ADVERTISEMENT

പാലക്കാട് ∙ സാഹിത്യം ആഘോഷം മാത്രമല്ല, ഔഷധംകൂടിയാണെന്ന് കവി പ്രഫ. വി.മധുസൂദനൻ നായർ. സത്യം ഉള്ളിടത്തു മാത്രമേ സ്നേഹം ഉണ്ടാവുകയുള്ളു. ‘സേനഹമാണഖിലസാരമൂഴിൽ’ എന്ന ആശാന്റെ വരികൾ അതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.    പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറിയും തോന്നക്കൽ കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി സംഘടിപ്പിച്ച കുമാരനാശാന്റെ 150ാം ജന്മവാർഷികാഘോഷ പരിപാടിയിൽ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ കൂടിയായ മധുസൂദനൻ നായർ.

ഒരു വർഷം നീളുന്ന ആഘേ‍ാഷം മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. കുമാരനാശാന്റെ കൃതികൾ വേദനിക്കുന്നവന്റെയും അടിച്ചമർത്തപ്പെട്ടവന്റെയും പക്ഷം ചേർന്നു നിൽക്കുന്നവയാണെന്നും സമൂഹത്തിൽ സാധാരണക്കാരന്റെ ശബ്ദമാകാൻ സാഹിത്യകാരന്മാർക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു.

പരിപാടികളുടെ രൂപരേഖ ലൈബ്രറി സെക്രട്ടറി ടി.ആർ.അജയൻ അവതരിപ്പിച്ചു. കവി പി.ടി.നരേന്ദ്ര മേനോൻ, നിരൂപകൻ ആഷാ മേനോൻ, പ്രഫ. പി.എ.വാസുദേവൻ, ഇൻസ്റ്റിറ്റ്യൂട്ട് സെക്രട്ടറി വി.ജയപ്രകാശ്, കവി ആലങ്കോട് ലീലാകൃഷ്ണൻ, മോഹൻദാസ് ശ്രീകൃഷ്ണപുരം, രാജേഷ് മേനോൻ, ഡോ. സി.പി.ചിത്രഭാനു, വിജു നായരങ്ങാടി, ടി.കെ.ശങ്കരനാരായണൻ, ബിജു ബാലകൃഷ്ണൻ, മുണ്ടൂർ സേതുമാധവൻ, ഡോ. പി.ജി.പാർവതി, പ്രഫ. സി.സോമശേഖരൻ എന്നിവർ പ്രസംഗിച്ചു.

ആശാന്റെ കവിതകളായ വീണപൂവ്, ലീല, ഒരു ഉദ്ബോധനം, ചണ്ഡാലഭിക്ഷുകി, കരുണ, ഒരു തീയക്കുട്ടിയുടെ വിചാരം എന്നിവയിലെ ഭാഗങ്ങൾ ജ്യോതിബായ് പരിയാടത്ത്, മാളവിക, സംഗീത, ശിവാനി, അഭിചന്ദ്ര, കെ.ആർ.ഇന്ദു എന്നിവർ ആലപിച്ചു. ‘കണ്ണേ മടങ്ങുക’ ഹ്രസ്വചിത്ര പ്രദർശനം, പ്രഫ. വി.ഹർഷകുമാറും സംഘത്തിന്റെയും ‘ദുരവസ്ഥ’ കഥാപ്രസംഗം എന്നിവ അരങ്ങേറി. പരിപാടിയോടനുബന്ധിച്ച് ഒരുക്കിയ ‘സ്‌മൃതിപഥം’ ചിത്രപ്രദർശനം ജില്ലാ കലക്ടർ ഡോ. എസ്.ചിത്ര ഉദ്ഘാടനം ചെയ്തു. കുമാരനാശാന്റെ ജീവിതത്തിലെ പ്രധാന അധ്യായങ്ങൾ കോർത്തിണക്കിയ പ്രദർശനം മാർച്ച് 15 വരെ ലൈബ്രറിയിൽ ആസ്വദിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com