മംഗലം ഡാമിലെ ജലനിരപ്പു താഴ്ന്നു; മത്സ്യക്കൃഷിയും ശുദ്ധജല ലഭ്യതയും പ്രതിസന്ധിയിൽ
Mail This Article
മംഗലംഡാം ∙ ജലനിരപ്പു ക്രമാതീതമായി താഴ്ന്നതോടെ അണക്കെട്ടിലെ മത്സ്യക്കൃഷി പ്രതിസന്ധിയിലായി. പ്രദേശത്ത് ശുദ്ധജല ക്ഷാമവുമുണ്ട്. മഴ പെയ്യാൻ ഇനിയും വൈകിയാൽ ഉള്ള മീനുകളെല്ലാം ചത്തുപോകുമെന്ന ആശങ്കയിലാണു മത്സ്യത്തൊഴിലാളികൾ. അണക്കെട്ടിനോടു ചേർന്ന ഭാഗത്തു മാത്രമാണ് കുറച്ച് വെള്ളം അവശേഷിക്കുന്നത്. വർഷങ്ങളായി ഡാമിൽ അടിഞ്ഞുകൂടിയ മണ്ണും ചെളിയും മൂലം നല്ലൊരു ഭാഗം നികന്നുപോയിട്ടുണ്ട്. ഇതു കണക്കിലെടുക്കാതെ വെള്ളം തുറന്നുവിട്ടതാണു പ്രതിസന്ധിക്കു കാരണം.
കോവിഡും ഡാമിലെ ചെളിനീക്കൽ പദ്ധതിയും കാരണം കഴിഞ്ഞ വർഷങ്ങളിൽ മത്സ്യക്കൃഷി പ്രതിസന്ധിയിലായിരുന്നു. ഇതു മറികടക്കാനായി ഈവർഷം 10 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ ഡാമിൽ നിക്ഷേപിച്ചിട്ടുള്ളതായി ഫിഷറീസ് സഹകരണ സംഘം പ്രസിഡന്റ് കെ.പി.ചന്ദ്രൻ പറഞ്ഞു. ചൂട് കനക്കുകയും വെള്ളം കുറയുകയും ചെയ്തതോടെ മത്സ്യക്കൃഷി വലിയതോതിലുള്ള ഭീഷണിയാണു നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു. മുപ്പതോളം അംഗങ്ങളുള്ള പട്ടികജാതി, പട്ടിക വർഗ ഫിഷറീസ് സഹകരണ സംഘം കുടുംബങ്ങളുടെ ഉപജീവന മാർഗംകൂടിയാണു മംഗലം ഡാമിലെ മത്സ്യക്കൃഷി. ഡാമിൽ വെള്ളം കുറഞ്ഞതോടെ സമീപ പ്രദേശങ്ങളിലെ കിണറുകളും വറ്റിത്തുടങ്ങി. മഴ വൈകിയാൽ കടുത്ത ശുദ്ധജല ക്ഷാമവും നേരിടേണ്ടിവരുമെന്ന അവസ്ഥയിലാണ്.