ADVERTISEMENT

എലപ്പുള്ളി ∙ നാടെങ്ങും ഹിറ്റായി എലപ്പുള്ളി കൃഷി ഭവന്റെ പഴുത്ത മാങ്ങ അച്ചാർ. എലപ്പുള്ളി നെയ്തലയിലെ ദമ്പതികളായ മധുസൂദനും ഉജാലയും കൃഷി ഭവന്റെ കീഴിലുള്ള ‘തളിർ’ കൃഷിക്കൂട്ടത്തിനൊപ്പം ചേർന്നാണു നാവിൽ നവരസം തീർക്കുന്ന പഴുത്ത മാങ്ങ അച്ചാർ ഒരുക്കുന്നത്. 

18 വർഷം പ്രവാസിയായിരുന്ന മധുസൂദൻ നാട്ടിലെത്തിയപ്പോൾ പൂർണമായി കർഷകനായി മാറുകയായിരുന്നു. പഴം–പച്ചക്കറി ട്രാൻസ്പോർട് വ്യാപാര സ്ഥാപനത്തിലായിരുന്നു അദ്ദേഹത്തിനു ജോലി. ഈ പരിചയം കൃഷിയിടത്തിൽ പ്രയോഗിച്ചപ്പോൾ കൃഷി വകുപ്പും അദ്ദേഹത്തിനു പിന്തുണ നൽകി.

എലപ്പുള്ളി കൃഷി ഓഫിസർ ബി.എസ്.വിനോദ്കുമാറും സംഘവും ഇവരുടെ കൃഷി സ്ഥലം സന്ദർശിച്ചതിന്റെ തുടർച്ചയാണ് പഴുത്ത മാങ്ങ അച്ചാർ എന്ന ആശയം ഉരുത്തിരിയുന്നത്. പറമ്പിൽ നീലം, സിന്ദൂരം, ബംഗനപ്പള്ളി തുടങ്ങിയ മാങ്ങയിനങ്ങൾ കൃഷി ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ബി.എസ്.വിനോദ്കുമാർ ഇരുവരെയും കൃഷി കൂട്ടത്തിലേക്കു എത്തിച്ചു.

പതിവ് അച്ചാർ ചേരുവകളില്ലാതെ മാമ്പഴത്തിന്റെ തനത് രുചി നഷ്ടപ്പെടാത്ത രീതിയിലാണു അച്ചാർ പാകപ്പെടുത്തുന്നത്. ‘കേരള അഗ്രോ’ ബ്രാൻഡിന്റെ കീഴിൽ രുചിക്കൂട്ട് എന്ന് പേരിട്ട പഴുത്ത മാങ്ങ അച്ചാർ വിവിധ സൂപ്പർ മാർക്കറ്റുകൾ, എക്കോ ഷോപ്പുകൾ, ഹെൽത്ത് സെന്ററുകൾ എന്നിവിടങ്ങളിൽ ലഭ്യമാണ്. നിലവിൽ മാസത്തിൽ ആയിരം ബോട്ടിലുകൾ വിൽക്കുന്നുണ്ട്. കേരള അഗ്രോ ബ്രാൻഡിംഗ് ലഭിച്ചതിനാൽ ഇനി ഓൺലൈൻ വിപണിയും പരീക്ഷിക്കാനൊരുങ്ങുകയാണും ദമ്പതികൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com