മരണക്കിണർ അഭ്യാസത്തിനല്ല, നന്ദി പറയാൻ ജീലാനിയും കുടുംബവും വീണ്ടും പൂരത്തിനെത്തി
Mail This Article
മണ്ണാർക്കാട്∙ ഉത്സവപ്പറമ്പുകളിൽ മരണക്കിണറിൽ ബൈക്കും കാറുമോടിച്ച് കാണികളുടെ മനം കവരുന്ന മഹാരാഷ്ട്ര സ്വദേശി ജീലാനിയും കുടുംബവും വീണ്ടും മണ്ണാർക്കാട് പൂരത്തിനെത്തി. ഇത്തവണ വന്നത് മരണക്കിണർ അഭ്യാസം കാണിക്കാനല്ല. ജീവിതം തിരിച്ചു നൽകിയ പൂരാഘോഷക്കമ്മിറ്റിക്കു നന്ദി പറയാൻ. 2020ൽ പൂരത്തിന് മരണക്കിണറുമായാണ് ജീലാനിയും കുടുംബവും മണ്ണാർക്കാട് എത്തിയത്. കോവിഡ് നിയന്ത്രണം കർശനമായതോടെ മരണക്കിണർ നിലച്ചു.
ആയിരങ്ങളെ സാക്ഷിയാക്കി മരണക്കിണറിൽ അഭ്യാസം കാണിക്കുന്ന ജീലാനിയുടെ ധൈര്യമെല്ലാം കോവിഡ് നിയന്ത്രണത്തിൽ വരുമാനം നിലച്ചതോടെ ചോർന്നു പോയി. കോവിഡ് 19 ഭീതിയിൽ ഉത്സവങ്ങൾ വേണ്ടെന്ന് വച്ചതോടെ ജീലാനിക്ക് പോകാൻ ഇടമില്ലാതായി. അന്ന് തമിഴ്നാട്ടിലും കേരളത്തിലുമായി രണ്ട് മാസത്തേക്കുള്ള ബുക്കിങ് ഉണ്ടായിരുന്നു. ഉത്സവങ്ങൾ വേണ്ടെന്ന് വച്ചതോടെ ബുക്കിങ്ങുകളും മുടങ്ങി. ഒരു വർഷത്തേക്കുള്ള വരുമാനം ഉത്സവ സീസണിലാണ് കണ്ടെത്തുക. അത് പൂർണമായും നിലച്ചതോടെ ജീവിതം തീർത്തും ശൂന്യമായി തോന്നി. ഈ സാഹചര്യത്തിലാണ് മണ്ണാർക്കാട് പൂരാഘോഷക്കമ്മിറ്റി സെക്രട്ടറി എം.പുരുഷോത്തമന്റെ നേതൃത്വത്തിൽ ജീലാനിക്കും കുടുംബത്തിനും കൈത്താങ്ങൊരുക്കിയത്.
താമസിക്കാൻ വാടക വീട് എടുത്തു നൽകി. റൂറൽ ബാങ്കിന്റെ നീതി സ്റ്റോറിൽ ജോലിയും നൽകി കുടുംബത്തിനു താങ്ങായി. ജീലാനിയുടെ പ്രയാസം 2020 മാർച്ച് 22ന് മനോരമ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ബാങ്കിൽ നിന്ന് 13 ലക്ഷം രൂപ വായ്പയെടുത്ത് കൈതച്ചിറയിൽ വീടും സ്ഥലവും വാങ്ങി. വായ്പ ഏതാണ്ട് അടച്ചു തീർത്തു. കോവിഡ് പ്രതിസന്ധി തീർന്നതോടെ ഇവർ പഴയ മരണക്കിണറുമായി പ്രയാണം തുടങ്ങി. നിലവിൽ തിരൂരിലാണ് ക്യാംപ്. ഇന്നലെയാണ് ജീലാനിയുടെ ഫോൺ വന്നത്. പ്രതിസന്ധി ഘട്ടത്തിൽ കൈപിടിച്ചുയർത്തിയ സെക്രട്ടറി പുരുഷോത്തമനെയും പൂരാഘോഷ കമ്മിറ്റിയെയും നേരിൽ കണ്ട് നന്ദി അറിയിക്കാൻ ജീലാനി കുടുംബ സമേതം പൂരപ്പറമ്പിലെത്തി.