കൂട്ട അവധി വിവാദം: പ്രവൃത്തിദിനങ്ങളിൽ സമ്മേളനം ഒഴിവാക്കി എൻജിഒ യൂണിയൻ
Mail This Article
പാലക്കാട് ∙ കോന്നി താലൂക്ക് ഒാഫിസിൽ ജീവനക്കാർ കൂട്ടത്തോടെ അവധിയെടുത്തു വിനോദയാത്രയ്ക്കു പോയതു വിവാദമായ സാഹചര്യത്തിൽ സംഘടനാ സമ്മേളനങ്ങൾ പരമാവധി അവധി ദിവസങ്ങളിലാക്കി എൻജിഒ യൂണിയൻ. പ്രവൃത്തിദിവസങ്ങളിലെ സമ്മേളനങ്ങളിൽ പങ്കെടുക്കുന്നവർ ഒാഫിസിനെ ബാധിക്കാത്ത വിധം അവധി ക്രമീകരിക്കണമെന്നാണു സംഘടനയുടെ നിർദേശം.
ഒാഫിസുകളിലെ അഴിമതി ആരോപണങ്ങളെക്കുറിച്ച് ഏരിയ സമ്മേളനങ്ങളിൽ മുന്നറിയിപ്പു നൽകുന്നുണ്ട്. വിവിധ ജില്ലകളിൽ നിന്നുള്ള ആരോപണങ്ങളും വാർത്തകളും സിവിൽ സർവീസിന് ആകെ നാണക്കേടുണ്ടാക്കുന്നതിനാൽ അതീവ ജാഗ്രത പുലർത്തണം. സ്ഥലംമാറ്റത്തിനു പൊതുമാനദണ്ഡം നടപ്പാക്കിയതിനെ സ്വാഗതം ചെയ്യുമ്പോൾതന്നെ, സംഘടനാപ്രവർത്തനം തടസ്സപ്പെടുന്ന രീതിയിലുള്ള നടപടികൾക്കെതിരെ പ്രതിനിധികൾ സമ്മേളനങ്ങളിൽ പ്രതികരിക്കുന്നുണ്ട്. സ്ഥലംമാറ്റത്തിനുള്ള മാനദണ്ഡം എല്ലാകാലത്തും തുടരാനാകുമോ എന്ന ചോദ്യവും ചില ജില്ലകളിൽ ഉയർന്നു.
അവധിദിവസങ്ങളിൽ സമ്മേളനം എന്ന തീരുമാനത്തിന്റെ ഭാഗമായി ഫെബ്രുവരി 26നു മാത്രം സംഘടന 34 ഏരിയകളിൽ സമ്മേളനം നടത്തി. കോന്നി താലൂക്ക് ഒാഫിസ് സംഭവവും സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായി ഒാഫിസിൽ നിന്നു മാറിനിൽക്കുന്നതും ഒരേ തുലാസിൽ തൂക്കുന്നതു ശരിയല്ലെന്നാണ് യൂണിയന്റെ നിലപാട്. ഓരോ ഒാഫിസിലും ചുരുക്കം പേരാണ് സജീവ സംഘടനാ പ്രവർത്തകരായുള്ളത്. പ്രവർത്തനത്തിന്റെ ഭാഗമായി നഷ്ടപ്പെടുന്ന ജോലിസമയം അവർ അവധിദിവസങ്ങളിലും ഡ്യൂട്ടി സമയംകഴിഞ്ഞും ജോലി ചെയ്തു പരിഹരിക്കുന്നുണ്ടെന്നാണ് നേതാക്കളുടെ വാദം.