ADVERTISEMENT

പുരാതന ദേവീക്ഷേത്രമായ പ്രസിദ്ധമായ എഴക്കാട് തിരുകുന്നപ്പുള്ളി ഭഗവതി ക്ഷേത്രം പാലക്കാട്- ചെർപ്പുളശ്ശേരി സംസ്ഥാനപാതയ്ക്കു സമീപം സ്ഥിതിചെയ്യുന്നു. പതിനെട്ടര ദേശം വാഴുന്ന പരദേവതയുടെ ഐതിഹ്യങ്ങളിൽ മക്കളോടുള്ള സ്നേഹത്തിന്റെ, കരുതലിന്റെ, ധീരതയുടെ ചരിത്രമാണു നിറഞ്ഞുനിൽക്കുന്നത്. ലോകത്തിൽ ദുഷ്ടനിഗ്രഹശിഷ്ട പരിപാലനാർഥം പല രൂപത്തിലും ഭാവത്തിലും പ്രത്യക്ഷപ്പെടാറുള്ള ആദിപരാശക്തി ഒരിക്കൽ മൂന്നു സഹോദരിമാരുടെ രൂപത്തിൽ എഴക്കാട് ദേശത്തിനു തൊട്ടുള്ള കാഞ്ഞിക്കുളം എന്ന ദേശത്ത് ഒരു സാധു ഭക്ത കുടുംബമായ പതിയിൽ മൂത്താരുടെ വീട്ടിൽ ഒരു നാൾ സായംസന്ധ്യക്ക് ചെന്നുവത്രേ. 

എഴക്കാട് തിരുകുന്നപ്പുള്ളി ഭഗവതി ക്ഷേത്രത്തിലെ ഉപദേവ പ്രതിഷ്ഠകൾ (ഗണപതി, അയ്യപ്പൻ).
എഴക്കാട് തിരുകുന്നപ്പുള്ളി ഭഗവതി ക്ഷേത്രത്തിലെ ഉപദേവ പ്രതിഷ്ഠകൾ (ഗണപതി, അയ്യപ്പൻ).

ഗൃഹനാഥൻ എന്തു സഹായമാണു താൻ ചെയ്തു തരേണ്ടത് എന്ന് ആരാഞ്ഞപ്പോള്‍ ആ സഹോദരിമാർ തങ്ങൾക്ക് ഒരു നേരത്തെ ഭക്ഷണം മാത്രം മതിയെന്നും അതു തങ്ങൾ തന്നെ പാകം ചെയ്തു കഴിച്ചോളാമെന്നും അതിനുള്ള സൗകര്യം ചെയ്തു തന്നാൽ മതിയെന്നും അറിയിച്ചു. അവരുടെ ആവശ്യാനുസരണം വെച്ചുണ്ണാൻ ഒരു ഓട്ടുരുളിയും ഒരു ഇരുമ്പുചട്ടിയും ഒരു മൺചട്ടിയും കൊടുത്തു. മൂവരും ഭക്ഷണം പാകം ചെയ്ത് കഴിച്ച് അവിടെ തന്നെ അന്തിയുറങ്ങാൻ അനുവാദം ചോദിച്ച് കിടക്കുകയും ചെയ്തു. 

    തിരുകുന്നപ്പുള്ളി ഭഗവതി ക്ഷേത്രത്തിലെ ഭൈരവ പ്രതിഷ്ഠ.
തിരുകുന്നപ്പുള്ളി ഭഗവതി ക്ഷേത്രത്തിലെ ഭൈരവ പ്രതിഷ്ഠ.

പിറ്റേന്ന് കാലത്ത് സഹോദരിമാരെ കാണാതെ ഗൃഹനാഥൻ പരിഭ്രമിച്ചു നാട് മുഴുവൻ ഇവരെ തിരക്കി നടന്നെങ്കിലും തുമ്പുണ്ടായില്ല. തുടർന്ന് അന്നത്തെ ദേശ വാഴിയായിരുന്ന കോങ്ങാട്ട് നായരെ സമീപിച്ച് കാര്യങ്ങൾ വിവരിക്കുകയും ഗൃഹനാഥനും കോങ്ങാട്ട് നായരും മറ്റും ചേർന്ന് ദേശത്തെ പണിക്കരെ കണ്ട് പ്രശ്നം വയ്പ്പിച്ചു. അതുപ്രകാരം ആ സഹോദരിമാർ ആദിപരാശക്തിയുടെ രൂപങ്ങളാണെന്നും അവരെ വേണ്ട പോലെ പ്രതിഷ്ഠിച്ച് ആരാധിച്ചാൽ ആയത് നാടിനും നാട്ടുകാർക്കും ശ്രേയസ്കരമായിരിക്കുമെന്നും കാണുകയുണ്ടായി. പിന്നീട് പ്രതിഷ്ഠ നടത്തി ആരാധന തുടങ്ങിയെന്ന് പഴമക്കാർ പറയുന്നു.

ഇന്നു ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലത്തിന് ഏകദേശം 100 മീറ്റർ പടിഞ്ഞാറു മാറി അർത്തക്കാട്ട് എന്ന പുരയിടത്തിൽ താമസിക്കുന്ന നായർ തറവാടിന്റെ തൊടികയിലെ മരക്കുടിലിൽ ആണത്രേ ഭഗവതിയെ കോങ്ങാട്ട് നായരും മറ്റും ചേർന്നു പ്രതിഷ്ഠിച്ചത്. ദേവീ സാന്നിധ്യം ഇന്നും ആതൊടികളിൽ ഉണ്ടെന്നു പറയപ്പെടുന്നു. അവിടുത്തെ വാസക്കാലത്ത് എല്ലാ വെള്ളിയാഴ്ചകളിലും അർധരാത്രി ദേവിയും പരിവാരങ്ങളും സർവാഭരണ വിഭൂഷിതരായി കാവിന്റെ പരിസരത്തുള്ള വയലിൽ നൃത്തം ചെയ്യുക പതിവായിരുന്നുവെന്നും ഈ വയലുകൾ കളിക്കണ്ടം എന്ന പേരിൽ പ്രസിദ്ധമായി എന്നും പറയുന്നു.

