ആവേശപ്പെരുമഴയായി ആമക്കാവ് പൂരം
Mail This Article
കൂറ്റനാട്∙ കുംഭമാസത്തിലെ പൊള്ളുന്ന ചൂടിൽ ആവേശപ്പെരുമഴ തീർത്ത് പ്രസിദ്ധമായ ആമക്കാവ് ഭഗവതി ക്ഷേത്രത്തിലെ പൂരം പെയ്തിറങ്ങി. 96 ദേശങ്ങൾ അടങ്ങുന്ന തട്ടകത്തിലെ വിവിധ ദേശങ്ങളിൽ നിന്നു ദേശപ്പൂരങ്ങളുടെ വൈവിധ്യമാർന്ന വരവുകൾ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയപ്പോൾ ക്ഷേത്രപരിസരം ആവേശക്കടലായി. പഞ്ചവാദ്യം എഴുന്നള്ളിപ്പുകൾ, കാളവേലകൾ, പൂക്കാവടികൾ, തകിൽ, ശിങ്കാരിമേളം, കാളി, കരിങ്കാളിക്കൂട്ടങ്ങൾ, പൂതൻ, തിറ, ഫ്യൂഷൻ തുടങ്ങി താളമേളവർണ വിസ്മയം തീർക്കുന്ന പരിപാടികൾ ക്ഷേത്ര മൈതാനത്ത് അണിനിരന്നു.
വിശേഷാൽ പൂജകൾക്കു ക്ഷേത്രം തന്ത്രി പാലക്കാട്ടിരി നാരായണൻ നമ്പൂതിരിപ്പാട് മുഖ്യ കാർമികത്വം വഹിച്ചു. ഉച്ചയ്ക്കു ദേവസ്വം കമ്മിറ്റിയുടെ 5 ആന പഞ്ചവാദ്യത്തോടെ എഴുന്നള്ളിപ്പ് പുറപ്പെട്ട് വൈകിട്ട് അഞ്ചോടെ ക്ഷേത്രത്തിൽ പ്രവേശിച്ചു ഭഗവതിയെ വണങ്ങി. അക്കിക്കാവ് കാർത്തികേയൻ തിടമ്പേറ്റി. തുടർന്ന് ദേവി സൺസ് ആമക്കാവ്, അക്ഷര നഗർ കമ്മിറ്റികളുടെ മേളം എത്തി.
ആമക്കാവ് വടക്കുമുറി കമ്മിറ്റി, സൗത്ത് ന്യൂ ബസാർ, ന്യൂ ബസാർ കൂറ്റനാട്, സെക്യുലർ പെരിങ്ങോട്, എച്ച്എംസി ഗ്യാങ് ഓഫ് പെരിങ്ങോട്, നവോദയ പെരിങ്ങോട്, നവധ്വനി തൊഴുക്കാട്, ഗജപ്രിയ ടിഎസ്കെ നഗർ കോട്ട, വട്ടേനാട് ദേശം സെന്റർ കമ്മിറ്റി, വട്ടേനാട് ദേശം ആലപ്പറമ്പ്, ഗംഭീരം പെരിങ്ങോട്, മല ദേശം സെന്റർ കമ്മിറ്റി, മല റോഡ് സെന്റർ കമ്മിറ്റി എന്നിവരുടെ ആന, പഞ്ചവാദ്യം എഴുന്നള്ളിപ്പുകളും ഓരോന്നായി ക്ഷേത്രത്തിലെത്തി. തുടർന്ന് ഫ്രണ്ട്സ് എരുമപ്പറമ്പിന്റെ കാവടി, തകിൽ, പെരിങ്ങോടൻസ്, ദേവത എന്നിവരുടെ തിറ എന്നിവ ക്ഷേത്രത്തിലെത്തി.
നന്മ ആമക്കാവ്, ബ്രദേഴ്സ് നമ്മിണിപ്പറമ്പ്, ടീം ഓഫ് വട്ടേനാട് എന്നിവരുടെ തെയ്യം, ഷാപ്പ് കമ്മിറ്റി വട്ടേനാടിന്റെ കരിങ്കാളി, ഓംകാരം കമ്മിറ്റിയുടെ ഫ്യൂഷൻ എന്നിവയുമെത്തി. കാവിലമ്മ ആമക്കാവ്, ഉത്സാഹ കമ്മിറ്റി, അഫിലിയൻസ് മാത്തൂർ, ഹവോക്സ് കൈതക്കുണ്ട്, റിയൽ ഹീറോസ് തൊഴുക്കാട്, ബ്രദേഴ്സ് പെരിങ്ങോട്, തട്ടകം പെരിങ്ങോട്, ജനകീയ കമ്മിറ്റി, കാവിൽ ബോയ്സ്, ഗ്യാങ് ഓഫ് നവധാര, പിലാക്കാട്ടിരി ദേശം, ദിൽ ദോസ്തി വട്ടപ്പറമ്പൻസ് എന്നിവരുടെ ശിങ്കാരിമേളവും കൂത്തുമാടത്തിനു മുന്നിൽ അരങ്ങേറി.
യങ് ബ്രദേഴ്സ് നമ്മിണിപ്പറമ്പ്, നവോദയ ഇഎംഎസ് നഗർ എന്നിവരുടെ നേതൃത്വത്തിലാണു കാളവേലകൾ എത്തിയത്. തുടർന്നു ഗജവീരൻമാർ അണിനിരന്ന കൂട്ടിയെഴുന്നള്ളിപ്പ്. പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ മേളവും അരങ്ങേറി. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ, ചിറയ്ക്കൽ കാളിദാസൻ, പുതുപ്പള്ളി കേശവൻ, കുറുപ്പത്ത് ശിവശങ്കരൻ, തെച്ചിക്കോട്ടുകാവ് ദേവീദാസൻ, ഊട്ടോളി അനന്തൻ, തിരുവമ്പാടി കണ്ണൻ തുടങ്ങിയ ഗജവീരൻമാരാണ് അണിനിരന്നത്. രാത്രി തായമ്പക, എഴുന്നള്ളിപ്പ്, കലാപരിപാടികൾ എന്നിവയും ഉണ്ടായിരുന്നു.