റാണി ടീച്ചറുടെ മോഹം യാഥാർഥ്യമായി
Mail This Article
കുമരനല്ലൂർ ∙ നൃത്തമോഹത്തിനു പ്രായം തടസ്സമായില്ല, കൂടല്ലൂർ ഗവ.ഹൈസ്കൂളിലെ യുപി വിഭാഗം അധ്യാപികയായ റാണിക്ക് ഇതു സ്വപ്നസാഫല്യം. ചെറുപ്രായത്തിൽ നൃത്തത്തിൽ ഏറെ തൽപരയായിരുന്ന റാണിക്ക് പല കാരണങ്ങളാൽ നൃത്തപഠനം പാതിയിൽ ഉപേക്ഷിക്കേണ്ടി വന്നു. എങ്കിലും ഉള്ളിലെ നൃത്തമോഹം 4 പതിറ്റാണ്ടിലേറെ കാത്തു സൂക്ഷിച്ചതിന്റെയും നിശ്ചയദാർഢ്യത്തിന്റെയും തെളിവായി മാറി കഴിഞ്ഞദിവസം നടന്ന അരങ്ങേറ്റം. ഗുരുവായൂരപ്പനു മുന്നിൽ സ്വന്തം കവിതയായ ‘കൃഷ്ണാർച്ചന’യ്ക്ക് നൃത്തച്ചുവടുകളൊരുക്കി നടന്ന മോഹിനിയാട്ടം അരങ്ങേറ്റം ആസ്വാദകർക്കും നവ്യാനുഭവമായി.
മേൽപത്തൂർ ഓഡിറ്റോറിയത്തിലെ ആ ധന്യനിമിഷത്തിനു ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ദൃക്സാക്ഷികളായി. സ്കൂളിലെയും വീട്ടിലെയും തിരക്കുകൾക്കിടയിലും കഴിഞ്ഞ 3 വർഷത്തിലേറെയായി നൃത്തപഠനം പൂർത്തിയാക്കാനുള്ള തീവ്ര ശ്രമത്തിലായിരുന്നു. കോവിഡ് കാലത്ത് ഓൺലൈനായും അതിനു ശേഷം ഓഫ്‌ലൈനായും പഠനം തുടർന്നു. കലാമണ്ഡലം അഞ്ജലി ബാലന്റെ ശിക്ഷണത്തിലായിരുന്നു പഠനം. നാട്ടുവാങ്കം കലാമണ്ഡലം അഞ്ജലി ബാലൻ, കലാമണ്ഡലം ഷൈജു, കലാമണ്ഡലം ശരണ്യ, ജയദേവ് ഒറ്റപ്പാലം, കലാമണ്ഡലം നിധിൻ കൃഷ്ണ എന്നിവർ അരങ്ങേറ്റത്തിനു പിന്നണിയിൽ പ്രവർത്തിച്ചു. റാണി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ കൂടിയാണ്. ഇതിനകം അൻപതിലേറെ കവിതകളും രചിച്ചിട്ടുണ്ട്. ഇത് പുസ്തകമാക്കാനുള്ള ഒരുക്കത്തിലാണ്. വിദ്യാഭ്യാസ വകുപ്പിൽ നിന്നു വിരമിച്ച പട്ടിത്തറ ഒഴുകിൽ പടിഞ്ഞാറപ്പാട്ട് സുരേന്ദ്രനാഥാണു ഭർത്താവ്. മക്കൾ: ശ്രീനാഥ്, ശ്രീഹരി.