ADVERTISEMENT

ചാത്തൻ എന്ന പാവപ്പെട്ടയാൾ ദേവീസാന്നിധ്യം തിരിച്ചറിഞ്ഞ് പ്രദേശത്തെ കാഞ്ഞിയൂർ മനയ്ക്കൽ അറിയിച്ചതു പ്രകാരം കുടിവച്ച് ആരാധന തുടങ്ങിയ ഭദ്രകാളി സാന്നിധ്യമാണു ചാത്തൻ കണ്ടാർകാവ്.സ്വയംപര്യാപ്തമായ ക്ഷേത്രം എന്നു മാത്രമല്ല, എല്ലാ ക്ഷേത്രാചാരങ്ങളും കടുകിട തെറ്റാതെ കൊണ്ടുനടക്കുന്ന ഭരണസംവിധാനമാണിവിടെ. മേലേക്കാവും കീഴേക്കാവും ഉണ്ട്. മേലേക്കാവിൽ ഉഗ്രത കൂടിയ കാളിയത്രേ. താഴെ സ്വൽപം ശാന്തസ്വഭാവത്തിലും. രണ്ടിടത്തും ഉത്തമ പൂജയാണിപ്പോൾ. ചുനങ്ങാട്, വരോട്, വാടാനാംകുറിശ്ശി എന്നിവ ഉൾപ്പെട്ട രണ്ടരദേശത്തെ തട്ടകത്തമ്മയാണ്.

2 ഏക്കറോളം കൃഷിഭൂമി ഇപ്പോൾ വാങ്ങിക്കഴിഞ്ഞു. ഇവിടെ കൃഷി ചെയ്തുണ്ടാക്കുന്ന നെല്ലു കുത്തി അരിയാക്കുന്നതാണു നിവേദ്യത്തിന് ഉപയോഗിക്കുന്നത്. മിച്ചം വരുന്ന നെല്ല് അരിയാക്കി ആവശ്യക്കാർക്കു നൽകും. സിന്ധിപ്പശുവും വെച്ചൂർ പശുവും കാസർകോടൻ കുള്ളത്തിയുമുള്ള ഗോശാലയുണ്ട്. പൂജയുടെ ആവശ്യങ്ങൾക്കു ശേഷം മിച്ചം വരുന്ന പാലും തൈരും നെയ്യും ഭക്തർക്കു നൽകുന്നു.

എല്ലാ മുപ്പട്ടു ഞായറും തന്ത്രി പനാവൂർ നമ്പൂതിരി പ്രത്യേകം പൂജ നടത്തും. നവകം, പഞ്ചഗവ്യം, അഭിഷേകം എന്നിവയും നടത്തും. മറ്റൊരു പ്രത്യേകത കൂടി ഇവിടെയുണ്ട്. ഗുരുവായൂർ മുൻ മേൽശാന്തിയും തന്ത്രിയുമായ തിയ്യന്നൂർ ശങ്കരനാരായണൻ പ്രമോദ് നമ്പൂതിരി ആണ് ഇവിടത്തെ മേൽശാന്തി. പാവക്കൂത്തും കളമെഴുത്തുപാട്ടും നടത്തുന്ന ക്ഷേത്രമാണിത്.മീനത്തിൽ മകം നക്ഷത്രം രാത്രി 12 മണിക്കു വരുന്ന ദിവസം കൂത്ത് കൂറയിടും. 14 ദിവസത്തെ കൂത്ത് അവസാനിക്കുന്ന ദിവസമാണ് ആനയില്ലാ താലപ്പൊലി. കാഞ്ഞിയൂർ മനക്കൽ നിന്നും വരോട് വിഷ്ണു ക്ഷേത്ര പരിസരത്തു നിന്നും 2 പാനകൾ കഴിഞ്ഞു കാവു കയറും. പിന്നെ ചെറുവേലകൾ സുലഭം.

കൂത്ത് കൂറയിടുന്നതിന്റെ തലേന്നാൾ അവസാനിക്കുന്നവിധം കളംപാട്ട് ഉത്സവം നടക്കും. വൃശ്ചികത്തിലെ കാർത്തിക നാൾ കാലത്ത് തട്ടകത്തിലെ അമ്മമാർ ക്ഷേത്രപരിസരത്തു മുഴുവൻ തിരുപുറത്തുവയ്ക്കൽ നടത്തും – ഇപ്പോഴത്തെ പൊങ്കാല. പ്രത്യേകതയുണ്ട് അതിനും. ഭക്തർ അമ്മയ്ക്കു നേരിട്ടു നിവേദിക്കയാണ്, ശാന്തിക്കാരനല്ല.ഉപദേവന്മാർ ഇല്ലാത്ത ക്ഷേത്രമാണ്. എന്നാൽ പുറത്തു ഭൈരവനുണ്ട്. നിത്യവും നിവേദ്യവും ഭക്തർ പ്രാർഥിക്കുന്ന പ്രകാരം അപ്പം, അട എന്നിവയോടെ പ്രത്യേക പൂജയും പതിവുണ്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com