ADVERTISEMENT

അകത്തേത്തറ നടക്കാവിലെയും വാടാനാംകുറിശ്ശിയിലെയും റെയിൽവേ മേൽപാലങ്ങളുടെ ഉദ്ഘാടനം ഒരു വർഷത്തിനുള്ളിൽ പൂർത്തീകരിക്കുമെന്നാണു 2021 ജനുവരി 24 ന് നിർമാണോദ്ഘാടനം നടത്തിയ ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. കൊല്ലം ഒന്നല്ല, രണ്ടും കഴിഞ്ഞു. ഇപ്പോഴും പാലമായില്ല, തൂണുകൾ മാത്രമേയുള്ളു. പാലം നിർമാണത്തിന്റെ ഭാഗമായി ഗതാഗത നിയന്ത്രണത്തിലും മറ്റും ജനങ്ങൾ വല്ലാതെ വലയുന്നു. ഇപ്പോഴും നിർമാണത്തിന് പലവിധ പ്രതിസന്ധികൾ നേരിടുന്നു. 

വാടാനാംകുറിശ്ശി, നാട്ടുകാർക്കും സന്തോഷം വരട്ടെ

താൻ എംഎൽഎ ആയ ശേഷം നടന്ന ആദ്യ ബജറ്റിൽ തന്നെ വാടാനാംകുറിശ്ശി പാലം എന്ന് അന്നത്തെ ധനമന്ത്രി ടി.എം.തോമസ് ഐസക് പ്രഖ്യാപിച്ചപ്പോൾ  മനസ്സിൽ തോന്നിയ സന്തോഷത്തെക്കുറിച്ച് മുഹമ്മദ് മുഹസിൻ എംഎൽഎ പലയിടത്തും പ്രസംഗിക്കാറുണ്ട്. പക്ഷേ, ആ സന്തോഷം ജനങ്ങൾക്കു കൂടി നൽകാൻ ആ പാലം പണി എത്രയും വേഗം പൂർത്തീകരിക്കാൻ  ശക്തമായ ഇടപെടൽ വേണം. 

പട്ടാമ്പി –കുളപ്പുള്ളി റോഡിലെ വാടാനാംകുറുശ്ശി റെയിൽവേ മേൽപാല നിർമാണത്തിന് പലവിധ തടസ്സം  ഉണ്ടായി. പെ‍െലിങ് ജേ‍ാലിക്കിടെ പരിസരത്തെ വീടുകൾക്ക് കേടുപറ്റുകയും നാട്ടുകാരിൽ ചിലർ കോടതിയെ സമീപിക്കുകയും ചെയ്തതോടെ മൂന്നു മാസം പ്രവൃത്തി തടസ്സപ്പെട്ടു. പാലത്തിന് നിർമിക്കേണ്ടിയിരുന്ന 13 തൂണുകളുടെയും നിർമാണം വൈകാൻ ഇത് കാരണമായി. ആർബിഡിസികെയാണ് പാലം നിർമാണം നടത്തുന്നത്.

സ്ഥാപനം ഏറ്റെടുത്ത 10 പാലങ്ങൾക്കും ആവശ്യമായ സ്റ്റീൽ സ്ട്രക്ചർ നിർമാണം നടത്തുന്നത് തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലാണ്. തൂണുകളുടെ നിർമാണത്തിന് തടസ്സം നേരിട്ടതോടെ സ്റ്റീൽ സ്ട്രക്ചർ നിർമാണവും വൈകാൻ കാരണമായി. നേരത്തയുണ്ടായിരുന്ന നിർമാണ ഷെഡ്യൂളിൽ നിന്ന് വാടാനാംകുറുശി പിന്നിലായി. വാടാനാംകുറുശ്ശി പാലത്തിന്റെ സ്റ്റീൽ സ്ട്രക്ചർ നിർമാണമാണിപ്പോൾ യാർഡിൽ നടക്കുന്നതെന്നും  ജൂണോടുകൂടി പണി തീർത്ത് പാലം തുറക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ആർബിഡിസികെ അറിയിച്ചു.

