ADVERTISEMENT

അതിപുരാതനവും ഒട്ടേറെ സവിശേഷതകൾ ഉള്ളതുമായ ക്ഷേത്രമാണു വെള്ളിനേഴി ചെങ്ങണിക്കോട്ടുകാവ് ദുർഗാ ഭഗവതി ക്ഷേത്രം. സ്വയംഭൂവായ ശില രണ്ടായി പിരിഞ്ഞ്, ഒരു ഭാഗത്തു പടിഞ്ഞാറേ നടയിൽ മൂകാംബികയും മറുഭാഗത്തു കിഴക്കേനടയിൽ വനദുർഗയും. കിഴക്കേ നട വർഷത്തിൽ വിഷു ദിവസം മാത്രം തുറക്കും (പുലർച്ചെ 5 മുതൽ 7 വരെ മാത്രം). രായിരനെല്ലൂരിൽ മലമുകളിൽ നാറാണത്തു ഭ്രാന്തനു ദർശനം നൽകിയ ശേഷം ദേവി ഇവിടെ പ്രത്യക്ഷയായി എന്നാണ് ഐതിഹ്യം. ചെങ്ങണാംപുല്ലുകൾ നിറഞ്ഞു കാടു പോലുള്ള പ്രദേശമായിരുന്നു ഇത്. ചെങ്ങണാംകാട്ടിലുള്ള ദേവി പിന്നീട് ചെങ്ങണിക്കോട്ടുകാവ് ഭഗവതിയായി എന്നാണ് സങ്കൽപം.

ക്ഷേത്രത്തിൽ ആനകളെ എഴുന്നള്ളിക്കുന്ന പതിവില്ല. ദേവി കന്യകയാണെന്ന സങ്കൽപത്തിൽ ഇവിടെ വിവാഹവും പാടില്ലെന്നാണു വിശ്വാസം. നവരാത്രി, വൃശ്ചികമാസത്തിലെ തൃക്കാർത്തിക എന്നിവയാണു പ്രധാന വിശേഷങ്ങൾ. എഴുത്തിനിരുത്തൽ വളരെ പ്രധാനമാണ്. നവരാത്രി ഉത്സവം പ്രമാണിച്ച് 9 ദിവസവും കലാപരിപാടികൾ, നിറമാല, പ്രസാദഊട്ട് മുതലായവ ഉണ്ടാകും. പൂമൂടൽ, കഠിനപായസം, ഉദയാസ്തമനപൂജ, ചതുഃശ്ശതം തുടങ്ങിയവയാണു പ്രധാന വഴിപാടുകൾ. ഉപദേവതകളായി ഗണപതി, ശാസ്താവ്, ക്ഷേത്രപാലൻ എന്നീ പ്രതിഷ്ഠകളുണ്ട്. പാഴിയോടു ഭട്ടതിരിയാണ് ഊരാണ്മ. ഇളമന ശ്രീധരനുണ്ണി നമ്പൂതിരിയാണു നിലവിലെ ക്ഷേത്രം തന്ത്രി. 

ദുർഗാ ഭഗവതിയുടെ ചൈതന്യം മനസ്സിലാക്കിയ ഒരു ഋഷിവര്യൻ ക്ഷേത്രത്തിനു സമീപം കിഴക്ക് ഒരു ശിവക്ഷേത്രം സ്ഥാപിച്ചെന്നും അവിടെ കുളിച്ചു തൊഴുതു വേണം ദേവീദർശനം നടത്താനെന്നും വിശ്വസിച്ചുവരുന്നു. ശിവക്ഷേത്രത്തിൽ നാഗപ്രതിഷ്ഠയുമുണ്ട്. ശിവരാത്രി ആഘോഷവും ഇവിടെ വളരെ പ്രധാനമാണ്. 108 കുടം, 1008 കുടം ധാര, പ്രദോഷപൂജ എന്നീ വിശേഷാൽ വഴിപാടുകളും എല്ലാ ആയില്യം നാളിലും പൂജയുമുണ്ട്. ഇക്കൊല്ലം 30ന് അഷ്ടദ്രവ്യമഹാഗണപതിഹോമവും ഓഗസ്റ്റ് 6ന് മഹാമൃത്യുഞ്ജയഹോമവും നടക്കും. 

2011ൽ നടത്തിയ അഷ്ടമംഗലദേവ പ്രശ്നത്തിൽ ഈ ക്ഷേത്രത്തിനു മൂവായിരത്തിലധികം വർഷങ്ങളുടെ പഴക്കമുണ്ടെന്നാണു പറഞ്ഞത്. മലബാർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രത്തിന്റെ ഭരണച്ചുമതല നാലംഗ ട്രസ്റ്റി അംഗങ്ങൾക്കാണ്. വാദ്യപ്രധാനമാണ് ഈ ക്ഷേത്രം. ഇവിടെയാണു കഥകളിച്ചെണ്ടയുടെ കുലപതി  കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ ഏഴാം വയസ്സിൽ ചെണ്ട കൊട്ടി അരങ്ങേറിയത്. 

ക്ഷേത്രത്തിലേക്കുള്ള വഴി: 

ചെർപ്പുളശ്ശേരി - പാലക്കാട് സംസ്ഥാന പാതയിലെ മാങ്ങോട് സെന്ററിൽ നിന്നു വെള്ളിനേഴി റൂട്ടിൽ 2 കിലോമീറ്റർ അകലെ ഒളപ്പമണ്ണ മനയ്ക്കു സമീപമാണു ക്ഷേത്രം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com