വേലകൾ‍ കളിക്കണ്ടത്തിൽ കളിച്ച ശേഷമാണ് കാവിൽ വന്നിരുന്നത്. പിന്നീട് ഇന്നു കാണുന്ന സ്ഥലത്തേക്ക് (തിരുകുന്നപ്പുള്ളിക്കാവ്) ഒളപ്പമണ്ണ മനക്കാർ ആണ് ആവാഹിച്ചു പ്രതിഷ്ഠ നടത്തിയത്. ദേവിയെ കാവിൽ പ്രതിഷ്ഠ നടത്തിയതു മുതൽ നായന്മാരാണു പൂജ ചെയ്തു വരുന്നത്. ദേവിയുടെ പ്രധാന ആഘോഷങ്ങളിലൊന്നാണു കുഭം, മീന മാസക്കാലത്ത് ആഘോഷിക്കുന്ന കുമ്മാട്ടി. കുമ്മാട്ടിയുടെ ഉത്ഭവത്തെപ്പറ്റിയും ഐതിഹ്യമുണ്ട്. 

അടുത്തകാലത്ത് വരെ കുമ്മാട്ടി ദിവസങ്ങളിൽ ക്ഷേത്രത്തിനകത്തും പുറത്തും അടുപ്പുകൂട്ടി പായസം വച്ചു പൊങ്കാലയിട്ടിരുന്നു. ഇപ്പോൾ നാമമാത്രമായിട്ടേ അതു ചെയ്തു കാണുന്നുള്ളൂ. ആദ്യം ഉണ്ടായിരുന്ന ബിംബം പഴക്കം ചെന്ന് അംഗഭംഗം വന്നതിനാൽ 1983ൽ കരിങ്കല്ലുകൊണ്ട് ബിംബമുണ്ടാക്കി മാറ്റി പ്രതിഷ്ഠിച്ചു. 1983ൽ മാർച്ച് 24 മുതൽ 28 വരെയുള്ള കാലയളവിലാണ് ആ പ്രതിഷ്ഠ നടന്നത്. ആ ദിനം പ്രതിഷ്ഠാദിനമായി ആഘോഷിച്ചു വരുന്നു. അന്ന് അന്നദാനം പ്രധാനമാണ്. ഭഗവതിയുടെ ആവിർഭാവത്തെപ്പറ്റിയുള്ള ഐതിഹ്യമനുസരിച്ച് മേൽപറഞ്ഞ 3 സഹോദരിമാരിൽ ജ്യേഷ്ഠത്തി കുന്നപ്പുള്ളി അമ്മ എന്ന പേരിൽ എഴക്കാടും രണ്ടാമത്തെ സഹോദരി മാഞ്ചേരി ഭഗവതി എന്ന പേരിൽ കോങ്ങാട് ചെറായയിലും മൂന്നാമത്തെ സഹോദരി സത്രംകാവിൽ ഭഗവതി എന്ന പേരിൽ കാഞ്ഞിക്കുളത്തും അധിവസിച്ചു വരുന്നു. 

ഈ ഐതിഹ്യത്തെ അടിസ്ഥാനമാക്കിയാകാം ഇന്നും ഓട്ടുരുളിയിലും ഇരുമ്പുചട്ടിയിലും മൺചട്ടിയിലും നാട്ടുകാർ മൂന്നു ക്ഷേത്രങ്ങളിലും നിവേദ്യം ഉണ്ടാക്കി പൂജിച്ചു വരുന്നത്. സത്രംകാവിൽ ഭഗവതി മഴ നനഞ്ഞു കൊണ്ടാണത്രേ പുഴ കടന്ന് അക്കരെയുള്ള കാഞ്ഞിക്കുളത്ത് അധിവസിച്ചത്. അവിടെ ക്ഷേത്രം ഉണ്ടെങ്കിലും ശ്രീകോവിലിനു മേൽക്കൂരയില്ല. സഹോദരിമാരാകയാൽ മൂവരും വിശേഷ ദിവസങ്ങളിൽ ഒത്തുചേരുന്നു. ഒരു സ്ഥലത്തെ ആഘോഷ അവസരങ്ങളിൽ മറ്റു രണ്ടു ദിക്കിലും ആഘോഷങ്ങളും വിശേഷങ്ങളും പതിവില്ല. ഈ ഭഗവതിമാർ കോങ്ങാട് തിരുമാന്ധാംകുന്നിലമ്മയുടെ അംശകലയാണെന്നും പറയപ്പെടുന്നു. 2013ൽ ക്ഷേത്രത്തിൽ ഉപദൈവങ്ങളായ ഗണപതി, അയ്യപ്പൻ, നാഗങ്ങൾ, ഹനുമാൻ എന്നിവർക്കു പ്രത്യേക ക്ഷേത്രങ്ങൾ പണിത് പ്രതിഷ്ഠ നടത്തി. ഭൈരവ‍ പ്രതിഷ്ഠയും വടക്കു കിഴക്കേ മൂലയിൽ ഉണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com