ADVERTISEMENT

മുതലമട ∙ ‘‘ആദിവാസി ഊരുകളിൽ കഴിവുള്ളവരേറെയുണ്ട്, അവരുടെ സ്വപ്നങ്ങൾ ചുരുങ്ങരുത്...’’ പൂപ്പാറ, കടവ്, സുങ്കം ആദിവാസി ഊരുകൾ സന്ദർശിച്ചു പറമ്പിക്കുളത്തുകാരുടെ പ്രശ്നങ്ങൾ തൊട്ടറിഞ്ഞ കലക്ടർ ഡോ.എസ്.ചിത്ര പറയുന്നു. സുങ്കത്തെ ഹോസ്റ്റലിൽ ചെറിയ കുട്ടികളാണുള്ളത്. വീട്ടുകാരെ വിട്ടു നിൽക്കുന്നതിന്റെ ചെറിയ വിഷമം അവരിലുണ്ട്.

പക്ഷേ, അവർ സ്മാർട് കുട്ടികളാണ്. മനോഹരമായി ചിത്രം വരയ്ക്കുന്നവരെ കാണാൻ കഴിഞ്ഞു. നല്ല സൗകര്യങ്ങൾ നൽകിയാൽ പഠിച്ചു കൂടുതൽ മുന്നോട്ടു വരാൻ കഴിയും. എന്നാൽ, അവരുടെ സ്വപ്നങ്ങൾ വനം വകുപ്പിലൊരു ജോലി എന്നതിലേക്കു ചുരുങ്ങിപ്പോകുന്നു. അതിലപ്പുറം വളരാൻ അവർക്കു ശേഷിയുണ്ടെന്നു ഡോ.എസ്.ചിത്ര മലയാള മനോരമയോടു പ്രതികരിച്ചു.

തൂണക്കടവ് ഗവ. ട്രൈബൽ വെൽഫെയർ എൽപി സ്കൂളിൽ 4 ഡിവിഷനുകളുണ്ട്. ഒരു അധ്യാപകനും ഒരു ദിവസ വേതന അധ്യാപകനുമാണ് ഇപ്പോഴുള്ളത്. പട്ടികവർഗ വകുപ്പുമായും വിദ്യാഭ്യാസ വകുപ്പുമായും ബന്ധപ്പെട്ടു കൂടുതൽ അധ്യാപകരെ വയ്ക്കാനുള്ള സാധ്യത പരിശോധിക്കും.

പൂപ്പാറ കുരുമുളക്: പ്രശ്നങ്ങൾ പരിഹരിക്കും

പറമ്പിക്കുളത്തു നിന്ന് ഏറെ ഉള്ളിലാണു പൂപ്പാറയിലെ മുതുവാന്മാരുടെ ആദിവാസി ഊര്. ദുർഘടം പിടിച്ച കാട്ടുവഴികൾ താണ്ടി ഊരിലെത്തിയ കലക്ടർക്കു മുന്നിൽ ജൈവ കുരുമുളക് കൃഷിയുടെ പ്രതിസന്ധികളാണു ഗോത്ര ജനതയ്ക്കു പ്രധാനമായും പറയാനുണ്ടായിരുന്നത്. കുരുമുളകു ചെടികളിൽ വന്ന കീടബാധ ഉൽപാദനത്തെ വല്ലാതെ ബാധിച്ചിട്ടുണ്ട്. പുതിയ തൈകൾ ലഭിച്ചിട്ടില്ലെന്നും ഊരുവാസികൾ കലക്ടറോട് പറഞ്ഞു. നിലവിലെ തൈകൾ മാറ്റി പുതിയ തൈകൾ നട്ടുപിടിപ്പിക്കുകയാണു പ്രതിവിധിയെന്നാണു കൃഷി വകുപ്പിന്റെ വിലയിരുത്തലെന്നു കലക്ടർ ഡോ.എസ്.ചിത്ര പറഞ്ഞു. എന്നാൽ, മുഴുവൻ ഒരുമിച്ചു പറിച്ചു മാറ്റുന്നത് അവരുടെ വരുമാനത്തെ ബാധിക്കും.

ഇടവിള ചെയ്യുന്ന കാര്യം കൃഷി വകുപ്പുമായി ബന്ധപ്പെട്ടു പരിശോധിച്ച് അടിയന്തര നടപടിയുണ്ടാക്കും. ഊരിലെ സൗരവിളക്കുകളുടെ കേടുപാടു പരിഹരിക്കുന്നതിനും പറമ്പിക്കുളത്തു നിന്നു പൂപ്പാറയിലേക്കുള്ള റോഡിന്റെ നവീകരണത്തെ സംബന്ധിച്ചും ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം വിളിച്ചു ചർച്ച ചെയ്തു പരിഹാരം കണ്ടെത്തുമെന്നും പറഞ്ഞ കലക്ടറുടെ വാക്കുകളിൽ ഊരുവാസികൾക്കു പ്രതീക്ഷ ഏറെയാണ്. പറമ്പിക്കുളത്തെ കടവു കോളനിക്കാർക്കു ലൈഫ് പദ്ധതിയിൽ വീട് നിർമിക്കുന്നതു ചർച്ച ചെയ്യുന്ന ഊരുകൂട്ടത്തിൽ പങ്കെടുക്കാനായി പറമ്പിക്കുളത്ത് എത്തിയ കലക്ടർ പൂപ്പാറ കോളനിയും സുങ്കം പട്ടികവർഗ ഹോസ്റ്റലും സന്ദർശിക്കാൻ തീരുമാനിക്കുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com