ADVERTISEMENT

പാലക്കാട് ∙ മാലിന്യം വലിച്ചെറിഞ്ഞു നാടു മലിനപ്പെടുത്തുന്നവരെ ക്രിമിനലുകളെപ്പോലെ കണ്ട് ഉരുക്കു മുഷ്ടി ഉപയോഗിച്ചു നേരിടുമെന്നും ഇതിനായി നിയമ നടപടികൾ പരിഗണനയിലെന്നും മന്ത്രി എം.ബി.രാജേഷ്. ഇത്തരക്കാരെ സാമൂഹിക വിരുദ്ധരെന്നു മാത്രമേ വിളിക്കാനാകൂ. പാലക്കാട് നഗരസഭയുടെ ഖരമാലിന്യ സംസ്കരണ കേന്ദ്രത്തിൽ സ്ഥാപിച്ച നാപ്കിൻ, ഡയപ്പർ സംസ്കരണത്തിനുള്ള ഇൻസിനറേറ്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

മന്ത്രിയായ ശേഷം ഏറ്റെടുത്ത പ്രധാന ദൗത്യവും വെല്ലുവിളിയും മാലിന്യ പ്രശ്നത്തിനു ശാശ്വത പരിഹാരം കാണുക എന്നതാണ്. സാമൂഹിക മാധ്യമങ്ങളിൽ വിമർശിക്കുന്ന പകൽ മാന്യൻമാരും രാത്രി കാപട്യക്കാരും മാലിന്യ നിർമാർജന നടപടികളിൽ സഹകരിക്കുന്നില്ല.വൃത്തി ഒരു പാർട്ടിയുടെയോ മുന്നണിയുടെയോ പ്രശ്നമല്ല. എല്ലാവരുടെയും ആവശ്യമാണ്. സംസ്ഥാനത്തെ 82% പൊതുജലാശയങ്ങളിലും 78% കിണറുകളിലും കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.  

നഗരസഭാധ്യക്ഷ പ്രിയ അജയൻ അധ്യക്ഷനായി. ഉപാധ്യക്ഷൻ ഇ.കൃഷ്ണദാസ്, കൊടുമ്പ് പഞ്ചായത്ത് ഉപാധ്യക്ഷ എം.കെ.ശാന്ത, നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻമാരായ പി.സ്മിതേഷ്, പ്രമീളാ ശശിധരൻ, ടി.ബേബി, ടി.എസ്.മീനാക്ഷി, കക്ഷിനേതാക്കളായ മുഹമ്മദ് ബഷീർ, സാജോ ജോൺ, കെ.വി.വിശ്വനാഥൻ, സെക്രട്ടറി ടി.ജി.അജീഷ്, എൽഎസ്ജിഡി ജോയിന്റ് ഡയറക്ടർ പി.സി.ബാലഗോപാൽ, നവകേരള  മിഷൻ ജില്ലാ കോ ഓർഡിനേറ്റർ പി.സെയ്തലവി, ശുചിത്വ മിഷൻ ജില്ലാ കോഓർഡിനേറ്റർ ടി.ജി.അഭിജിത്ത്, പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡ് എക്സിക്യൂട്ടീവ് എൻജിനീയർ കെ.എസ്.ദിനേശ്, ക്ലീൻ സിറ്റി മാനേജർ സി.മനോജ്കുമാർ എന്നിവർ പ്രസംഗിച്ചു. 

അധ്യക്ഷയുടെ നിർദേശത്തെഅഭിനന്ദിച്ച് മന്ത്രി

ഖരമാലിന്യ സംസ്കരണ കേന്ദ്രത്തിൽ നഗരസഭ സ്ഥാപിച്ച ഇൻസിനറേറ്ററിൽ ദിവസവും ഒരു ടൺ നാപ്കിൻ, ഡയപ്പർ മാലിന്യങ്ങൾ സംസ്കരിക്കാം. നഗരസഭാ പരിധിയിൽ ദിവസവും ഇത്തരത്തിൽ  400 കിലോ മാലിന്യങ്ങൾ ഉണ്ടാവുന്നതായാണു കണക്ക്. നഗരസഭയോടു ചേർന്നു കിടക്കുന്ന പഞ്ചായത്തുകളിലെ ഇത്തരം മാലിന്യങ്ങൾക്കൂടി ഇവിടെ സംസ്കരിക്കാൻ സാധിക്കുമെന്ന് നഗരസഭാധ്യക്ഷ പ്രിയ അജയൻ ചൂണ്ടിക്കാട്ടി. ഈ നിലപാടിനെ മന്ത്രി അഭിനന്ദിച്ചു. നഗരസഭയും പരിസര പഞ്ചായത്തുകളും ചേർന്നുള്ള ക്ലസ്റ്റർ രൂപീകരിച്ച് ഇത്തരം മാലിന്യങ്ങൾ സംസ്കരിക്കാൻ സംവിധാനം നടപ്പാക്കണമെന്നും മന്ത്രി എം.ബി.രാജേഷ് നിർദേശിച്ചു. ഹരിതകർമസേനാംഗങ്ങളെയും യോഗം അഭിനന്ദിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com