ആനകളെ നിരീക്ഷിക്കാൻ എഐ ക്യാമറകൾ; ട്രെയിൻ വേഗ നിരീക്ഷണത്തിനു സ്പീഡ് ഗൺ
Mail This Article
കോയമ്പത്തൂർ ∙ കാട്ടാനകൾ റെയിൽവേ ട്രാക്കിൽ കയറിയുള്ള അപകടം ഒഴിവാക്കാൻ തമിഴ്നാട് വനം വകുപ്പ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ക്യാമറകൾ ഘടിപ്പിക്കുന്നു. കോയമ്പത്തൂർ ഫോറസ്റ്റ് ഡിവിഷനിലെ മധുക്കര ഫോറസ്റ്റ് റേഞ്ചിലെ റെയിൽവേ ട്രാക്കിലൂടെയുള്ള കാട്ടാനകളുടെ നീക്കം കണ്ടെത്താൻ 12 എഐ ക്യാമറകളാണു സ്ഥാപിക്കാനുദ്ദേശിക്കുന്നത്. വനത്തിലൂടെ കടന്നുപോകുന്ന എ ലൈൻ ട്രാക്കിലെ 1.78 കിലോമീറ്റർ, ബി ലൈൻ ട്രാക്കിലെ 2.8 കിലോമീറ്റർ ഭാഗത്താണു ക്യാമറകൾ സ്ഥാപിക്കുന്നത്. ആനകൾ കൂടുതൽ എത്തുന്ന ബി ലൈനിൽ 7 ക്യാമറയും എ ലൈനിൽ 5 ക്യാമറകളും സ്ഥാപിക്കും. പദ്ധതിക്കായി 7.24 കോടി രൂപയാണു സംസ്ഥാന സർക്കാർ അനുവദിച്ചത്.
ക്യാമറകൾക്കു പുറമേ എ, ബി ട്രാക്കുകളിൽ ട്രെയിനിന്റെ വേഗം നിരീക്ഷിക്കാൻ സ്പീഡ് ഗണ്ണുകളും സ്ഥാപിക്കും. എഐ ക്യാമറകൾ സ്ഥാപിക്കാൻ 12 ടവറുകളുടെ നിർമാണം ആരംഭിച്ചു. ഓരോ ടവറിനും 18-20 മീറ്റർ ഉയരം ഉണ്ടായിരിക്കും. എഐ ക്യാമറകളും തെർമൽ ഇമേജിങ് ക്യാമറകളും ടവറിനു മുകളിൽ ഉറപ്പിക്കും. അതിനൂതന എഐ ക്യാമറ ഒരു കിലോമീറ്റർ പരിധിയിൽ പ്രവർത്തിക്കുമെങ്കിലും കൂടുതൽ കൃത്യത ഉറപ്പിക്കാനായി ടവറിൽ നിന്നു ട്രാക്കിന്റെ ഇരുവശത്തും 150 മീറ്റർ ദൂരത്തേക്കുള്ള ആനകളുടെ ചലനം വ്യക്തമായി കണ്ടെത്താൻ കഴിയും. ട്രാക്കിനു സമീപമുള്ള ആനകളുടെ ചിത്രങ്ങൾ ക്യാമറ പകർത്തുകയും അലെർട്ട് സന്ദേശം അയയ്ക്കുകയും ചെയ്യും. 12 ക്യാമറകളും ചെങ്കൻപള്ളത്തിലുള്ള ഫോറസ്റ്റ് ചെക്ക് പോസ്റ്റിനു സമീപമുള്ള കൺട്രോൾ യൂണിറ്റ് കൈകാര്യം ചെയ്യുമെന്നു റേഞ്ചർ പി.സന്ധ്യ അറിയിച്ചു.
മഞ്ഞ, ഓറഞ്ച്, ചുവപ്പ് എന്നിങ്ങനെ മൂന്നു സോണായി തിരിച്ചാണു നിരീക്ഷിക്കുക. ട്രാക്കിൽ നിന്നു 150 മീറ്റർ അകലെ ഒറ്റയായോ കൂട്ടമായോ ആനയെ കണ്ടെത്തിയാൽ യെലോ സോണിൽ വരും. 100 മീറ്റർ ദൂരമെങ്കിൽ ഓറഞ്ച് സോണും ട്രാക്കിനു സമീപം 50 മീറ്ററിനുള്ളിൽ വന്നാൽ റെഡ് സോണുമായി കണക്കാക്കും. ആനകൾ ഇരുട്ടിൽ കുറ്റിച്ചെടികളുടെ മറവിലോ മരങ്ങൾക്കു മറവിലോ 150 മീറ്ററിനുള്ളിൽ ഉണ്ടെങ്കിലും തെർമൽ ഇമേജിങ് ക്യാമറ ശരീരതാപം കണക്കാക്കി മൃഗങ്ങളുടെ ചലനം പകർത്തും. അതുകൊണ്ടുതന്നെ ഭാവിയിൽ റെയിൽവേ ട്രാക്കിലൂടെയുള്ള ആനകളുടെ നീക്കം വനപാലകർക്ക് എളുപ്പം മനസ്സിലാക്കാനാകുമെന്നു വനംവകുപ്പ് അറിയിച്ചു.
രാത്രിയും പകലും ട്രെയിനിന്റെ വേഗപരിധി അളക്കാൻ എ, ബി ലൈൻ ട്രാക്കിൽ സ്പീഡ് ഗൺ സ്ഥാപിക്കാനാണു വനംവകുപ്പ് ആലോചിക്കുന്നത്. ട്രെയിൻ വേഗപരിധി ലംഘിച്ചാൽ ഉടൻ കൺട്രോൾ റൂമിൽ മുന്നറിയിപ്പു നൽകുകയും റെയിൽവേ വകുപ്പിന് ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്യും. റെയിൽവേ വകുപ്പ് നേരത്തെ പാസഞ്ചർ ട്രെയിനുകളുടെ വേഗപരിധി ഈ ഭാഗത്തു വൈകിട്ട് 6 മുതൽ രാവിലെ 6 വരെ 45 കിലോമീറ്ററായും പകൽ 65 കിലോമീറ്ററായും നിശ്ചയിച്ചിരുന്നു. ഗുഡ്‌സ് ട്രെയിനുകൾ ഈ സെക്‌ഷനിൽ എപ്പോഴും 25-35 കിലോമീറ്റർ വേഗം നിലനിർത്താൻ നിർദേശിച്ചിട്ടുണ്ട്.
നിർമാണം ഏറ്റെടുത്ത കരാർ കമ്പനി ഒന്നര മാസം മുൻപു പണി ആരംഭിച്ചു. 12 ടവറുകളുടെ നിർമാണം പുരോഗതിയിലാണ്. കൂടാതെ ട്രാക്കിൽ എഐ ക്യാമറകൾ, തെർമൽ ഇമേജിങ് ക്യാമറകൾ, സ്പീഡ് ഗണ്ണുകൾ എന്നിവ സ്ഥാപിക്കുന്നതു മൂന്നോ നാലോ മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നു വനം വകുപ്പിന് ഉറപ്പു നൽകിയിട്ടുണ്ട്. 2000 മുതൽ 2022 വരെ 22 ആനകളാണ് ട്രെയിൻ തട്ടി ചരിഞ്ഞത്. പണി പൂർത്തിയായി നടപ്പു വർഷം തന്നെ ട്രെയിൻ തട്ടിയുള്ള ആനകളുടെ മരണം തീർത്തും ഒഴിവാക്കാമെന്നാണു തമിഴ്നാട് വനം വകുപ്പിന്റെ പ്രതീക്ഷ.