 

 

നടക്കാവിൽ വളഞ്ഞു തിരിഞ്ഞു ജനംbold

 

 

നടക്കാവ് മേൽപാലം വൈകുന്തോറും ജനം നേരിടുന്ന കഷ്ടപ്പാട് കുറച്ചൊന്നുമല്ല. നിർമാണം നടക്കുന്നതിനാൽ മലമ്പുഴ–പാലക്കാട് റോഡിലെ നടക്കാവ് റെയിൽവേ ഗേറ്റ് അടച്ചിട്ടിരിക്കുകയാണ്. അത്യാവശ്യ ഘട്ടത്തിൽ ആംബുലൻസിനു പോകാൻ ഗേറ്റ് തുറന്നു കൊടുക്കാമെന്ന ധാരണ പോലും പാലിച്ചില്ല. ഒലവക്കോട് നിന്നു ആണ്ടിമഠം വഴിയാണു ബസുകൾ ഉൾപ്പെടെ മലമ്പുഴയിലേക്കു പോകേണ്ടത്. വിനോദ സ​ഞ്ചാരികളുടെ വാഹനം ഉൾപ്പെടെ ചുറ്റിത്തിരിഞ്ഞ് പൊട്ടിപ്പൊളിഞ്ഞ മറ്റൊരു റോഡിലൂടെയാണു യാത്ര. പാലം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരും സംഘടനകളും ഒട്ടേറെ സമരം നടത്തി. 

നടക്കാവ് മേൽപാലത്തിൽ ചെയ്യേണ്ട പ്രവൃത്തികൾ പൂർത്തിയാക്കാൻ അടുത്ത വർഷം മാർച്ച് അവസാനം വരെ കാത്തിരിക്കണമെന്നാണ് റെയിൽവേ പറയുന്നത്. മേൽപ്പാലം ജനകീയ സമിതി കൺവീനർ വിപിൻ ശേക്കുറിക്കു റെയിൽവേയിൽ നിന്നു ലഭിച്ച വിവരാവകാശത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത്. പാലത്തിൽ മൂന്നു സ്പാനുകളുടെ നിർമാണമാണു റെയിൽവേ ചെയ്യേണ്ടത്. 3 സ്പാനുകൾ നിർമിക്കാൻ ഇത്രയും സമയം വേണോയെന്നാണു നാട്ടുകാരുടെ ചോദ്യം. റെയിൽവേ നടപടി വൈകിപ്പിക്കുന്നതായി ആരോപിച്ചു പാർട്ടികളും സംഘടനകളും സമരം ചെയ്തിരുന്നു. അതേ സമയം ടെൻഡർ നടപടികൾ ആരംഭിച്ചതായി റെയിൽവേ അറിയിച്ചിട്ടുണ്ട്. ആദ്യ ടെൻഡർ ഏറ്റെടുക്കാൻ ആരും തയാറായില്ലെന്നും അതിനാലാണു നടപടികൾ വൈകിയതെന്നുമാണു റെയിൽവേയുടെ വിശദീകരണം. പാലം പൂർത്തിയാക്കാൻ നടപടി സ്വീകരിക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷനും നിർദേശിച്ചിട്ടുണ്ട്. പാലത്തിലേക്കുള്ള റോഡിന്റെയും ഓവുചാലുകളുടെയും നിർമാണം തുടങ്ങി. 800 മീറ്റർ റോഡിന്റെയും ഒരു കിലോമീറ്റർ ദൂരത്തെ ഓവുചാലുകളുടെയും നിർമാണമാണു റോഡ്സ് ആൻഡ് ബ്രിജസ് ഡവലപ്മെന്റ് കോർപറേഷൻ ആരംഭിച്ചത്. ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നത്. ഇതു പൂർത്തിയാകുന്നതോടെ റെയിൽവേ ചെയ്യേണ്ട പ്രവൃത്തികൾ ആരംഭിക്കുമെന്നാണു പ്രതീക്ഷ. മൂന്നു സ്പാനുകളുടെ നിർമാണമാണു റെയിൽവേ ചെയ്യേണ്ടത്. ഇതിനു വേണ്ട 11.81 കോടി രൂപ സംസ്ഥാന സർക്കാർ റെയിൽവേക്കു കെട്ടിവച്ചിട്ടുണ്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com