്ച രാത്രി 8 മണിയോടെ ഫെൻസിങ് തകർത്താണു കാട്ടാനകൾ ജനവാസമേഖലയിലേക്ക് എത്തിയത്.
‘‘രണ്ടു മാസം മുൻപു പ്രസവിച്ച പശുവാണ് ചത്തത്. സാധാരണ ഒന്നോ, രണ്ടോ പശുക്കളെ പറമ്പിൽത്തന്നെയാണു കെട്ടിയിടാറുള്ളത്. ഇതുവരെ ഇങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ല. കാട്ടാനക്കൂട്ടങ്ങൾ ഇത്തരത്തിൽ മൃഗങ്ങളെ ആക്രമിക്കാൻ തുടങ്ങിയാൽ ജീവിക്കാനുള്ള വരുമാനം നിലയ്ക്കും.’’കുഞ്ഞമ്മ തോമസ്