പ്ലാറ്റ്ഫോമിനു നീളക്കുറവ്; ട്രെയിൻ ഇറക്കം കാട്ടിൽ
Mail This Article
കൊല്ലങ്കോട് ∙ പ്ലാറ്റ്ഫോമിനു നീളക്കുറവായതിനാൽ കൊല്ലങ്കോട് റെയിൽവേ സ്റ്റേഷനിൽ അമൃത എക്സ്പ്രസിലെ 4 ബോഗികൾ നിൽക്കുന്നതു കാടുപിടിച്ച പ്രദേശത്ത്. മഴ പെയ്തു പുല്ലും ചെടിയും വളർന്നതോടെ രാത്രി അമൃതയിൽ കയറുന്നതും ഇറങ്ങുന്നതും യാത്രക്കാർക്കു ദുരിതമാകുന്നു.
പാലക്കാട്–പൊള്ളാച്ചി റെയിൽവേ ലൈനിലെ കൊല്ലങ്കോട് സ്റ്റേഷനിൽ പ്ലാറ്റ്ഫോമിന് ആവശ്യത്തിനു നീളമില്ലാത്തതാണു പ്രശ്നം. അമൃത എക്സ്പ്രസിന്റെ 4 ബോഗികൾ വരെ പ്ലാറ്റ്ഫോമിനു പുറത്തു നിൽക്കുന്ന സാഹചര്യമുണ്ട്. ഇതിലുള്ള യാത്രക്കാർ പുല്ലുപിടിച്ച സ്ഥലത്തു രാത്രിയും പുലർച്ചെയും ഇറങ്ങണം. മഴ പെയ്തതോടെ ഇഴജന്തുക്കളുടെ ശല്യം രൂക്ഷമാണ്. അമൃത എക്സ്പ്രസ് 22 ബോഗിയുമായി വരുമ്പോൾ 3 ബോഗിയും 23 ബോഗിയുമായി വരുമ്പോൾ 4 ബോഗിയും പ്ലാറ്റ്ഫോമിനു പുറത്താകും.
തിരുവനന്തപുരത്തേക്കു പോകുന്ന സമയത്തു മുൻവശത്തെ ബോഗികളും മധുര ഭാഗത്തേക്കു പോകുമ്പോൾ പിൻവശത്തെ ബോഗികളുമാണു പ്ലാറ്റ്ഫോമിനു പുറത്താകുന്നത്. ഈ ഭാഗത്ത് അഴുക്കുചാലുമുണ്ട്. അമൃത രാത്രി ഏഴരയോടെ തിരുവനന്തപുരം ഭാഗത്തേക്കും പുലർച്ചെ നാലരയോടെ മധുര ഭാഗത്തേക്കും പോകാനായി കൊല്ലങ്കോട് സ്റ്റേഷനിലെത്തും. പാലക്കാട്–പൊള്ളാച്ചി പാതയിൽ കൂടുതൽ ട്രെയിനുകൾ ആരംഭിക്കാനിരിക്കെ ആദ്യഘട്ടത്തിൽ ലോ ലെവൽ പ്ലാറ്റ്ഫോമും പിന്നീട് പൂർണമായ രീതിയിൽ പ്ലാറ്റ്ഫോമും നിർമിക്കാൻ അധികൃതർ തയാറാകണമെന്നു യാത്രക്കാർ ആവശ്യപ്പെടുന്നു.